Malayalam
അഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി… പക്ഷെ നീ തന്നിട്ടുപോയ ഓര്‍മ്മകള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ തിളങ്ങുന്നു; ബാലഭാസ്‌കറിന്റെ ഓര്‍മ്മയില്‍ സുഹൃത്തുക്കളും ബന്ധുക്കളും
അഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി… പക്ഷെ നീ തന്നിട്ടുപോയ ഓര്‍മ്മകള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ തിളങ്ങുന്നു; ബാലഭാസ്‌കറിന്റെ ഓര്‍മ്മയില്‍ സുഹൃത്തുക്കളും ബന്ധുക്കളും
മലയാളികള്‍ക്ക് ബാല ഭാസ്‌ക്കര്‍ ഇന്നുമൊരു നോവാണ്. സംഗീത ലോകത്തു നിന്നും ആ വയലിന്‍ നാദം നിലച്ചിട്ട് 5 വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസം. രാജ്യത്തും പുറത്തും നിരവധി വേദികളിലൂടെ ബാലഭാസ്‌കര്‍ തീര്‍ത്ത മാന്ത്രിക സംഗീതം ഇന്നും ആരാധകരുടെ മനസിലുണ്ട്. സഹപാഠികളും സുഹൃത്തുകളും ആരാധകരും ബന്ധുക്കളും എല്ലാം ഇപ്പോഴും ബാലഭാസ്‌കറിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാവാതെയാണ് കഴിയുന്നത്.
അമ്മാവന്‍ ബി.ശശികുമാര്‍ പകര്‍ന്ന് നല്‍കിയ ശുദ്ധ സംഗീതത്തിന്റെ കരുത്തിലായിരുന്നു ബാലഭാസ്‌കറിന്റെ സംഗീത പരീക്ഷണങ്ങള്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സഹപാഠികള്‍ക്കൊപ്പം സര്‍വകലാശാല യുവജനോത്സവങ്ങളില്‍ മികവുകാട്ടി ബാലഭാസ്‌കര്‍ പിന്നെ സംഗീതലോകത്ത് ഉയരങ്ങളിലേക്ക് പോകുന്നതാണ് കണ്ടത്. അഞ്ച് വര്‍ഷം മുമ്പ് പള്ളിപ്പുറത്തെ വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും വിടപറഞ്ഞത്. അപകടത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും വേര്‍പാടുണ്ടാക്കിയ ആഘാതത്തിലാണ് ഭാര്യ ലക്ഷ്മിയുടെ ജീവിതം. ബാലഭാസ്‌കറിന്റെ വേര്‍പാടിന് ശേഷം ഒരിക്കല്‍ പോലും ലക്ഷ്മി വീട് വിട്ട് പുറത്തേക്ക് വന്നിട്ടില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ബാലഭാസ്‌കറിന്റെ ഓര്‍മദിനത്തില്‍ സംഗീതജ്ഞനും ഗായകനുമെല്ലാമായ സ്റ്റീഫന്‍ ദേവസി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി… പക്ഷെ നീ തന്നിട്ടുപോയ ഓര്‍മ്മകള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ തിളങ്ങുന്നു എന്നാണ് ബാലഭാസ്‌കറിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സ്റ്റീഫന്‍ ദേവസി കുറിച്ചത്.
സ്റ്റീഫന്റെ കുറിപ്പില്‍ തന്നെ ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാണെന്നും ബാലഭാസ്‌കറിന്റെ വേര്‍പാട് വളരെ വേഗത്തിലായി എന്നുമാണ് കമന്റുകള്‍ ഏറെയും വന്നത്. ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒട്ടനവധി സംഭാവനകള്‍ സംഗീത ലോകത്തിന് തരാന്‍ ബാലഭാസ്‌കറിന് സാധിക്കുമായിരുന്നു. ബാലഭാസ്‌കര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഒപ്പം ഒരു വയലിനും മലയാളികളുടെ മനസില്‍ തെളിയും. ശരീരത്തിലെ ഒരവയവം എന്നപോലെയായിരുന്നു ബാലഭാസ്‌കറിന് വയലിന്‍.
ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്നാകും ആരാധകര്‍ അടക്കം പലരും വ്യത്യസ്തമായ വയലിനുകള്‍ കാണുന്നത്. വേദികളില്‍ ആരാധകരുടെ സ്വന്തം ബാലു ഇന്ദ്രജാലം തീര്‍ക്കുമ്പോള്‍ ആ നിര്‍വൃതിയില്‍ കണ്ണുനിറയുന്ന നിരവധി കാണികളുണ്ടായിരുന്നു. അത്രമാത്രം ഹൃദ്യമായിരുന്നു ബാലുവിന്റെ സംഗീതം. അത് ഹൃദയങ്ങളെയാണ് ചെന്നുതൊട്ടത്. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയത് ബാലഭാസ്‌കര്‍ ആയിരുന്നു. ഫ്യൂഷന്‍ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളില്‍ വിരിഞ്ഞത്.
എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന സുന്ദര ഗാനങ്ങള്‍ ബാലു വയലിനില്‍ മീട്ടുമ്പോള്‍ കേള്‍ക്കുന്നവര്‍ അതില്‍ അലിഞ്ഞ് ഇല്ലാതെയാകുന്നു. കണ്ണുകള്‍ പൂട്ടി ചെറുചിരിയോടെ ബാലഭാസ്‌കര്‍ വേദിയില്‍ സംഗീതത്തിന്റെ മായികലോകം തീര്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയെന്ന് ലോകമെമ്പാടുമുള്ള പാട്ടാസ്വാദകര്‍ പറഞ്ഞുകൊണ്ടേയിരുന്നു. വേദികളിലും അഭിമുഖങ്ങളിലുമൊക്കെ ലാളിത്യം നിറഞ്ഞ ഭാവമായിരുന്നു ബാലഭാസ്‌കറിന്. പക്ഷെ പറയാനുള്ളത് പലതും തുറന്ന് പറയുകയും ചെയ്തിരുന്നു. വ്യക്തിപരമായും കലാരംഗത്തും നേരിടേണ്ടി വന്ന പലതിനെ പറ്റിയും ബാലഭാസ്‌കര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
മരിക്കുമ്പോള്‍ നാല്‍പ്പത് വയസായിരുന്നു ബാലഭാസ്‌കറിന്റെ പ്രായം. അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. അപകടശേഷം ആറ് ദിവസമാണ് ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞത്. പിന്നീട് അദ്ദേഹത്തെ മരണം കീഴ്‌പ്പെടുത്തുകയായിരുന്നു. മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായക രംഗത്തേക്ക് കടന്ന ബാലഭാസ്‌കര്‍ മലയാളം സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകന്‍ കൂടിയായിരുന്നു.
അന്ന് 17 വയസ് മാത്രമായിരുന്നു ബാലഭാസ്‌കറിന് പ്രായം. അദ്ദേഹം സംഗീതം നല്‍കിയ നിനക്കായ്, ആദ്യമായ് തുടങ്ങിയ ആല്‍ബങ്ങള്‍ ഇപ്പോഴും സംഗീത പ്രേമികള്‍ നെഞ്ചിലേറ്റുന്നവയാണ്. ഉസ്താദ് സാക്കിര്‍ ഹുസൈന്‍, ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ഹൈദരാലി, വിക്കു വിനായക് റാം, ഹരിഹരന്‍ തുടങ്ങീ ഒട്ടനവധി സംഗീത പ്രതിഭകളുമായി വേദി പങ്കിടാന്‍ ബാല ഭാസ്‌കറിനായി. എ. ആര്‍ റഹ്മാനെ വളരെയധികം സ്‌നേഹിക്കുന്ന ബാല ഭാസ്‌കര്‍, എ. ആര്‍ റഹ്മാന്‍ തന്നെ തിരുവനന്തപുരത്ത് വെച്ച് തിരിച്ചറിഞ്ഞതിനെ പറ്റി എപ്പോഴും പറയാറുണ്ട്. 2008 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ‘ബിസ്മില്ല ഖാന്‍ യുവ പുരസ്‌ക്കാരവും’ ബാല ഭാസ്‌കര്‍ നേടിയിരുന്നു.
2018 ല്‍ തിരുവനന്തപുരത്തെ പള്ളിപുറത്ത് വെച്ച് നടന്ന ഒരു കാര്‍ അപകടത്തിലാണ് ഭാര്യ ലക്ഷ്മിയെ തനിച്ചാക്കി ബാല ഭാസ്‌ക്കറും മകള്‍ തേജ്വസിനി ബാലയും ഈ ലോകത്തോട് വിടപറഞ്ഞത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകള്‍ തേജസ്വിനി പിറന്നത്. അപകടം നടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ മടിയിലായിരുന്നു കുഞ്ഞ്. ഈ അപകടത്തിന് പിന്നാലെ ഇത് സ്വാഭാവിക അപകടമല്ലെന്നും പിന്നില്‍ വമ്പന്‍ ശക്തികള്‍ ഉണ്ടെന്ന തരത്തിലും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് അമിത വേഗതയില്‍ സംഭവിച്ച അപകടമാണെന്നും ഡ്രൈവര്‍ ഉറങ്ങി പോയതാണ് കാരണമെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇന്നും പല ആരാധകരും ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു.