നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ആരാധകരോട് സംവധിക്കാനും സമയം കണ്ടെത്താറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഒന്ന് നേരില്‍ കാണുന്നത് സ്വപ്‌നം കണ്ട് കഴിയുന്നവരാണ് പലരും. എന്നാല്‍ സാക്ഷാല്‍ ഷാരൂഖ് ഖാനെ കാണണമെന്നും ഒന്ന് പരിചയപ്പെടണമെന്നുള്ള ആഗ്രഹം വെറും 33 ദിവസം കൊണ്ട് സാധിച്ചിരിക്കുകയാണ് ഒരു യുവാവ്.
കണ്ടന്റ് ക്രിയേറ്ററായ ആകാശ് പിള്ളയാണ് കിങ് ഖാന്റെ വീടിന് മുന്നില്‍ കാത്തുനിന്ന് തന്റെ ആഗ്രഹം സാധിച്ചത്. ഷാരുഖ് ഖാനെ ഒന്നുപരിചയപ്പെടണമെന്ന ആഗ്രഹം മാത്രമായിരുന്നു ആകാശിന് ഉണ്ടായിരുന്നത്. 33 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ അത് സാധ്യമായതോടെ യുവാവ് സാമുഹിക മാധ്യമത്തില്‍ താരമായി.
ഷാരൂഖിന്റെ മുംബൈയിലെ വസതിയ്ക്ക് പുറത്ത് ദിവസങ്ങളോളം കാത്തുനില്‍ക്കുകയായിരുന്നു. അതിന് മുന്‍പും ഷാരൂഖിനെ കാണാന്‍ ആകാശ് പല ശ്രമങ്ങളും നടത്തിയിട്ടുണ്ടായിരുന്നു. ഫിലിം സിറ്റിയില്‍ പോകുക, ജവാന് വേണ്ടി നടത്തിയ പ്രസ് ഇവന്റില്‍ പോവുക, ജവാന്‍ കാണാന്‍ ഒരു തിയേറ്റര്‍ മുഴുവന്‍ ബുക്ക് ചെയ്യുക എന്നിങ്ങനെ സൂപ്പര്‍സ്റ്റാറിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ദിവസങ്ങളായി ആകാശ് പല വഴികളും പരീക്ഷിച്ചു.
ഒടുവില്‍, എസ്ആര്‍കെയുടെ മാനേജര്‍ പൂജ ദദ്‌ലാനിയുടെ ശ്രദ്ധയില്‍ പെട്ടു, അങ്ങനെയാണ് ആകാശ് പിള്ളയും എസ്ആര്‍കെയും തമ്മില്‍ ഒരു ചെറിയ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഷാരൂഖിനെ നേരിട്ട് കണ്ട സന്തോഷത്തിലാണ് ആകാശ്. ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച അനുഭകഥ ഷാരുഖ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ ആകാശ് താരമായിരിക്കുകയാണ്.