Malayalam
ബാലുവിന്റെ സാധനങ്ങള്‍ക്കായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയ സ്ത്രീയും പുരുഷനും.., ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹയുയര്‍ത്തുന്ന 20 വസ്തുതകള്‍!
ബാലുവിന്റെ സാധനങ്ങള്‍ക്കായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയ സ്ത്രീയും പുരുഷനും.., ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹയുയര്‍ത്തുന്ന 20 വസ്തുതകള്‍!
സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വാഹനാപകടം വെറും അപകടമാണോ അതോ കരുതിക്കൂട്ടി പ്ലാന്‍ ചെയ്ത അപകടമാണോ എന്നുള്ള സംശയമാണ് ആദ്യം മുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ സിബിഐ തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി എന്നിവരും കേസിലെ സാക്ഷി സോബി ജോര്‍ജും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ദ്ദേശം. അപകടത്തെക്കുറിച്ച് ഹര്‍ജിക്കാര്‍ ഉന്നയിച്ച സംശയങ്ങളില്‍ 20 എണ്ണം പ്രാധാന്യമുള്ളതാണെന്ന് ഹൈക്കോടതി വിലയിരുത്തുകയും ചെയ്തിരിക്കുകയാണ്.
ഹര്‍ജിക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം സിബിഐക്കു വിട്ടിരുന്നു. എന്നാല്‍് 2021 ജനുവരി 27ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇത് റോഡപകടമാണെന്ന് സിബിഐ അന്തിമ റിപ്പോര്‍ട്ടും നല്‍കി. റിപ്പോര്‍ട്ടില്‍ ദുരൂഹതകളുണ്ടെന്നും തുടരന്വേഷണം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ചില വ്യക്തികളെ ചുറ്റിപ്പറ്റി സംശയം നിലനില്‍ക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ അടുത്ത സഹായി പ്രകാശ് തമ്പി, അപകടത്തെക്കുറിച്ച് ആദ്യമറിഞ്ഞവരില്‍ ഒരാളായ ജിഷ്ണു, െ്രെഡവര്‍ അര്‍ജുന്റെ സുഹൃത്തും മുന്‍ തൊഴില്‍ ഉടമയുമായ വിഷ്ണു സോമസുന്ദരം, ലത രവീന്ദ്രനാഥ് എന്നിവരെ ചുറ്റിപ്പറ്റിയാണ് ആരോപണം ഉയരുന്നത്.
1. വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാലഭാസ്‌ക്കറും കുടുംബവും തൃശൂരില്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അതു റദ്ദാക്കി ബാലഭാസ്‌കറും കുടുംബവും രാത്രി തന്നെ തിരിക്കുകയായിരുന്നു. സംഗീത സംവിധായകന്‍ അക്ഷയ് വര്‍മ്മയുമായി കൂടിക്കാഴ്ചയുണ്ടെന്നും അതിനു പോകണമെന്നുമാണ് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതെന്നാണ് ലത മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ അക്ഷയ് വര്‍മ്മ ഇതു നിഷേധിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ തിരിച്ചു വരവില്‍ ദുരൂഹത ഉയര്‍ത്തുന്ന പ്രധാന വസ്തുത ഇക്കാര്യമാണെന്ന് ഹൈക്കോടതി വിലയിരുത്തുന്നു.
2. സെപ്തംബര്‍ 25നു പുലര്‍ച്ചെ 4.15ന് അര്‍ജുനെ ലത ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പൊലീസാണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് ലത പ്രകാശ് തമ്പിക്കൊപ്പമുള്ള ജിഷ്ണുവിനെയും വിളിച്ചിരുന്നു.
3. പ്രകാശ് തമ്പിയും ജിഷ്ണുവും പുലര്‍ച്ചെ നാലരയോടെ അനന്തപുരി ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശമനുസരിക്കാതെ ബാലഭാസ്‌കറിനെയും ഭാര്യയെയും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയതും ഇവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.
4. അന്നുതന്നെ രാവിലെ 10 മണിയോടെ പ്രകാശ് തമ്പി മംഗലപുരം പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബാലഭാസ്‌കറിന്റെ മൊബൈല്‍, പഴ്‌സ് തുടങ്ങിയവ പ്രകാശ് തമ്പിയാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഒപ്പിട്ടു നല്‍കിയിരുന്നില്ല.
5. ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ പ്രകാശ് തമ്പിയുടെ കൈയിലായിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രകാശ് തമ്പി മൊബൈല്‍ നല്‍കിയില്ല.
6. 2019 മേയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് പ്രകാശ് തമ്പിയുടെ വീട്ടിലെ പൂജാമുറിയില്‍ നിന്ന് ബാലഭാസ്‌കറിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുക്കുന്നത്.
7. സ്വര്‍ണക്കടത്തു കേസില്‍ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും അറസ്റ്റിലായിട്ടുണ്ടെന്നുള്ളതും ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടി ഗൗരവമായി എടുത്തിട്ടുണ്ട്.
8. അപകടത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് അപകടം നടന്ന സ്ഥലത്തിനടുത്തുള്ള എടിഎമ്മില്‍ നിന്ന് പ്രകാശ് തമ്പി 25,000 രൂപ പിന്‍വലിച്ചിരുന്നു
ബാലഭാസ്‌കറിനെയും ഭാര്യയെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രകാശ് തമ്പിക്ക് ധൃതിയുണ്ടായിരുന്നതായി സംശയമുണ്ട്.
9. ബാലഭാസ്‌കറിനെ ആശുപത്രി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധുവും എസ്യുടിയിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അനൂപ് ചന്ദ്രനെ പ്രകാശ് തമ്പി അറിയിച്ചിരുന്നുമില്ല.
10. ബാലഭാസ്‌കറിനെ അനന്തപുരിയിലേക്ക് മാറ്റിയ ശേഷമാണ്.ആശുപത്രി മാറ്റിയ വിവരം മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കുന്നത്.
11. ബാലഭാസ്‌കര്‍ മരിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രകാശ് തമ്പിയുടെ പെരുമാറ്റം നാടകീയവും സംശയകരവുമായിരുന്നെന്ന് ഡോ. അനൂപ് മൊഴി നല്‍കിയിരുന്നു.
12. ബാലഭാസ്‌കറിനു അപകടം സംഭവിച്ചശേഷമുള്ള തമ്പിയുടെ നീക്കങ്ങള്‍ വലിയ രീതിയില്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. യാത്രക്കിടെ ബാലഭാസ്‌കര്‍ ജ്യൂസ് കഴിച്ച കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി പ്രകാശ് തമ്പി ഒരു ടെക്‌നീഷ്യനെയും മറ്റൊരാളെയും കൂട്ടി കൊല്ലത്തേക്ക് യാത്ര നടത്തിയിരുന്നു.
13. പ്രകാശ് തമ്പിയും ടെക്‌നീഷ്യനും സിസി.ടിവി പരിശോധിച്ചെന്നും ജ്യൂസ് കടയുടമ മൊഴി നല്‍കിയിട്ടുണ്ട്. ശേഷം ഒന്നും കണ്ടെടുക്കാനായില്ലെന്നു പറഞ്ഞു പുറത്തേക്ക് പോയെന്നും അയാള്‍ പറഞ്ഞിരുന്നു.
14. അപകടസ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബാലഭാസ്‌കറിന്റെ സാധനങ്ങള്‍ വിട്ടുകിട്ടാനായി ഒരു സ്ത്രീയും പുരുഷനും മംഗലപുരം പൊലീസ് സ്‌റ്റേഷനിലെത്തിയിരുന്നു.
15. ബാലഭാസ്‌കറിന്റെ ഫോണ്‍ സെപ്തംബര്‍ 25 ന് രാവിലെ 7.14 ന് മംഗലപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ചും രാവിലെ 7.35 ന് പേട്ട ജംഗ്ഷനില്‍ വച്ചും കാള്‍ സ്വീകരിച്ചതായും തെളിവുകളുണ്ട്.
16. ബൊലഫാസ്റ്റിന്റെ ഫോണില്‍ കോളുകള്‍ വന്ന സമയത്ത് പ്രകാശ് തമ്പി മംഗലപുരം, കഴക്കൂട്ടം ടവറുകളുടെ പരിധിയിലുണ്ടായിരുന്നു.
17. ബാലഭാസ്‌കറിന്റെ െ്രെഡവര്‍ അര്‍ജുന് രണ്ട് എടിഎം കവര്‍ച്ചാ കേസുകളടക്കം ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു എന്നും തെളിവുകള്‍ പുറത്തുവന്നിരുന്നു.
18. 94 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. എന്നാല്‍ അര്‍ജുന് സംഭവിച്ച പരിക്കുകള്‍ നിസ്സാരമായിരുന്നു.
19. ബാലഭാസ്‌കറിനെ ആശുപത്രി മാറ്റിയ ശേഷം അനന്തപുരി ആശുപത്രിയില്‍ വച്ച് ബാലഭാസ്‌കറിന്റെ വിരലടയാളം പ്രകാശ് തമ്പി എടുത്തിരുന്നു.
20. സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്ന ആകാശ് ഷാജിയും തമ്പിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സെപ്തംബര്‍ 24 ന് രാത്രി 10.30 ന് പ്രകാശ് തമ്പിയെ ഫോണില്‍ വിളിച്ച് എട്ടര മിനിട്ടു സംസാരിച്ചിരുന്നു എന്നും ഫോണ്‍ രേഖകള്‍ പറയുന്നുണ്ട്.
