general
ചികിത്സയിലിരിക്കുന്ന ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാനായി അദ്ദേഹത്തിന് തന്നെ വേണ്ടപ്പെട്ടവര്‍ എത്തിയിരുന്നു; എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കണമെന്ന് ബൈജു കൊട്ടാരക്കര
ചികിത്സയിലിരിക്കുന്ന ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാനായി അദ്ദേഹത്തിന് തന്നെ വേണ്ടപ്പെട്ടവര്‍ എത്തിയിരുന്നു; എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കണമെന്ന് ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ കൂറുമാറ്റാനുള്ള ശ്രമം അതിശക്തമായി നടന്നുവെന്ന് സംവിധായന്‍ ബൈജു കൊട്ടാരക്കര. അസുഖബാധിതനായി കോടതിയില്‍ ഇരിക്കുമ്പോഴും ബാലചന്ദ്രകുമാര്‍ പറയാറുണ്ടായിരുന്നത് ഞാന്‍ മരിക്കുവോളം എന്തും തുറന്ന് പറയുമെന്നായിരുന്നു. വളരെ ഗുരുതരമായ, അതായത് കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹം. രണ്ട് കിഡ്‌നിക്കും കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ചികിത്സയിലിരിക്കുന്ന ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാനായി അദ്ദേഹത്തിന് തന്നെ വേണ്ടപ്പെട്ടവര്‍ എത്തിയിരുന്നു. അവരുടെ പേരുകള്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിട്ടില്ല. ആരാണ് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ചെന്നത്. എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കേണ്ടതാണ്.
പറയേണ്ടിയിരുന്ന മൊഴികള്‍ എല്ലാം തന്നെ ബാലചന്ദ്രകുമാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഇനി കൂടിപ്പോയാല്‍ ഒരു നാല് ദിവസം കൂടി നീണ്ട് നില്‍ക്കുന്ന വിചാരണ മാത്രമേ ഉണ്ടാവുകയുള്ളു. ഈ നാല് ദിവസത്തിനിടെ വിചാരണക്കിടയില്‍ ബാലചന്ദ്രകുമാറിന്റെ മനസ്സ് മാറ്റാനുള്ള പ്രലോഭനങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതില്‍ അദ്ദേഹം വീഴുമെന്നാണ് അങ്ങോട്ട് ചെല്ലുന്ന ആള്‍ കരുതുന്നെങ്കില്‍ അവര്‍ക്ക് തെറ്റി.
അത്തരം ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങുന്ന ആളല്ല അദ്ദേഹം. ബാലചന്ദ്രകുമാര്‍ ഇപ്പോഴും ആണയിട്ട് പറയുന്നത് നാല് ദിവസത്തെ വിചാരണ കഴിഞ്ഞ് ഞാന്‍ മരിച്ച് പോയാലും പ്രശ്‌നമില്ലെന്നാണ്. അതിന് മുമ്പ് ഇതിലെ സത്യങ്ങള്‍ പുറത്ത് വരണം എന്നുള്ള ഒറ്റ ആഗ്രഹമേ അദ്ദേഹത്തിനുള്ള. അതുകൊണ്ടാണ് പറയുന്നത് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ആളെ വിട്ടിട്ട് കാര്യമില്ലെന്ന്.
ആരാണ് ആളെ വിട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതൊന്നും ബാലചന്ദ്രകുമാറിന്റെ അടുത്ത് ചിലവാകില്ല എന്നുള്ളതാണ് സത്യം. അസുഖ ബാധിതനായ ബാലചന്ദ്രകുമാറിനെ സ്വാധീനിച്ച് കുറച്ച് പണം കൊടുത്തും, സിനിമകള്‍ വാഗ്ദാനം ചെയ്തും അദ്ദേഹത്തിന്റെ വാക്ക് മാറ്റാം എന്ന് കരുതിയെങ്കില്‍ നിങ്ങളുടെ സമയം പാഴാവും.
അത്തരം വാഗ്ദാനങ്ങള്‍ക്ക് വഴങ്ങുന്ന ആളാണെങ്കില്‍ ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ അത് ചെയ്യുമായിരുന്നു. പലതവണയായി പല ആളുകള്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആരും കുറ്റ് ചെയ്തില്ലെങ്കില്‍ എന്തിനാണ് ഒരു സാക്ഷിയുടെ പുറകെ ഇങ്ങനെ പോവുന്നത്. കുറ്റം ചെയ്തു എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ഒരു സാക്ഷിയെ സ്വാധീനിക്കാനും പ്രലോഭിപ്പിക്കാനും ചെല്ലുന്നത് എന്നും ബൈജു കൊട്ടാരക്കര അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
അതേസമയം, ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം ഏഴ് മുതല്‍ 10 വരെ തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വിസ്താരം നടക്കുക. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് വിസ്തരിക്കാന്‍ അനുമതിയായിരിക്കുന്നത്.
പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ച് നില്‍ക്കുന്നുവെന്നും പകുതി വഴിയ്ക്ക് വെച്ച് പിന്മാറില്ലെന്നും പറയുകയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ചികിത്സയില്‍ കഴിയുന്ന ബാലചന്ദ്ര കുമാറിന് രണ്ടാം ഘട്ട വിസ്താരത്തിന് ഹാജരാകാന്‍ സാധിച്ചിട്ടില്ല. ചികിത്സ ചിലവേറിയതാണ് എന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ‘ നവംബര്‍ പകുതിയോടെയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ വരുന്നത്. ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തു. ചില പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി ആശുപത്രിയിലേയ്ക്ക് വരണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടെയാണ് നവംബര്‍ 23 മുതല്‍ വിചാരണ ആണെന്ന് പറഞ്ഞ് സമന്‍സ് വന്നത്. സമന്‍സ് വന്നാല്‍ കോടതിയെ അനുസരിക്കുക എന്നതല്ലാതെ വേറെ വഴിയില്ല. പത്ത് പന്ത്രണ്ട് ദിവസം കൊണ്ട് തീരുമെന്നുളള പ്രതീക്ഷയില്‍ താന്‍ വിചാരണയ്ക്ക് പോയി.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ നവംബര്‍ 23ന് തുടങ്ങിയ വിചാരണ ഡിസംബര്‍ 31 വരെ ആയിട്ടും 10 ദിവസത്തോളമേ തന്നെ വിസ്തരിക്കാന്‍ സാധിച്ചുളളൂ. ഒന്നര മാസത്തിനിടെ മൂന്ന് ഘട്ടമായി വിസ്തരിച്ചു. ആ സമയത്ത് ആശുപത്രിയിലും പോകാനായില്ല. ഈ സമയത്ത് അസുഖം കൂടി വന്നു. കോടതിയില്‍ രാവിലെ പോയാല്‍ രാത്രി 8 വരെ നീളുന്ന വിചാരണ ആവും. ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
കോടതിയെ കാര്യം അറിയിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തീരും എന്നുളള പ്രതീക്ഷയില്‍ ആയിരുന്നു താന്‍. ഒരു ദിവസം വൈകിട്ട് തനിക്ക് നിവൃത്തി ഇല്ലാത്ത അവസ്ഥ വന്നു. താന്‍ കോടതിയോട് പറഞ്ഞു ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ആശുപത്രിയില്‍ പോകാന്‍ അനുമതി വേണമെന്നും. നാളെയാകട്ടെയെന്ന് കോടതി പറഞ്ഞു പിറ്റേന്നും വിചാരണ വെച്ചു. അന്ന് കോടതി എതിര്‍ഭാഗം അഭിഭാഷകരോട് ചോദിച്ച ശേഷം അനുമതി നല്‍കി.
പിറ്റേന്ന് ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചു. ഒരു മാസം ആശുപത്രിയിലായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ആശുപത്രി വാസം ആയിരുന്നു. കോടതിയില്‍ ധരിപ്പിച്ച കാര്യങ്ങളിലൊക്കെ നൂറുശതമാനം തൃപ്തനാണ്. അതില്‍ വിഷമം ഇല്ല. ഇനി പറയാനിരിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇനിയുളള ദിവസങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുളളൂ, ഈ വിചാരണയെങ്കിലും പൂര്‍ത്തിയാക്കുന്നത് വരെ ഒന്നും സംഭവിക്കല്ലേ എന്ന്. എന്ത് ദൗത്യമാണോ മനസ്സില്‍ ഉളളത് അത് പൂര്‍ത്തിയാക്കണം എന്ന ആഗ്രഹമാണുളളത്. പകുതി വഴിക്ക് വെച്ച് പിന്‍മാറില്ല എന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.
