Malayalam
കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പൾസർ സുനി; ദിലീപിന് വലിയ ആഘാതം
കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പൾസർ സുനി; ദിലീപിന് വലിയ ആഘാതം
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസിന്റെ അന്തിമവാദം ആരംഭിച്ചു കഴിഞ്ഞു.
ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വേളയിൽ പൾസർ സുനിയുടെ മൊഴികൾ കേസിൽ ദിലീപിന് കൂടുതൽ കുരുക്കാകുമെന്ന് പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിന്റെ അവസാന ഘട്ട വിചാരണ രണ്ട് മൂന്ന് ദിവസം മുൻപാണ് തുടങ്ങിയത്.
വിചാരണ നടപടികൾ തുറന്ന കോടതിയിൽ വേണമന്ന നടിയുടെ ആവശ്യത്തിൽ ഇതുവരേയും തീരുമാനം ആയിട്ടില്ല. ഇത്രയും കാലം വിചാരണ നടന്ന സമയങ്ങളിൽ മുഴുവൻ അവിടെ നടന്ന പല കാര്യങ്ങളും പ്രതിഭാഗം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതോടെയാണ് വിചാരണ അടച്ചിട്ട കോടതിയിൽ നിന്ന് മാറ്റി തുറന്ന കോടതിയിൽ വേണമെന്ന് നടി ആവശ്യപ്പെട്ടത്.
കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ. അതുമാത്രമല്ല സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമെല്ലാം പൾസർ സുനിയെ തനിക്ക് അറിയുകയേ ഇല്ല, യാതൊരു ബന്ധവുമില്ല എന്നൊക്കെ പറഞ്ഞ ദിലീപിനും അഭിഭാഷകർക്കുമെല്ലാം പൾസർ സുനിയുടെ ഈ തുറന്ന് പറച്ചിൽ വലിയ ആഘാതമായി മാറുമെന്നാണ് മനസിലാകുന്നത്.
ഏതാണ്ട് ആറായിത്തിതൊള്ളായിരത്തോളം ഇൻക്രിമിനേറ്റിങ് ചോദ്യങ്ങളാണ് അവിടെ ചോദിച്ചിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു അഭിഭാഷകൻ പറഞ്ഞത് പ്രതിഭാഗം വക്കീൽ തന്നെ പ്രതിഭാഗത്തിന് ശിക്ഷ വാങ്ങിക്കൊടുക്കും എന്നാണ്, കാരണം പറഞ്ഞുവന്ന കാര്യങ്ങൾ എല്ലാം അങ്ങനെ ആയിപ്പോയെന്നാണ്. എന്തായാലും ഈ വിചാരണ ഉടൻ തന്നെ അവസാനിക്കും, ശിക്ഷാവിധിക്കുള്ള തീയതി പറയും.
അതിനിടയിലാണ് ഇപ്പോൾ അതിജീവിത രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് കോടതികളിൽ പരിശോധിച്ചിട്ടും യാതൊരു അന്വേഷണവും അക്കാര്യത്തിൽ നടക്കുന്നില്ലെന്ന് കാണിച്ചാണ് അതിജീവിത കത്ത് അയച്ചിരിക്കുന്നത്. വിചാരണ കോടതിയേയും ഫസ്റ്റ് ക്ലാസ് കോടതിയേയും ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിട്ടും ഇതുവരെ ഒരു തീരുമാനം ഉണ്ടാക്കാത്തതിനെ തുടർന്നാണ് നടപടി.
ഈ കേസിന്റെ വിധി എന്തായിരിക്കുമെന്ന് അറിയില്ല. പക്ഷെ ജനങ്ങളുടെ മനസിൽ ഈ കേസിൽ പ്രതിഭാഗം നടത്തിയിരിക്കുന്ന മാൽപ്രാക്ടീസുകൾക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി പറഞ്ഞേ മതിയാകൂവെന്നുമാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്.അതേസമയം, കഴിഞ്ഞ ദിവസം കേസിലെ രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൾസർ സുനി നലികിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
പ്രോസിക്യൂഷൻ സാക്ഷികളായ രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പൾസർ സുനി ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ പൾസർ സുനിയുടെ ആവശ്യം ബാലിശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് സി ജയചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. സാംപിളുകൾ ശേഖരിച്ച ഡോക്ടർ, ഫോറൻസിക് ലബോറട്ടറി അസിസ്റ്റൻഡ് ഡയറക്ടർ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പൾസർ സുനി ആവശ്യപ്പെട്ടത്.
അതിന് കാരണമായി പൾസർ സുനി ഹർജിയിൽ വ്യക്തമാക്കിയത് ഈ രണ്ട് പേരുടേയും വിസ്താര സമയത്ത് താൻ ജയിലിൽ ആയിരുന്നുവെന്നും അതുകൊണ്ട് ആ സമയത്ത് തന്റെ അഭിഭാഷകനുമായി ചർച്ച ചെയ്യാൻ സാധിച്ചില്ല എന്നുമായിരുന്നു. ഇത് വിസ്താരത്തെ ബാധിച്ചിരിക്കാനുളള സാധ്യത പരിഗണിച്ച് ഇവരെ വീണ്ടും വിസ്തരിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഫൊറൻസിക് വിദഗ്ധനെ വിസ്തരിച്ചപ്പോൾ സുനി വിചാരണക്കോടതിയിൽ ഹാജരായിരുന്നുവെന്നു കോടതി വ്യക്തമാക്കി.
