കോമഡി അത്ര സിമ്പിളല്ല, പക്ഷെ പവർഫുളാണ്!
ഏത് ഭാഷയിലായാലും സിനിമയെ പ്രേക്ഷകനുമായി അടുപ്പിക്കുന്നതിൽ തമാശ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ശുദ്ധ ഹാസ്യത്തിന് എന്നും സിനിമയിൽ വലിയ മാർക്കറ്റാണ്. ഇന്ന് മലയാള സിനിമയിൽ ശുദ്ധ ഹാസ്യം കുറഞ്ഞുപോയി എന്നോ തീരെ ഇല്ലാ എന്നോ പറയാം. കാരണം നമ്മുടെ മുന്നിലുള്ളത് തമാശ പറഞ്ഞും കാണിച്ചും നമ്മെ കുടു കുടെ ചിരിപ്പിച്ച വലിയ കലാകാരന്മാരുടെ നീണ്ട ലിസ്റ്റാണ്.60-70 കാലങ്ങളിൽ എസ് പി പിള്ളയും ബഹദൂറും അടൂർഭാസിയും ചേർന്ന് മലയാളികളെ ചിരിപ്പിച്ചു.
പിന്നീടത് പപ്പുവും മാളയും ജഗതിയും അത് ഏറ്റെടുത്തു. ഇന്നിറങ്ങുന്ന പല ട്രോളുകളിലും പഴയകാല ഹാസ്യനടന്മാരുടേ നർമ്മ സംഭാഷണമാണ് ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയം.
തലമുറകൾ കൈ മാറി കരുത്തോടേ മുന്നോട്ട് പോയ ചലച്ചിത്ര ഹാസ്യത്തിന് ഇന്ന് ഇടിവ് സംഭവിച്ചിരിക്കുന്നു. ഹാസ്യം രസിക്കാൻ പ്രേക്ഷകർ ഇല്ലാത്തതല്ല അതിനു കാരണം ശുദ്ധ ഹാസ്യം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ മികവുറ്റ കലാകാരന്മാരില്ല എന്നതാണ്.
ട്രോളുകൾക്കും മറ്റും കിട്ടുന്ന സ്വീകാര്യത പോലും സിനിമയിലെ കോമഡികൾക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
കോമഡിയെന്നാൽ ദ്വയാർത്ഥ പ്രയോഗമോ അശ്ലീല സംഭാഷണമോ അല്ലെന്ന് ഇന്നത്തെ സിനിമ പഠിക്കേണ്ടിയിരിക്കുന്നു. കഥയിൽ നിന്ന് വഴിമാറി തമാശയ്ക്ക് വേണ്ടി മാത്രം ഹാസ്യ രംഗങ്ങൾ പലപ്പോഴും പ്രേക്ഷകന് അരോചകമാകുകയാണ്. പണ്ടത്തെ പോലെ കൗണ്ടർ ഡയലോഗുകൾ ഇന്ന് ക്ളച്ച് പിടിക്കുന്നില്ല.
കഥയോട് ഇണങ്ങി നിൽക്കുന്ന കോമഡിയാണ് പ്രേക്ഷകന് സ്വീകാര്യം. ചില നായക കഥാപാത്രങ്ങൾ തന്നെ സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളായി മാറുന്ന കാഴ്ച്ച നാം കണ്ടു. മോഹൻലാലും മമ്മൂട്ടിയും ബിജു മേനോനുമൊക്കെ അത്തരത്തിൽ കോമഡി ചെയ്തും താര പ്രതിഭ ഉയർത്തിയവരാണ്.
ഒരു കാലത്ത് മലയാള സിനിമയിലേക്ക് മിമിക്രി കലാകാരന്മാരുടേ കുത്തൊഴുക്കായിരുന്നു.ജയറാമും ദിലീപും ഹരിശ്രീ അശോകനും കലാഭവൻ മണിയും കോട്ടയം നസീറുമെല്ലാം മിമിക്രിയുടെ കൈ പിടിച്ച് സിനിമാ താരങ്ങളായവരാണ്. സുരാജ്, ഹരീഷ് കണാരൻ, ധർമ്മജൻ എന്നിവർ ഇന്ന് മലയാള സിനിമയിൽ നിറ സാന്നിദ്ധ്യമാണ്.
ഒട്ടേറെ നടന്മാർ ഹാസ്യം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും പണ്ടത്തെ കോമഡിയുടെ പഞ്ച് ഇന്ന് ഉണ്ടാകുന്നില്ല. പപ്പുവിനും മാളയ്ക്കും ജഗതിയ്ക്കും ശേഷം ഒരു നല്ല ഹാസ്യ നടനായി മലയാളികൾ ഇന്നുംകാത്തിരിക്കുകയാണ്.
