വിജയശ്രീയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി രാഘവന്‍
1970കളിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന ഒരു നടിയായിരുന്നു വിജയശ്രീ. ഒരു കാലത്ത് മലയാളത്തിലെ ‘മർലിൻ മൺ റോ’ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. വിജയശ്രീ മരിച്ച സമയത്ത് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു സിനിമാതാരവും എത്തിയില്ലെന്ന് നടന്‍ രാഘവന്റെ വെളിപ്പെടുത്തൽ. സാധാരണ ഒരു സഹപ്രവര്‍ത്തക മരണപ്പെടുമ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് മരണവീട്ടിലേക്ക് പോകുകയാണ് സിനിമാസെറ്റുകളില്‍ പതിവെന്നും, സഹപ്രവര്‍ത്തകരുടെ ഈ പ്രവൃത്തി തന്നെ അത്ഭുതപെടുത്തിയെന്നും രാഘവന്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഘവന്‍ ഇക്കാര്യം പറഞ്ഞത്.
പ്രേം നസീറും, ശ്രീവിദ്യയും, അടൂര്‍ ഭാസിയും അഭിനയിക്കുന്ന ചിത്രത്തിന്റെ മദ്രാസില്‍ വച്ചുള്ള സെറ്റില്‍ വച്ചാണ് തനിക്ക് ഈ അനുഭവം ഉണ്ടായത് എന്നും രാഘവൻ ഓർമ്മിക്കുന്നു. ചിത്രത്തില്‍ തന്റെ നായികയായി അഭിനയിക്കേണ്ടതായിരുന്നു വിജയശ്രീ. ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോള്‍ സംഗതി അത്ര രസമായി തനിക്ക് തോന്നിയില്ല. വിജയശ്രീയുടെ മരണവീട്ടിലേക്ക് പോകാന്‍ ആരും കൂട്ടാക്കിയില്ല. എല്ലാവരും പതിവുപോലെ ഷൂട്ടിങ്ങിന്റെ കാര്യങ്ങളുമായി തിരക്കിലായി. രാഘവന്‍ തുറന്നു പറയുന്നു.
‘അന്ന് ഷൂട്ടിന് വരില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു. എന്റെ നായികയാണ് മരിച്ചത്. എനിക്ക് മരണവീട്ടില്‍ പോയേ പറ്റൂ’രാഘവന്‍ വെളിപ്പെടുത്തുന്നു. മരണവീട്ടില്‍ എത്തിയശേഷവും ഒരു താരത്തെയും താന്‍ അവിടെ കണ്ടില്ലെന്നും രാഘവന്‍ ഓര്‍മിക്കുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ ദാരുണ സംഭവം മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ നടുക്കി. മലയാളം ചലച്ചിത്രവേദിയിൽ തന്നെ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യക്കു വഴി തെളിയിച്ചതെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു. 1974 മാർച്ച് 21 ന് 21 വയസിൽ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നു പൊതുവായി വിശ്വസിക്കപ്പെടുന്നു. പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരണ സമയത്ത് മലയാളസിനിമയിലെ അക്കാലത്തെ ഒരു പ്രമുഖ സംവിധായകൻ പുഴയിൽ നീരാട്ട് ചിത്രീകരിക്കുന്ന വേളയിൽ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയിൽ വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് അവരുടെ നഗ്നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകൾ നിരന്തരം അവരെ ബ്ലാക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇക്കാര്യം 1973 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ നാന ഫിലിം വാരികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ വിജയശ്രീ വെളിപ്പെടുത്തിയിരുന്നു
vijayasree – death- raghavan