Actress
‘കാതലി’ല്‍ മമ്മൂട്ടി ചെയ്തത് പോലൊരു കഥാപാത്രം ബോളിവുഡിലെ ഖാന്മാര് ആരും ചെയ്യില്ല; വിദ്യ ബാലന്
‘കാതലി’ല്‍ മമ്മൂട്ടി ചെയ്തത് പോലൊരു കഥാപാത്രം ബോളിവുഡിലെ ഖാന്മാര് ആരും ചെയ്യില്ല; വിദ്യ ബാലന്
ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏറ്റുവാങ്ങിയ ജിയോ ബേബി-മമ്മൂട്ടി ചിത്രമായിരുന്നു കാതല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം സ്വവര്‍ഗാനുരാഗത്തേക്കുറിച്ചാണ് സംസാരിച്ചത്. ജ്യോതികയായിരുന്നു നായികായായി എത്തിയിരുന്നത്. ഇപ്പോഴിതാ കാതലിനെയും മമ്മൂട്ടിയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിദ്യ ബാലന്.
‘കാതലി’ല്‍ മമ്മൂട്ടി ചെയ്ത നായകവേഷം പോലെയൊരു കഥാപാത്രത്തെ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍, പ്രത്യേകിച്ച് ഖാന്മാര് അവതരിപ്പിക്കില്ലെന്നാണ് നടി പറയുന്നത്. ‘കാതല്‍’ പോലൊന്ന് ബോളിവുഡില്‍ നടക്കാന്‍ പ്രയാസമാണെന്നും വിദ്യ ബാലന് അഭിപ്രായപ്പെട്ടു.
അഭ്യസ്തവിദ്യരായ പ്രേക്ഷകരാണ് കേരളത്തിലുള്ളതെന്ന കാര്യം ഉള്ക്കൊള്ളേണ്ടിയിരിക്കുന്നെന്ന് വിദ്യ ബാലന് പറഞ്ഞു. അതൊരു വലിയ വ്യത്യാസം തന്നെയാണ്. കാതല്‍ എന്ന സിനിമ മമ്മൂട്ടി ചെയ്തത് കേരളത്തില്‍ അങ്ങനെയൊരു ചിത്രം ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമായതിനാലാവാം. അദ്ദേഹമുള്‍പ്പെടുന്ന സമൂഹത്തിന്റെ പ്രതിഫലനമാണത്. അവര്‍ ഇതുപോലെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ തുറന്ന മനസോടെയിരിക്കുമെന്ന് ഞാന്‍ കരുതുന്നു.
അവര്‍ അവരുടെ അഭിനേതാക്കളെ, പ്രത്യേകിച്ച് പുരുഷ സൂപ്പര്‍താരങ്ങളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനാല്‍ അദ്ദേഹം മുന്നോട്ടുപോയി ആ ചിത്രം ചെയ്തു എന്നത് കൂടുതല്‍ സ്വീകാര്യമാണെന്നും വിദ്യ അഭിപ്രായപ്പെട്ടു.
കാതല്‍ എന്ന ചിത്രം കണ്ടശേഷം മമ്മൂട്ടിക്ക് അഭിനന്ദനമറിയിക്കാന്‍ താന്‍ ദുല്‍ഖറിന് മെസേജയച്ചിരുന്നെന്ന് വിദ്യ ബാലന് പറഞ്ഞു. ‘മലയാളത്തിലെ വലിയ താരങ്ങളിലൊരാള്‍ അഭിനയിച്ചു എന്നത് മാത്രമല്ല, ആ ചിത്രം നിര്‍മിക്കുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍, ‘കാതല്‍’ പോലൊരു സിനിമ ചെയ്യാന്‍ നമ്മുടെ ഹിന്ദി താരങ്ങള്‍ക്കൊന്നും കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.
പുതിയ തലമുറയിലെ ചില താരങ്ങള്‍ ഈ രീതികള്‍ തകര്‍ക്കുമെന്നും വിദ്യ അഭിപ്രായപ്പെട്ടു. ശുഭ് മംഗള്‍ സ്യാദാ സാവധാന്‍ എന്ന ചിത്രത്തിലെ ആയുഷ്മാന്‍ ഖുറാനയുടെ കഥാപാത്രം വിദ്യ ബാലന് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി.
