Malayalam
കുട്ടിയാരാധകന് പിറന്നാൾ സമ്മാനവുമായെത്തി മമ്മൂട്ടി; വൈറലായി വീഡിയോ
കുട്ടിയാരാധകന് പിറന്നാൾ സമ്മാനവുമായെത്തി മമ്മൂട്ടി; വൈറലായി വീഡിയോ
മലയാള സിനിമയുടെ മെഗാസ്റ്റാർ എന്നതിൽ നിന്നും എതിരാളികൾ ഇല്ലാത്ത അഭിനയ ചക്രവർത്തി എന്ന പദവിയിലേക്ക് മമ്മൂട്ടി എത്തിനിൽക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മലയാളികളുടെ സ്വന്തം മമ്മൂക്ക അഭിനയിച്ച ആദ്യചിത്രം. ഒരു നടനാകാൻ ആഗ്രഹിച്ച് പ്രവർത്തിച്ച അദ്ദേഹം കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാനും ഇന്ന് കാണുന്ന നിലയിലേക്ക് വളരാനും സാധിച്ചു. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
തന്റെ കുട്ടിയാരാധകന് പിറന്നാൾ സമ്മാനവുമായെത്തിയ മെഗാസ്റ്റാറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സിനിമ ലൊക്കേഷനിൽ തന്നെ കാണാൻ സ്ഥിരമായി എത്തിയിരുന്ന മഹാദേവ് എന്ന കുട്ടി ആരാധകനെ മമ്മൂട്ടി എപ്പോഴും ശ്രദ്ധിച്ചിരുന്നു. മഹാദേവിന്റെ പിറന്നാളിനാണ് അവനെപ്പോലും ഞെട്ടിച്ച് താരത്തിന്റെ സർപ്രൈസ് ഗിഫ്റ്റ്.
മഹാദേവിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇത് അറിഞ്ഞ മമ്മൂട്ടി ഒരു സർപ്രൈസ് ഗിഫ്റ്റുമായി മഹാദേവിനെ കാണാൻ എത്തുകയായിരുന്നു. മമ്മൂട്ടി മഹാദേവിന് സമ്മാനം നൽകുന്നതും ഇരുവരും ഒന്നിച്ച് ചിത്രങ്ങളെടുക്കുന്നതും സന്തോഷത്തോടെ വീട്ടിലെത്തുന്ന മഹാദേവ് സമ്മാനപ്പൊതി തുറക്കുന്നതടക്കമുളള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിൻറെ തൊട്ടടുത്ത് തന്നെയാണ് മഹാദേവും താമസിക്കുന്നത്. താൻ ആരാധിക്കുന്ന മമ്മൂട്ടി തനിക്ക് സമ്മാനവുമായെത്തിയ സന്തോഷത്തിൽ വീർപ്പുമുട്ടി നിൽക്കുന്ന മഹാദേവിനെ വിഡിയോയിൽ കാണാം.
മമ്മൂട്ടിയുമായി ചിത്രങ്ങളെടുത്ത ശേഷം ഓടി സ്വന്തം ഫ്ലാറ്റിലെത്തിയ മഹാദേവ് വളരെ ആകാംക്ഷയോടെ സമ്മാനപ്പൊതി തുറന്നുനോക്കുന്നതും അതിലെ ലംബോർഗിനി ടോയ് കാറ് കണ്ട് തുളളിച്ചാടുന്നതുമാണ് വിഡിയോയിലുളളത്. വിഡിയോ മമ്മൂട്ടി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം വാരണം ആയിരം, മിന്നലേ, വിണ്ണെ താണ്ടി വരുവായ, ധ്രുവനച്ചത്തിരം, എന്നൈ അറിന്താൽ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ ഗൗതം വാസുദേവ് മേനോൻറെ ആദ്യ മലയാള ചിത്രം കൂടിയാണ് അണിയറിൽ ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡിക്കു പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. വിഷ്ണുദേവ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദർബുക ശിവയാണ്.
അതേസമയം, ടർബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തെത്തിയ ചിത്രം. വൈശാഖ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം ബോക്സ് ഓഫീസിൽ നിന്നും 70 കോടിയ്ക്ക് മുകളിലാണ് ചിത്രം കളക്റ്റ് ചെയ്തത്. മമ്മൂട്ടി, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി.