Social Media
വീഴ്ചയെ നിങ്ങൾ കൈകാര്യം ചെയ്ത രീതി…, ഒരു യഥാർത്ഥ കലാകാരിക്കേ അത് പറ്റൂ; നൃത്തത്തിനിടെ ചുവട് പിഴച്ച് വേദിയിൽ വീണ വിദ്യയോട് മഞ്ജു വാര്യർ
വീഴ്ചയെ നിങ്ങൾ കൈകാര്യം ചെയ്ത രീതി…, ഒരു യഥാർത്ഥ കലാകാരിക്കേ അത് പറ്റൂ; നൃത്തത്തിനിടെ ചുവട് പിഴച്ച് വേദിയിൽ വീണ വിദ്യയോട് മഞ്ജു വാര്യർ
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് വിദ്യ ബാലൻ. മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ അഭിനയജീവിതത്തിലേയ്ക്ക് കാലുകുത്തുന്നത്. ‘പരിണീത’യാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി ചിത്രം. ഈ സിനിമയ്ക്ക് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്‌കാരവും ലഭിച്ചു. എവിടെയും തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്താറുള്ള വിദ്യ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
ഇപ്പോഴിതാ ഭൂൽ ഭുലയ്യ ത്രീയുടെ ഇവന്റുമായി ബന്ധപ്പെട്ട് വിദ്യയും മാധുരി ദീക്ഷിതും അവതരിപ്പിച്ച നൃത്തമാണിപ്പോൾ സോഷ്യൽമീഡിയയയിൽ ശ്രദ്ധ നേടുന്നത്. രണ്ട് പേരും അതിമനോഹരമായി ഡാൻസ് ചെയ്യുന്നതിനിടെ വിദ്യ ബാലൻ കാൽ തെന്നി വീഴുകയായിരുന്നു. മുംബൈയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു സംഭവം. മാധുരി ദീക്ഷിതും വിദ്യാ ബാലനും അമി ജെ തോമർ ഗാനത്തിന് ചുവടുകൾ വെയ്ക്കുകയായിരുന്നു.
മനോഹരമായി നൃത്തം ചെയ്യുന്നതിനിടയിൽ വിദ്യയുടെ ചുവടുകൾ പിഴച്ചു. വേദിയിലേയ്ക്ക് വീണെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ വിദ്യ നൃത്തം തുടരുകയും കാണികൾ കയ്യടിക്കുകയുമായിരുന്നു. നൃത്തം തുടരുന്നതിന് വിദ്യയെ മാധുരിയും സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നടി ഈ സാഹചര്യത്തെ കൈകാര്യം ചെയ്ത രീതിയെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്.
നടി മഞ്ജു വാര്യരും ഇതേ കുറിച്ച് പറഞ്ഞിരുന്നു. ഒരു നർത്തകി കൂടിയായ മഞ്ജുവിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയാണ്. വീഴ്ചയെ നിങ്ങൾ കൈകാര്യം ചെയ്തത് അവിശ്വസനീയമായ ഗ്രേസോടെയാണ്. ഒരു യഥാർത്ഥ കലാകാരിക്കേ അത് പറ്റൂ എന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ആയരുന്നു താരത്തിന്റെ പ്രതികരണം.
മഞ്ജുവിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷമായിരുന്നു ആമി എന്ന ചിത്രത്തിലേത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ആമി’. എന്നാൽ ഈ ചിത്രത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. മഞ്ജുവാര്യർ തന്നെയായിരുന്നു പ്രധാന കാരണം. നടിയെ ചിത്രത്തിൽ മിസ് കാസ്റ്റ് ചെയ്തതാണെന്നതായിരുന്നു അതിലൊന്ന്.
ആദ്യം മുതൽ തന്നെ മാധവിക്കുട്ടിയായി ബോളിവുഡ് താരം വിദ്യ ബാലൻ എത്തുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വാർത്തകൾ. എന്നാൽ അവസാന നിമിഷമാണ് മഞ്ജു ചിത്രത്തിലേയ്ക്ക് എത്തിയത്. ക്രിയേറ്റീവായ ചില അഭിപ്രായ വ്യത്യാസങ്ങളാണ് വിദ്യ സിനിമയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ ചില രാഷ്ട്രീയ ശക്തികളെ ഭയന്നാണ് നടി പിന്മാറിയതെന്ന തര്തതിലും വാർത്തകൾ വന്നിരുന്നു.
അന്യ ഭാഷയിൽ നിന്നൊരു നടിയെ കൊണ്ടുവന്ന് മാധവിക്കുട്ടി ആരാണെന്നറിയാതെ അഭിനയിപ്പിക്കാൻ എനിക്ക് കഴിയില്ലായിരുന്നു, അങ്ങനെ ചെയ്തിട്ട് കാര്യവുമില്ല. വിദ്യാബാലന് മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ കൊടുക്കുകയും അവരത് വായിക്കുകയും ചെയ്തിരുന്നു. അവർ മാധവിക്കുട്ടിയെക്കുറിച്ച് നന്നായി പഠിച്ചിരുന്നു.
നല്ലൊരു അഭിനയേത്രി ആയതുകൊണ്ടു തന്നെ അവർക്ക് ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. മറ്റൊരാൾക്കത് കഴിയില്ലെന്ന് തോന്നിയതുകൊണ്ടാണ് മഞ്ജുവിലേക്ക് എത്തുന്നതെന്നാണ് സംവിധായകൻ കമൽ പറഞ്ഞത്. ഇന്നും ഈ ചിത്രവും മഞ്ജുവിന്‌റെയും വിദ്യ ബാലന്റെയും കാസ്റ്റിംങും ചർച്ചയാണ്.
അതേസമയം, ഭൂൽ ഭുലയ്യ ത്രീ ആണ് വിദ്യയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ വൻ ഹിറ്റായിരുന്നു. ഒന്നാം ഭാഗത്തിൽ വിദ്യ തന്നെയായിരുന്നു നായിക. മൂന്നാം ഭാഗമെത്തുമ്പോൾ ഒപ്പം നടി മാധുരി ദീക്ഷിതും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.