Actress
ബോളിവുഡിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ ലഭിക്കാറില്ല; കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശിയെ; വിദ്യ ബാലൻ
ബോളിവുഡിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ ലഭിക്കാറില്ല; കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശിയെ; വിദ്യ ബാലൻ
ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് വിദ്യ ബാലൻ. മാത്രവുമല്ല, ഏറ്റവും കൂടുതൽ ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള അഭിനേത്രി കൂടിയാണ് വിദ്യ. തടിച്ച ശരീരപ്രകൃതിയുടെ പേരിൽ ട്രോളുകളും മീമുകളുമായി നിരന്തരം പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോമഡി വേഷങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ഉർവശിയെയാണെന്ന് പറയുകയാണ് നടി. ഉർവശി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ്. ബോളിവുഡിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ അങ്ങനെ ലഭിക്കാറില്ല.
കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശിയെയാണ്. പിന്നെ ശ്രീദേവിയെയും. ഇൻസ്റ്റഗ്രാമിലെ കോമഡി റീലുകൾ ചെയ്യുന്നതിൽ ഞാൻ അതീവ സന്തോഷവതിയാണ്. ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിന്റെ വരവോടെ കൂടുതൽ മലയാള സിനിമകൾ കാണാൻ കഴിയുന്നുണ്ട്.
നടൻ ഫഹദ് ഫാസിലിന്റെ വർക്കുകൾ അമ്പരപ്പിക്കുന്നതാണ്. ഫഹദിനെ ഒരുപാട് ഇഷ്ടമാണ്. ഫഹദ് മാത്രമല്ല, മലയാളത്തിൽ ബേസിൽ ജോസഫ്, അന്ന ബെൻ എന്നിവരും എനിക്ക് പ്രിയപ്പെട്ടവരാണ്. മലയാളത്തിൽ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. നല്ല കഥാപാത്രം ലഭിച്ചാൽ മലയാളത്തിൽ തീർച്ചയായും അഭിനയിക്കും. അങ്ങനെയുള്ള വർക്കുകൾ വരട്ടെയെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, കാർത്തിക് ആര്യൻ നായകനാകുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യാ ബാലന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. മഞ്ജുളിക എന്ന കഥാപാത്രമായിട്ടാണ് വിദ്യയെത്തുന്നത്. മാദുരി ദീക്ഷിതും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഭൂൽ ഭുലയ്യ ആദ്യ ഭാഗത്തിലും ഒരു പ്രധാന വേഷത്തിൽ വിദ്യാ എത്തിയിരുന്നു. നവംബർ 1 ന് ദീപാവലി റിലീസായി ആണ് ചിത്രം പുറത്തിറങ്ങുന്നത്.
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേയ്ക്ക് വിദ്യ കാലുകുത്തുന്നത്. തുടർന്ന് ‘പരിണീത” എന്ന ഹിന്ദിസിനിമയിൽ അഭിനയിച്ചു.
ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരവും വിദ്യ സ്വന്തമാക്കി. ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ് വിദ്യ. സ്ത്രീശക്തിയുടെ ഉന്നമനത്തിനു വിദ്യ നടത്തുന്ന സംഭാവനകൾ കണക്കിലെടുത്ത് 2012-ൽ കൊൽകത്ത ചേമ്പർ ഓഫ് കൊമേർസ് നൽകുന്ന ‘പ്രഭ കൈതാൻ പുരസ്‌കാർ’ എന്ന പുരസ്‌കാരം വിദ്യയ്ക്ക് നൽകപ്പെട്ടു. ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വിദ്യ ബാലൻ.