ലോകകപ്പിന് ഇനി രണ്ടുനാൾ; ഇന്ത്യ ഇന്ന‌് അവസാന സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ പേടിയില്ലെന്നായിരുന്നു ലോകകപ്പിന‌് യാത്രതിരിക്കുംമുമ്പ‌് ഇന്ത്യൻ ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിയുടെ പ്രതികരണം. പക്ഷേ, സാഹചര്യങ്ങൾ വെല്ലുവിളിയാണെന്ന‌് ആദ്യ സന്നാഹമത്സരം കഴിഞ്ഞപ്പോൾ കോഹ‌്‌ലിക്ക‌് വ്യക്തമായി. ന്യൂസിലൻഡിനോട‌് പിടിച്ചുനിൽക്കാനാകാതെയാണ‌് ഇന്ത്യൻ ബാറ്റിങ‌്നിര കീഴടങ്ങിയത‌്. വേഗവും സ്വിങ്ങും നിറഞ്ഞ പിച്ചിൽ കോഹ‌്‌ലിയുൾപ്പെടെ പരാജയപ്പെട്ടു. ഇന്ന‌് അവസാന സന്നാഹമത്സരമാണ‌്. ബംഗ്ലാദേശാണ‌് എതിരാളികൾ. ലോകകപ്പിനുള്ള അവസാന ഒരുക്കം. പോരായ‌്മകൾ തിരുത്തുകയാണ‌് ലക്ഷ്യം.ജൂൺ അഞ്ചിന‌് ദക്ഷിണാഫ്രിക്കയുമായാണ‌് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ കളി.
റണ്ണൊഴുകുമെന്നാണ‌് വിലയിരുത്തലെങ്കിലും ഇംഗ്ലണ്ടിലെ പിച്ചുകൾ പേസർമാരെയും വരിക്കുന്നുണ്ട‌്. അതിനാൽ ശ്രദ്ധിച്ചാണ‌് ഇന്ത്യ ഇറങ്ങുന്നത‌്. ലോകകപ്പിന‌് മുമ്പുള്ള പ്രശ‌്നങ്ങൾ അതുപോലെ നിലനിൽക്കുന്നുണ്ടെന്ന‌് വ്യക്തം. ശിഖർ ധവാൻ–-രോഹിത‌് ശർമ ഓപ്പണിങ‌് സഖ്യം തെളിഞ്ഞിട്ടില്ല. നാലാം നമ്പർ ഇപ്പോഴും ചോദ്യചിഹ്നമാണ‌്. വാലറ്റത്ത‌് രവീന്ദ്ര ജഡേജ നടത്തിയ ചെറുത്തുനിൽപ്പാണ‌് ആകെയുള്ള പ്രതീക്ഷ. സന്നാഹമാണെങ്കിലും ന്യൂസിലൻഡിനോടുള്ള തോൽവി ചില പാഠങ്ങൾ ഇന്ത്യൻ ടീമിന‌് നൽകി.
ഐപിഎൽ ആലസ്യം വിട്ടുപോയിട്ടില്ലെന്ന‌് തെളിയിക്കുന്നതായിരുന്നു ന്യൂസിലൻഡിനെതിരെ ഇന്ത്യൻ കളിക്കാരുടെ ബാറ്റിങ‌് രീതി. സ്വിങ‌് ബൗളിങ്ങിനു മുന്നിൽ രോഹിതും ധവാനും കീഴടങ്ങി. ലോകേഷ‌് രാഹുലിന‌് കിട്ടിയ അവസരം മുതലാക്കാനായില്ല. മഹേന്ദ്രസിങ‌് ധോണിയും മങ്ങി. ഹാർദിക‌് പാണ്ഡ്യ ചില മിന്നലാട്ടങ്ങൾ കാണിച്ചു. അരസെഞ്ചുറി കുറിച്ച ജഡേജ ആദ്യ പതിനൊന്നിൽ ഇടംപിടിക്കാനുള്ള ചോദ്യമുന്നയിച്ചുകഴിഞ്ഞു.
ബൗളർമാരിൽ ജസ‌്പ്രീത‌് ബുമ്രയാണ‌് ഇന്ത്യയുടെ നെടുന്തൂൺ. കിവീസിനെതിരെ നാലോവറിൽ രണ്ട‌് മെയ‌്ഡനുകൾ ഉൾപ്പെടെ രണ്ടു റൺ മാത്രം വിട്ടുകൊടുത്താണ‌് ബുമ്ര ഒരു വിക്കറ്റ‌് വീഴ‌്ത്തിയത‌്. നല്ല സ്വിങ്ങുള്ള പിച്ചിൽ ഭുവനേശ്വർ കുമാർ മങ്ങിയത‌് തിരിച്ചടിയാണ‌്. ഭുവനേശ്വർ ഐപിഎൽ രീതിയിലാണ‌് പന്തെറിഞ്ഞത‌്. സ്വിങ‌് കണ്ടെത്താനായില്ല ഈ പേസർക്ക‌്. മുഹമ്മദ‌് ഷമിയും തിളങ്ങിയില്ല. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത‌് കൈക്കുഴ സ‌്പിന്നർമാരായ യുശ‌്‌വേന്ദ്ര ചഹാലിലും കുൽദീപ‌് യാദവിലുമാണ‌്. എന്നാൽ, ഇരുവരെയും കാര്യക്ഷമമായി നേരിടാനാകുമെന്ന‌് ന്യൂസിലൻഡ‌് ക്യാപ‌്റ്റൻ കെയ‌്ൻ വില്യംസണും റോസ‌് ടെയ‌്‌ലറും തെളിയിച്ചു. ലോകകപ്പിൽ ഇന്ത്യക്ക‌് വെല്ലുവിളിയായിരിക്കും ഇത‌്.
പരിക്കേറ്റ വിജയ‌് ശങ്കറും കേദാർ ജാദവും ഇന്നും കളിക്കാനിറങ്ങില്ല. ബംഗ്ലാദേശിന്റേത‌് കരുത്തുറ്റ നിരയാണ‌്. ആദ്യമായി ഒരു ത്രിരാഷ‌്ട്ര ടൂർണമെന്റ‌് ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ‌് ബംഗ്ലാദേശ‌് ഇറങ്ങുന്നത‌്. ആക്രമണാത്മകതയാണ‌് ബംഗ്ലാദേശ‌് ടീമിന്റെ മുഖമുദ്ര. ക്യാപ‌്റ്റൻ മഷ‌്റഫെ മൊർത്താസ മുന്നിൽനിന്നു നയിക്കും. ഷാക്കിബ‌് അൽ ഹസൻ, മുഷ‌്ഫിക്കർ റഹീം, തമീം ഇക‌്ബാൽ, മുസ‌്താഫിസുർ റഹ‌്മാൻ, മഹ‌്മദുള്ള എന്നീ മികച്ച താരങ്ങളുണ്ട‌് ബംഗ്ലാ ടീമിൽ.
Two more days to Cricket worldcup…
