News
അഡ്മിനെ പിടികൂടിയെന്ന് പോലീസ് പറയുന്നു. തമിഴ് റോക്കേഴ്സ് ഇപ്പോഴും പണി തുടരുന്നു.. എങ്ങനെ?
അഡ്മിനെ പിടികൂടിയെന്ന് പോലീസ് പറയുന്നു. തമിഴ് റോക്കേഴ്സ് ഇപ്പോഴും പണി തുടരുന്നു.. എങ്ങനെ?
സിനിമാ ലോകത്തെ വെല്ലുവിളിച്ച് തമിഴ് റോക്കേഴ്സില്‍ കൂടുതല്‍ പുതിയ സിനിമകളുടെ വ്യാജപതിപ്പ്. സാമൂഹ്യമാധ്യമമായ ടെലഗ്രാമിന്റെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് മലയാളം ഉള്‍പ്പടെയുള്ള സിനിമകളുടെ വ്യാജന് പുറത്തിറങ്ങുന്നത്. മാമാങ്കത്തിന് പുറമെ യുവതാരം നാഗ ചൈതന്യയും വെങ്കടേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ‘വെങ്കി മാമ’ എന്ന സിനിമയും തമിഴ് റോക്കേഴ്സില്‍ കൂടി പുറത്തുവന്നു.
മലയാളത്തിന്റെ ബിഗ് ബജറ്റ് സിനിമയായ മാമാങ്കം പുറത്തിറങ്ങിയ രണ്ടാം നാള് തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലും ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത് ആന്റി പൈറസി സെല്ലിനെ വരെ ഞെട്ടിച്ചിരുന്നു. മുമ്പും സിനിമകള്‍ റിലീസാകുന്നതിന്റെ അന്ന് തന്നെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമല പോള്‍ കേന്ദ്രകഥാപാത്രമായ ‘ആടൈ’, ബാഹുബലിക്ക് ശേഷം തിയേറ്ററിലെത്തിയ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ സാഹോ, വിജയ് ചിത്രമായ ബിഗില്‍, അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം, സൂപ്പര്‍ 30, ദി ലയണ്‍ കിംഗ്, ലാല കാപ്താന്‍, അലാദിന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ തമിഴ് റോക്കേഴ്സിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്.
തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും പിടികൂടിയെന്ന് കേരളാ പോലീസ് അവകാശപ്പെടുമ്പോഴും വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍വാധികം ശക്തിയോടെ തുടരുകയാണ്. അഡ്മിന് കാര്‍ത്തിയോടൊപ്പം പ്രഭു, സുരേഷ്, ജോണ്സണ്, ജഗന് എന്നിവരും ആന്റി പൈറസി സെല്ല് പിടികൂടിയിരുന്നു. ഡിവിഡി റോകേഴ്സ് എന്ന മറ്റൊരു ടീമിനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവരും അപ്ഡേഷന് തുടരുകയാണ്.
റോക്കേഴ്സിന്റെ പേരിലുള്ള ഏതെങ്കിലും ഡൊമെയിന് നിരോധിച്ചാല്‍ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ ലോഡ് ചെയ്യുമെന്നതാണ് ആന്റി പൈറസി സെല്ലിനെ കുഴയ്ക്കുന്നത്. പലപ്പോഴും റിലീസിന്റെ അന്നുതന്നെ സിനിമ പുറത്തുവിടുമെന്ന് സിനിമാ പ്രവര്‍ത്തകരെയും നിയമസംവിധാനത്തെയും വെല്ലുവിളിച്ചതിന് ശേഷം സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്ന രീതിയാണ് തമിഴ് റോക്കേഴ്സ് പിന്തുടരുന്നത്.
വ്യാജ സോഫ്വെയറുകള്‍, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്സില്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും ആശങ്കയാണ്.
thamil rockers
