Connect with us

ബാലഭാസ്‌കറിന്റെ മരണത്തിലെ ‘പ്രധാന സാക്ഷി’; നടന്‍ കലാഭവന്‍ സോബി ജോര്‍ജിന് മൂന്നുവര്‍ഷം കഠിന തടവും പിഴയും

News

ബാലഭാസ്‌കറിന്റെ മരണത്തിലെ ‘പ്രധാന സാക്ഷി’; നടന്‍ കലാഭവന്‍ സോബി ജോര്‍ജിന് മൂന്നുവര്‍ഷം കഠിന തടവും പിഴയും

ബാലഭാസ്‌കറിന്റെ മരണത്തിലെ ‘പ്രധാന സാക്ഷി’; നടന്‍ കലാഭവന്‍ സോബി ജോര്‍ജിന് മൂന്നുവര്‍ഷം കഠിന തടവും പിഴയും

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനും ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വിത്സനും മൂന്നുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. തോപ്പുംപടി കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നും മൂന്നും പ്രതികളാണിവര്‍. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജ് കോടതിയില്‍ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസി. പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.സി. അനീഷ് ഹാജരായി.

മുമ്പ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടും സോബി നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കേസിലെ ‘പ്രധാന സാക്ഷി’ എന്ന നിലയിലാണ് സോബി വാര്‍ത്തകളില്‍ വന്നിരുന്നത്. ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനം തകര്‍ക്കുകയായിരുന്നുവെന്നുമാണ് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനാല്‍ തനിക്ക് വധഭീഷണി ഉണ്ടെന്നും കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കൂടി ആ സമയം യാത്ര ചെയ്ത വ്യക്തി കൂടിയാണ് കലാഭവന്‍ സോബി ജോര്‍ജ്. അന്ന് രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ അപകട സ്ഥലത്ത് കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു. പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് പിടിയിലായപ്പോള്‍ താനന്ന് കണ്ടത് സരിത്തിനെ ആണെന്ന് സോബി ആരോപിച്ചു.

ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നുളള അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ക്കേ തന്നെ നിലനില്‍ക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ചുളള വെളിപ്പെടുത്തലുകള്‍ക്ക് ശേഷം തനിക്ക് വധഭീഷണി ഉണ്ടെന്ന് സോബി ജോര്‍ജ് പറയുന്നു. മരണമൊഴി എന്ന നിലയ്ക്ക് പുറത്ത് വിട്ട പുതിയ വീഡിയോയില്‍ ഗുരുതരമായ കാര്യങ്ങളാണ് സോബി പറഞ്ഞിരുന്നത്.

ബാലഭാസ്‌കറിന്റെ കസിന്‍ സഹോദരിയായ പ്രിയ വേണുഗോപാലിനും തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തയ്ക്കും വേണ്ടിയാണ് താന്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് എന്ന് സോബി പറയുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ പറയാന്‍ ബാക്കി വെച്ച കാര്യങ്ങളാണ് പറയുന്നത്. ഇത് താന്‍ നേരിട്ട് നിന്ന് തെളിയിക്കണം എന്ന് ആഗ്രഹിച്ച കാര്യങ്ങളാണ്.

എന്നാല്‍ ഇപ്പോഴത്തെ ജീവിത സാഹചര്യം അവിടെ വരെ എത്തിക്കുമോ എന്ന ഭയമുണ്ട്. അതുകൊണ്ടാണ് ലൈവ് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ സിഡിയിലും പെന്‍െ്രെഡവിലും അടക്കം നേരത്തെ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടുളളതാണ്. താന്‍ മരിക്കുകയോ മരണതുല്യനായി കിടക്കുകയോ ചെയ്താല്‍ മാത്രമേ അത് പുറത്ത് വിടാവൂ എന്ന് പറഞ്ഞിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരോട് പറയാന്‍ ബാക്കി വെച്ചിരുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 2018 സെപ്റ്റംബര്‍ 24ന് ചാലക്കുടിയില്‍ മകളുടെ കല്യാണ നിശ്ചയത്തിന് ശേഷം താന്‍ തിരുനെല്ലിയിലേക്ക് പോവുകയായിരുന്നു. ഉറക്കം വന്നപ്പോള്‍ മംഗലാപുരം പളളിപ്പുറം റോഡില്‍ താന്‍ വാഹനം ഒതുക്കി നിര്‍ത്തി.

ഈ സമയത്ത് അവിടേക്ക് ഒരു വാഹനത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആളുകള്‍ എത്തിയെന്നും അവര്‍ ബാലഭാസ്‌കറിന്റെ നീല ഇന്നോവയുടെ ചില്ല് അടിച്ച് തകര്‍ക്കുന്നത് താന്‍ കണ്ടുവെന്നും സോബി പറയുന്നു. വെള്ള സ്‌കോര്‍പ്പിയോ വാഹനത്തില്‍ എത്തിയവരാണ് ബാലഭാസ്‌കറിനെ ആക്രമിച്ചത്. ആ സമയത്ത് അതുവഴി വാഹനങ്ങളൊന്നും പോയില്ലെന്നും സോബി പറയുന്നു.

ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും സോബി പറയുന്നു. ”തന്നെയും അവര്‍ കൊല്ലുമെന്ന് ഭയന്ന് താന്‍ അവിടെ നിന്ന് വണ്ടിയെടുത്ത് പോയി. പോകുമ്പോള്‍ പിറകില്‍ വലിയ ശബ്ദം കേട്ടു. താന്‍ ആരാണെന്ന് മനസ്സിലായിരുന്നുവെങ്കില്‍ അവര്‍ തന്നെ കൊന്ന് കളഞ്ഞേനെ. വടിവാളുമായി വെട്ടെടാ അവനെ എന്ന് ആക്രോശിച്ച് അവര്‍ തന്നെ വെട്ടാന്‍ വന്നു”.

താന്‍ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും സോബി ജോര്‍ജ് പറഞ്ഞിരുന്നു. അവിടെ ഉണ്ടായിരുന്ന മുഴുവന്‍ വാഹനത്തിലും അവരുടെ ആളുകള്‍ ആയിരുന്നു. ബാലുവിനെ അവര്‍ കൊന്നതാണെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും വണ്ടിയുടെ ഡാമേജ് പുറത്ത് വെച്ച് ഉണ്ടാക്കിയതാണെന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആളെ കാണിച്ച് കൊടുക്കുമെന്നുമാണ് കലാഭവന്‍ സോബി അന്ന് പറഞ്ഞത്.

Continue Reading
You may also like...

More in News

Trending