News
ശാരീരിക വേദന പോലെ മാനസികമായിട്ടുള്ള വേദനയും കഠിനമായിരുന്നു; സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ശില്‍പ ഷെട്ടി
ശാരീരിക വേദന പോലെ മാനസികമായിട്ടുള്ള വേദനയും കഠിനമായിരുന്നു; സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ശില്‍പ ഷെട്ടി
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ശില്‍പ ഷെട്ടി. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് താരത്തിന് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റിരുന്നു. ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടയിലാണ് നടിയ്ക്ക് പരിക്കേല്‍ക്കുന്നത്. കാലിന് ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് നടി ചികിത്സയിലുമായിരുന്നു. എന്നാല്‍ സാധാരണ ജീവിതത്തിലേക്കുള്ള തന്റെ തിരിച്ച് വരവിനെ കുറിച്ച് പറയുകയാണ് ശില്‍പ ഷെട്ടി.
‘എനിക്ക് പരിക്ക് പറ്റിയിട്ട് ഇന്നേക്ക് രണ്ട് മാസം കഴിഞ്ഞു. അന്ന് മുതലിങ്ങോട്ട് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ശാരീരിക വേദന പോലെ മാനസികമായിട്ടുള്ള വേദനയും കഠിനമായിരുന്നു. എന്നെ പോലെ ഫിറ്റ്‌നസ് അഡിക്ടും വര്‍ക്ക് ഹോളിക്കുമായ ഒരാള്‍ക്ക് ഇക്കഴിഞ്ഞ എട്ടാഴ്ച നിരാശയും രോഷവും നിസഹായതയും നിറഞ്ഞതായിരുന്നു. പക്ഷേ എന്റെ മകളില്‍ നിന്നും സുഖം പ്രാപിക്കാനുള്ള പ്രചോദനത്തിന്റെ ഉറവിടം ഞാന്‍ കണ്ടെത്തി.
‘എന്റെ എല്ലാ ഫിസിയോ തെറാപ്പി സെഷനിലും എനിക്ക് ചുറ്റും മകള്‍ സമീഷയുണ്ടായിരുന്നു. ഞാന്‍ സമീഷയെ ഒന്ന് എടുക്കാന്‍ വേണ്ടി ആകാംഷയോടെ അവള്‍ കാത്തിരിക്കുകയായിരുന്നു. ദിവസങ്ങള്‍ കടന്ന് പോയപ്പോഴാണ് എനിക്ക് ആ കാര്യം മനസിലായത്. അവളുടെ ആ പുഞ്ചിരിയും ആലിംഗനങ്ങളും ചെറിയ മധുരമുള്ള ചുംബനങ്ങളും ചില ദിവസങ്ങളില്‍ എനിക്ക് ആവശ്യമായിരുന്നെന്നും’, ശില്‍പ ഷെട്ടി പറയുന്നു.
‘നമ്മളെല്ലാവരും നമ്മുടെ സമ്മര്‍ദ്ദങ്ങളും വേദനകളും വ്യത്യസ്തമായി നേരിടാറുണ്ട്. നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ സഹായം തേടുക. ഏതെങ്കിലും കാരണത്താല്‍ ബുദ്ധിമുട്ടുന്ന ഒരാളെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ സഹായവും പിന്തുണയും നല്‍കുക. ഇത് ചര്‍ച്ച ചെയ്യാന്‍ മാനസികാരോഗ്യ ദിനത്തേക്കാള്‍ അനുയോജ്യമായ മറ്റൊരു ദിവസം ഉണ്ടാകില്ലെന്നും’ എന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു.
