Bollywood
ശിൽപ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും നേരിയ ആശ്വാസം; 98 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുത്ത ഇഡി നടപടികൾ ബോംബെ ഹൈക്കോടതി തടഞ്ഞു
ശിൽപ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും നേരിയ ആശ്വാസം; 98 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുത്ത ഇഡി നടപടികൾ ബോംബെ ഹൈക്കോടതി തടഞ്ഞു
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും. ഇപ്പോഴിതാ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡി നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ താരദമ്പതിമാർക്ക് നേരിയ ആശ്വാസം. രണ്ട് വസതികൾ ഉൾപ്പടെ 98 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുത്ത ഇഡി നടപടികൾ ബോംബെ ഹൈക്കോടതി തടഞ്ഞു.
മുംബൈയിലെയും പൂനെയിലേയും വസതികൾ ഒഴിയണമെന്ന ഇഡിയുടെ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. രണ്ടാഴ്ചത്തേക്ക് വസതികൾ ഒഴിപ്പിക്കരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം. കള്ളപ്പണ ഇടപാട് കേസിൽ കഴിഞ്ഞ ഏപ്രിലിൽ പിഎംഎൽഎ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ആരംഭിച്ച നടപടിയാണ് താര ദമ്പതിമാർ ചോദ്യം ചെയ്തത്.
ബിറ്റ് കോയിൻ ഇടപാടുകാരനായ അമിത് ഭരദ്വാജുമായി ചേർന്ന് രാജ് കുന്ദ്ര കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസിലായിരുന്നു സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം. ബിറ്റ് കോയിൻ നിക്ഷേപം വഴി 6,600 കോടി രൂപയോളം സമ്പാദിച്ച അമിത് ഭരദ്വാജ് പണം മടക്കി നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഈ കേസിലാണ് ബോളിവുഡ് താരങ്ങളായ ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ഇഡി നടപടി തുടങ്ങിയത്.
2009 ലായിരുന്നു ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹം കഴിക്കുന്നത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. വിയാൻ രാജ് കുന്ദ്രയും സമീഷ ഷെട്ടി കുന്ദ്രയും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും ഒരുമിച്ച് നിന്നവരാണ് ശിൽപയും രാജും. നേരത്തെ ഐപിഎൽ വാതുവെപ്പ് കേസ് സമയത്തും ഈയ്യടുത്ത് നീലച്ചിത്ര നിർമ്മാണ കേസിലുമെല്ലാം രാജിന് പിന്തുണയായി ശിൽപ കൂടെയുണ്ടായിരുന്നു. നീലച്ചിത്ര നിർമ്മാണ കേസിൽ രാജ് കുന്ദ്ര ജയിലിലായിരുന്നു.
ഈ വേളയിൽ രാജുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കണമെന്ന് കുടുംബത്തിനുള്ളിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഭർത്താവിനൊപ്പം തന്നെ ഉറച്ചു നിൽക്കുകയായിരുന്നു ശിൽപ ചെയ്തത്. ശിൽപയുടെ പാതയിലൂടെ രാജും സിനിമയിലെത്തിയിരുന്നു. തന്റെ ജയിൽവാസത്തെ അടിസ്ഥാനമാക്കിയൊരുക്കിയ യുടി 69 എന്ന സിനിമയിലാണ് രാജ് അഭിനയിച്ചത്. ഒടിടി റിലീസായി എത്തിയ ചിത്രം വൻ പരാജയമായിരുന്നു.