‘എനിക്ക് തുടക്കത്തിൽ വിവാഹ ജീവിതം ഉപേക്ഷിക്കണമെന്നുണ്ടായിരുന്നു, വിവാഹം എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു; സംഗീത ക്രിഷ് പറയുന്നു
ഒരുകാലത്ത് തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിന്ന നടിയാണ് സംഗീത ക്രിഷ്. സിനിമകൾക്ക് പുറമെ ചാനലുകളിൽ റിയാലിറ്റി ഷോ ജഡ്ജായും അവതാരകയുമായൊക്കെ സംഗീത എത്തിയിരുന്നു. നടൻ ആര്യയുടെ ഏറെ വിവാദമായ എങ്ക വീട്ട് മാപ്പിളെയുടെ അവതാരകയും സംഗീതയായിരുന്നു.സംഗീതയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു വ്യക്തിയെയാണ് താരത്തിന് ഭർത്താവായി ലഭിച്ചത്. ഇപ്പോൾ താരത്തിന് ഒരു മകൾ കൂടിയുണ്ട്. ദിലീപിന്റെ നായികയായിരുന്ന താരം തന്റെ വിവാഹ ജീവിതം തുടക്കത്തിൽ വളരെ ബോറിങായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.എങ്ങനെയെങ്കിലും കുടുംബജീവിതത്തിൽ നിന്നും പുറത്ത് കടക്കാൻ ആഗ്രഹിച്ചിരുന്ന സമയമുണ്ടായിരുന്നുവെന്നു ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഗീത വെളിപ്പെടുത്തി
ഗായകനായ ക്രിഷിനെയാണ് സംഗീത വിവാഹം ചെയ്തത്. 2009ലായിരുന്നു ഇരുവരുടെയും വിവാഹം. ദാമ്പത്യ ജീവിതം പതിമൂന്ന് വർഷം പിന്നിടുമ്പോഴാണ് തുടക്ക കാലത്തെ ജീവിതത്തെ കുറിച്ച് സംഗീത വാചാലയായത്. ‘എനിക്ക് തുടക്കത്തിൽ വിവാഹ ജീവിതം ഉപേക്ഷിക്കണമെന്നുണ്ടായിരുന്നു. വിവാഹം എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു.’
‘പരസ്പരം മനസിലാക്കും മുമ്പ് വിവാഹിതരായി എന്നതായിരുന്നു ആദ്യത്തെ പ്രശ്നം. അതുകൊണ്ട് തന്നെ പുതിയൊരാൾക്കൊപ്പം ജീവിതം കെട്ടിപടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എങ്ങനെ ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് സംശയമായി. അദ്ദേഹത്തിൽ എനിക്ക് വിശ്വാസം വരാൻ സമയം എടുത്തു. മാത്രമല്ല അദ്ദേഹത്തിന്റെ ഫീൽഡും മറ്റൊന്നായിരുന്നു.’
ഒട്ടും മനസിലാക്കാത്ത ഒരാൾക്കൊപ്പം ഒരു വീട്ടിൽ താമസിച്ച് കുടുംബജീവിതം നയിക്കുക എന്നത് എനിക്കൊരു ദുസ്വപ്നം പോലെ തോന്നി. അദ്ദേഹത്തിന്റെ ഐഡിയോളജിയും എന്റെ ഐഡിയോളജിയും വ്യത്യസ്തമായിരുന്നു. അതേസമയം ഞങ്ങൾക്ക് ആ കുടുംബജീവിതം വർക്ക് ചെയ്ത് എടുക്കണമെന്നുമുണ്ടായിരുന്നുവെന്നും’, സംഗീത പറയുന്നു.
താൻ താൽപര്യം പ്രകടിപ്പിക്കാതെ നിന്നപ്പോഴും തന്നെ ഉപേക്ഷിക്കാതെ സ്നേഹം കാണിച്ച് ക്ഷമയോടെ തനിക്ക് വേണ്ടി ഭർത്താവ് കാത്തിരുന്നുവെന്നും അതുകൊണ്ടാണ് ഇന്നുതങ്ങൾ സുഖമായി സന്തോഷത്തോടെ കഴിയുന്നതെന്നും സംഗീത പറയുന്നു.
‘അദ്ദേഹം അമേസിങ് ആയിട്ടുള്ള ഒരു മനുഷ്യനാണ്. ഞാൻ നേരെ തിരിച്ചാണ്. ഞാൻ ഒരു രാക്ഷസിയാണ്. എനിക്കൊപ്പമുള്ള കുടുംബജീവിതം വർക്ക് ചെയ്ത് എടുക്കണമെന്ന് അദ്ദേഹത്തിന് ഭയങ്കര ആഗ്രഹമായിരുന്നു. ലൈഫ് വളരെ ചെറുതല്ലേ… എല്ലാം പരിഹരിച്ച് എത്രയും പെട്ടന്ന് സന്തോഷമായി ജീവിക്കണമെന്നായിരുന്നു ഭർത്താവിന്.’
‘ഞാൻ അദ്ദേഹത്തിനെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എന്നെ കെയർ ചെയ്യുന്ന രീതിയിൽ നിന്നും തന്നെ അത് വ്യക്തമാണെന്നും’, ഭർത്താവിനെ കുറിച്ച് സംസാരിച്ച് സംഗീത പറഞ്ഞു.അതേസമയം മകൾ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് സംഗീതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം മോശമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു.
