Malayalam
എതിരെ വന്നാല്‍ നിന്നെയൊക്കെ ഞാനെടുത്ത് ഉടുത്ത് കളയും, നിന്റെ മൂക്കാമണ്ട ഞാന്‍ അടിച്ച് പൊട്ടിക്കും എന്ന് തുടങ്ങിയ വെല്ലുവിളികളും ഭീഷണികളുമാണ് അയാളുടെ വ്യക്തിമുദ്ര, പൊട്ടക്കിണറ്റിലെ തവളകള്‍ എന്നതിനപ്പുറം മറ്റൊരു വിശേഷണവും ഇവരര്‍ഹിക്കുന്നില്ല; കുറിപ്പ്
എതിരെ വന്നാല്‍ നിന്നെയൊക്കെ ഞാനെടുത്ത് ഉടുത്ത് കളയും, നിന്റെ മൂക്കാമണ്ട ഞാന്‍ അടിച്ച് പൊട്ടിക്കും എന്ന് തുടങ്ങിയ വെല്ലുവിളികളും ഭീഷണികളുമാണ് അയാളുടെ വ്യക്തിമുദ്ര, പൊട്ടക്കിണറ്റിലെ തവളകള്‍ എന്നതിനപ്പുറം മറ്റൊരു വിശേഷണവും ഇവരര്‍ഹിക്കുന്നില്ല; കുറിപ്പ്
ബിഗ് ബോസ് മലയാളത്തില്‍ റോബിന്‍ രാധാകൃഷ്ണനോളം ആഘോഷിക്കപ്പെട്ട മറ്റൊരു മത്സരാര്‍ത്ഥി ഉണ്ടാകില്ല. സിനിമാ താരങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയിലും പുറത്തും റോബിന്‍ രാധാകൃഷ്ണന് ലഭിക്കുന്നത്. ഇതിനോടകം നിരവധി കമ്പനികള്‍ ബ്രാന്‍ഡ് അംബാസഡറായി റോബിന്‍ രാധാകൃഷ്ണനെ വിളിച്ചിട്ടുണ്ട്. കൂടാതെ സിനിമ എന്ന സ്വപ്‌നത്തിലേക്കും റോബിന്‍ രാധാകൃഷ്ണന്‍ നടന്നടുക്കുകയാണ്. റോബിന്‍ രാധാകൃഷ്ണനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു. റോബിന് വേണ്ടത് മൈക്കും വേദികളുമല്ല ചികിത്സയാണെന്നാണ് അനുഷ ആന്‍ഡ്രൂസ് പറയുന്നത്.
കുട്ടികളെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനുള്ള എന്ത് ക്വാളിറ്റിയാണ് അയാള്‍ക്കുള്ളതെന്നാണ് അനുഷ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന കുറിപ്പ് ഇങ്ങനെയാണ്
തുടര്‍ച്ചയായ രണ്ട് വര്‍ഷം നമ്മുടെ ജീവിതത്തിലേക്കിരച്ചുകയറിവന്ന പ്രളയ ജലത്തെ നാം അതീജീവിച്ചു. ലോകം മുഴുവന്‍ ഭീതിയില്‍ കഴിഞ്ഞ കൊവിഡ് മഹാമാരിക്കാലത്തെയും കരുതലോടെ തന്നെ ഒരുമിച്ച് നിന്ന് നാം നേരിട്ടു.
നമ്മുടെ മഹത്തായ ഭരണഘടനയെ വില കല്‍പ്പിക്കാത്ത, ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മനുസ്മൃതിവാദക്കാരെ മംഗലാപുരം അതിര്‍ത്തിക്കിപ്പുറം വേരുപിടിക്കാത്ത തരത്തില്‍ പ്രതിരോധിക്കാന്‍ നമുക്ക് കഴിയുന്നു.
ആള്‍ക്കൂട്ടക്കൊലകളുടെയും ജാതിപീഡനങ്ങളുടെയും ഖാപ് നീതിയുടെയുമെല്ലാം രാജ്യത്ത് അല്‍പമെങ്കിലും ഭേദമുള്ള സാമൂഹിക ഇടമായി നിലകൊള്ളാന്‍ നമുക്ക് കഴിയുന്നു. എന്നാല്‍ കേരളത്തെക്കുറിച്ചുള്ള ഈ പ്രതീക്ഷകളെയെല്ലാം അപ്പാടെ തകര്‍ത്തുകളയുകയാണ് നമുക്കിടയിലെ മറ്റുചില സാമൂഹിക ദുരന്തങ്ങള്‍.
മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെന്റാണ് സൈബര്‍ ആര്‍മികള്‍. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഒക്കെ ഉയര്‍ന്നുവരുന്ന പ്രതിലോമകാരികളായ ആളുകള്‍ക്ക്(പ്രത്യേകിച്ചും ആണുങ്ങള്‍ക്ക്) ഉണ്ടായിവരുന്ന അന്ധമായ ആരാധക്കൂട്ടമാണിത്.
സ്ത്രീവിരുദ്ധതയും വംശീയതയും അരാഷ്ട്രീയതയും റേപ്പ് തമാശകളുമെല്ലാമായി സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് വേണ്ടി ‘കൊല്ലാനും ചാകാനും തയ്യാറെന്ന’ മട്ടിലുള്ള പടകള്‍ ഉണ്ടായിവരുന്നു. അവരുടെ ആണ്‍ ആക്രോശങ്ങള്‍ മാസ് മ്യൂസിക് ബി.ജി.എം ചേര്‍ത്ത കണ്ടന്റുകളായി മാറുന്നു.
ആര്‍മികള്‍ എന്ന് അവര്‍ സ്വയം വിശേഷിപ്പിക്കുന്നു. തങ്ങളുടെ ആരാധനാ മൂര്‍ത്തികളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ തെറിവിളികളും കൊലവിളികളുമായി നവമാധ്യമങ്ങളില്‍ താണ്ഡവമാടുന്നു.
സംഘം ചേര്‍ന്ന് പൊതുവിടങ്ങളെ മലീമസമാക്കുന്നു.
എഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് എന്ന പ്രോഗ്രാം വഴി ഉയര്‍ന്നുവന്ന അത്തരമൊരു വൃക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍.
ഷോയിലുടനീളം മറ്റ് മത്സരാര്‍ത്ഥികളെ അയാള്‍ ആക്ഷേപിക്കുന്നതും, മറ്റുള്ളവര്‍ക്കെതിരെ വലിയ ശബ്ദത്തില്‍ അലറുന്നതും കാണാമായിരുന്നു. ‘നീ വെറും പെണ്ണാണ്’ എന്ന തരത്തിലുള്ള കാലപ്പഴക്കം സംഭവിച്ച ഡയലോഗുകള്‍ വീണ്ടും കൊണ്ടു വന്ന് സ്ത്രീകളെ തല്ലാനും തൊഴിക്കാനും കാണിക്കുന്ന പ്രവണത,
ഈ കാലത്ത് അല്‍പമെങ്കിലും വിവേകമുള്ളവര്‍ക്ക് അശ്ലീലമെന്ന് തോന്നുന്ന മസ്‌കുലിന്‍ ഷോകളെ തന്റെ ‘പൗരുഷ ഗരിമ’യെന്ന മട്ടില്‍ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന സവിശേഷതകള്‍.
ഒടുവില്‍ അത്തരമൊരു ശ്രമത്തിനിടയില്‍ മറ്റൊരു മത്സരാര്‍ത്ഥിയുടെ മുഖത്തടിച്ചതിന്റെ പേരിലാണ് അയാള്‍ ആ ഷോയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുന്നത്.
എന്നാല്‍ ദുരന്തം അവിടെ അവസാനിച്ചില്ല.
ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്ന് പൊതുവിടങ്ങളിലേക്കും സൈബര്‍ ഇടങ്ങളിലേക്കും അത് വ്യാപിച്ചു. സാമാന്യബുദ്ധിയുള്ള ഒരു സാധാരണക്കാരന് അയ്യേ എന്ന് തോന്നുന്ന മട്ടിലുള്ള നീച ചെയ്തികള്‍ക്കെല്ലാം ആയിരങ്ങള്‍ ആരാധകരായി രൂപംകൊണ്ടു.
അവര്‍ ‘റോബിന്‍ ആര്‍മി’യായി മാറി. വകതിരിവിന്റെ അംശം പോലുമില്ലാത്ത ഭ്രാന്തമായ ആരാധനയുടെ തിരതള്ളലില്‍ അവര്‍ക്ക് സ്വയം മാസ്സായി തോന്നുന്നു.
അവര്‍ റോബിനെ കെ.ജി.എഫ് സിനിമയിലെ റോക്കി ഭായിയുമായാണ് താരതമ്യം ചെയുന്നത്. അതുകൊണ്ട് തന്നെ റോബിന്, ‘രാജാവ്, നേതാവ്, മോണ്‍സ്റ്റര്‍, അവതാരപ്പിറവി,’ എന്നിങ്ങനെ പല തരം വിശേഷണങ്ങളും അവര്‍ നല്‍കുന്നു.
ഒരു സഹമത്സരാര്‍ത്ഥിയുടെ മുഖത്തടിച്ചതിന് ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരുത്തനെ സ്വീകരിക്കാന്‍ ‘പുരോഗമന’ കേരളത്തിലെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടില്‍ അശ്ലീല ആള്‍ക്കൂട്ടങ്ങള്‍ തടിച്ച് കൂടുന്നു.
ഇതിന് തൊട്ടുമുമ്പുള്ള സീസണില്‍ സമാനമായി ഉയര്‍ന്നുവന്ന മറ്റൊരു അവതാരമായിരുന്നു ഡോക്ടര്‍ രജത്.
അന്ന് സഹ മത്സരാര്‍ത്ഥിയായിരുന്ന ഒരു സ്ത്രീയുടെ കണ്ണില്‍ മുളക് തേച്ചതിന്റെ പേരിലായിരുന്നു അദ്ദേഹം പുറത്താക്കപ്പെട്ടത്. എന്നാല്‍, ഈ ആണ്‍ രാജാക്കന്‍മാര്‍ക്കെല്ലാം പിന്തുണ അര്‍പ്പിക്കാനും ജയ്വിളിക്കാനും സ്ത്രീകളും ഇറങ്ങുന്നുവെന്നത് ജീവിച്ചിരിക്കുന്ന കാലത്തോട് തന്നെ പുച്ഛം തോന്നിപ്പിക്കുന്ന ഒരു ക്രൂരയാഥാര്‍ഥ്യം കൂടിയാണ്.
ഷോയില്‍ നിന്നും പുറത്തായി നാട്ടിലിറങ്ങിയ റോബിന്‍ തന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ അയാള്‍ ഉറക്കെ അലറും, കൂടെ ആര്‍മിയും. എന്നെയൊരിക്കലും തോല്‍പ്പിക്കാനാവില്ല, എത്രയൊക്കെ താഴ്ത്താന്‍ ശ്രമിച്ചാലും ഞാന്‍ ഉയര്‍ന്ന് വരും,
എതിരെ വന്നാല്‍ നിന്നെയൊക്കെ ഞാനെടുത്ത് ഉടുത്ത് കളയും, നിന്റെ മൂക്കാമണ്ട ഞാന്‍ അടിച്ച് പൊട്ടിക്കും എന്ന് തുടങ്ങിയ വെല്ലുവിളികളും ഭീഷണികളുമാണ് അയാളുടെ വ്യക്തിമുദ്ര.
ഏഷ്യാനെറ്റിന്റെ തന്നെ മറ്റൊരു ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയ ഇദ്ദേഹത്തോട് അവതാരിക കാണികള്‍ക്ക് വേണ്ടി നായികയെ രക്ഷിക്കുന്ന ‘അഗ്രസ്സീവ് ആയ നായകനായി’ അഭിനയിക്കാമോ എന്ന് ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.
റോബിന്റെ ‘അഗ്രസ്സീവ്നെസ്’ കാണാനാണ് ആളുകള്‍ക്കിഷ്ടം എന്നാണ് അന്ന് അവര്‍ പറഞ്ഞത്. ‘അതേ.. ഞങ്ങളുടെ രാജാവിന്റെ അഗ്രസ്സീവ്നെസ്സാണ് ഞങ്ങളാഗ്രഹിക്കുന്നത്’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് റോബിനോടൊപ്പം നിന്ന് അലറുകയാണ് ഫാന്‍സ് ആര്‍മി.
റോബിനെതിരെ സംസാരിക്കുന്നവരെ, വിമര്‍ശിക്കുന്നവരെ, എന്തിന് അയാളുടെ പ്രണയം നിരസിച്ചു എന്നതിന്റെ പേരില്‍ വരെ വ്യക്തികളെ സോഷ്യല്‍ മീഡിയയില്‍ കീറിമുറിക്കാനും, സൈബര്‍ അറ്റാക്ക് ചെയ്യാനും, ബുള്ളി ചെയ്യാനും ഈ ആര്‍മികള്‍ ഉണ്ടായിരുന്നു.
യഥാര്‍ത്ഥത്തില്‍ ഈ ലോകം എന്താണെന്നോ, ലോകത്തിന്റെ നിലനില്‍പ്പിനെ നിര്‍ണയിക്കുന്ന, മനുഷ്യ ജീവിതത്തിന്റെ സമഗ്രതയെ മുന്നോട്ടുനയിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ സമവാക്യങ്ങള്‍ എന്താണെന്നോ ഒരു ബോധവുമില്ലാത്ത മധ്യവര്‍ഗജീവിതത്തിന്റെ സുഖലോലുപതയില്‍ അഭിരമിക്കുന്ന ഇമ്മാതിരി അരാഷ്ട്രീയ ജന്മങ്ങള്‍ കരുതുന്നത് തനിക്ക് ചുറ്റുമാണ് ലോകം തിരിയുന്നത് എന്നാണ്.
പൊട്ടക്കിണറ്റിലെ തവളകള്‍ എന്നതിനപ്പുറം മറ്റൊരു വിശേഷണവും ഇവരര്‍ഹിക്കുന്നില്ല.
ലോകത്തുള്ള മറ്റാരെയും ബാധിക്കാത്ത തന്റേത് മാത്രമായ ചെറിയ പ്രശ്നങ്ങളാണ് ലോകത്തുള്ള സകലരുടെയും ചര്‍ച്ചാ വിഷയമെന്നും, തനിക്ക് വേണ്ടി അലറുന്ന കേവല ആള്‍ക്കൂട്ടങ്ങളാണ് ഈ ലോകമെന്നും അയാള്‍ കണക്കുകൂട്ടുന്നുണ്ട്.
ചുരുക്കി പറഞ്ഞാല്‍ എവിടെ പോയാലും, ഏത് അവസ്ഥയിലാണെങ്കിലും, താനായിരിക്കണം അവിടുത്തെ പ്രധാന കഥാപാത്രം, തന്നെ കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യണം എന്ന ചിന്തയില്‍, ഒരു മൗഡ്യ സങ്കല്‍പത്തില്‍ നിന്നുകൊണ്ട് തന്റെ തന്നെ സ്വപ്നത്തിലെ ബാഹുബലിയും റോക്കി ഭായിയുമായി സ്വയം അവരോധിക്കുകയാണ് ഡോക്ടര്‍ റോബിന്‍. നീതിബോധവും വിവേകവുമുള്ള മനുഷ്യര്‍ തന്നെ ഒരു കോമാളിയായി കാണുന്നത് അയാള്‍ അറിയുന്നുണ്ടാകുമോ! ഇത്രമാത്രം ഉയരങ്ങളില്‍ തന്നെ എത്തിച്ച ജനങ്ങളെ സേവിക്കാനായി താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നൊരു പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു.
ഇതില്‍പരം ഒരു അരാഷ്ട്രീയ വശളത്തരം സമീപകാലത്തൊന്നും കേള്‍ക്കേണ്ടി വന്നിട്ടില്ല. രണ്ടാഴ്ച്ച മുന്‍പ് ഒരു വിമന്‍സ് കോളേജില്‍ അതിഥിയായെത്തിയ റോബിന്‍ നിലവിട്ട മട്ടില്‍ അലറുന്ന വീഡിയോ കണ്ടിരുന്നു. മോട്ടിവേഷന്‍ സ്പീക്കര്‍, ഡോക്ടര്‍, സെലിബ്രിറ്റി എന്നെല്ലാമുള്ള മട്ടില്‍ ആ ക്യാംപസിലേക്ക് അവതരിപ്പിക്കപ്പെട്ട റോബിന്‍ തന്റെ വ്യക്തിപരമായ എന്തൊക്കെയോ വിഷയങ്ങള്‍ പറഞ്ഞ് അലറിവിളിക്കുകയായിരുന്നു. ഒരു കോളേജിലെ കുട്ടികളെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനുള്ള എന്ത് ക്വാളിറ്റിയാണ് അയാള്‍ക്കുള്ളത് എന്ന് പ്രോഗ്രാമിന്റെ വൈറല്‍ ആയ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ചുപോകും. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് വേണ്ടത് വേദികളല്ല, മെച്ചപ്പെട്ട ചികിത്സയാണ്. ഇത്തരം ദുരന്ത കള്‍ട്ടുകളെ നിര്‍മിച്ചെടുക്കുന്നതില്‍ ഏറ്റവും പ്രതിലോമകരമായ റോള്‍ വഹിക്കുന്ന മറ്റൊരു കൂട്ടര്‍ മാധ്യമങ്ങളാണ്. അവഗണിച്ചുവിടേണ്ട ഈ വിഭാഗത്തിന് നേരെ പാഞ്ഞു ചെല്ലുന്ന, അവര്‍ക്ക് മുന്നിലേക്ക് മൈക്ക് നീട്ടുന്ന, അയാളുടെ തലവെട്ടം കാണ്ടാല്‍ ഉടന്‍ അവിടെ പാഞ്ഞെത്തുന്ന മൂന്നാംകിട മാധ്യമങ്ങള്‍. തന്റെ ജീവനും, പ്രാണനുമെല്ലാം മാധ്യമങ്ങളും അവര്‍ നല്‍കുന്ന പബ്ലിസിറ്റിയുമാണെന്നാണ് റോബിന്റെ പക്ഷം. റോബിന്‍ തന്റെ വണ്ടിയുടെ ഇ.എം.ഐ അടച്ചോ ഇല്ലയോ എന്നുള്ളതായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കഴിഞ്ഞ ദിവസങ്ങളിലെ എക്സ്‌ക്ലൂസീവ്.
അവഗണിച്ചുവിടേണ്ട ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയും സമയം മെനക്കെടുത്തണോ എന്ന് കരുതുന്നവരുണ്ടാകാം. ശരിയാണ്. പക്ഷേ, നാം ജീവിക്കുന്ന കാലത്തെ, നമ്മുടെ സൈബര്‍ ഇടങ്ങളെ, നമ്മുടെ ഡിജിറ്റല്‍ ചരിത്രത്തെ ഇത്രമേല്‍ മലീമസമാക്കുന്ന വിഷജീവികള്‍ ആരാധനാമൂര്‍ത്തികളായി മാറുന്ന ഒരു ദുരന്ത പ്രവണതയെ അടയാളപ്പെടുത്തുക മാത്രമാണ്. ഇന്നലെ രജത് കുമാര്‍, ഇന്ന് റോബിന്‍, നാളെ മറ്റൊരാള്‍. ഈ കാലത്തെയും നമ്മുടെ തലമുറ അതിജീവിക്കുമായിരിക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം വിവാദങ്ങളില്‍ നിന്നെല്ലാം ഒരു അവധിയെടുക്കുകയാണ് താനെന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വേള്‍ഡ് ടൂറിന് പോകാനൊരുങ്ങുകയാണ് റോബിന്‍. ശ്രീലങ്കയാണ് റോബിന്റെ യാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം. ഇതിനിടെ കോളേജില്‍ വച്ച് അലറി വിളിച്ച് സംസാരിച്ചത് തനിക്ക് പറ്റിയ വീഴ്ചയാണെന്ന് റോബിന്‍ തുറന്ന് സമ്മതിച്ചിരുന്നു.
