News
കണ്ണിന് പുറമേ താന്‍ വൃക്കയും മാറ്റിവച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുബതി
കണ്ണിന് പുറമേ താന്‍ വൃക്കയും മാറ്റിവച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുബതി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് റാണാ ദഗ്ഗുബതി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കണ്ണിന് പുറമേ താന്‍ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടന്‍. പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് റാണ ഇതേ കുറിച്ച് പറഞ്ഞത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലം റാണ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്ന് രോഗവിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. കണ്ണും വൃക്കയും മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തില്‍ മുന്നോട്ട് പോയേ മതിയാകൂ എന്ന ചിന്തയാണ് ആത്മവിശ്വാസം നല്‍കിയതെന്ന് റാണ പറഞ്ഞു.
തന്റെ വലതു കണ്ണിന് ഇപ്പോഴും കാഴ്ചയില്ല. ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മളില്‍ പലരും തകര്‍ന്നുപോകും. അത് പരിഹരിച്ചാല്‍ പോലും അത് നല്‍കുന്ന ഭാരം ചിലപ്പോഴെങ്കിലും ബാക്കിയാകും. തനിക്ക് കണ്ണു മാറ്റിവയ്ക്കലും വൃക്ക മാറ്റിവയ്ക്കലും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചു, മുന്നോട്ട് പോയ്‌കൊണ്ടിരിക്കുകയാണെന്നും റാണ കൂട്ടിച്ചേര്‍ത്തു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി റാണാ രംഗത്തെത്തിയിരുന്നത്. ‘എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു.
എങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല. ഇടത് കണ്ണ് പൂട്ടിയാല്‍ എനിക്ക് ഒന്നും കാണാന്‍ സാധിക്കില്ല. നമ്മളില്‍ പലര്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തളര്‍ന്ന് പോകരുത്. ഉയര്‍ത്തെഴുന്നേല്‍ക്കണം. ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും മറികടക്കാം’ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.