Connect with us

ലാലേട്ടന്‍ മീശ പിരിക്കുമ്പോലെ ദിലീപ് മീശ പിരിച്ചാല്‍ ആളുകള്‍ ചിരിക്കും; മീശ മാധവനെ കുറിച്ച് ലാല്‍ ജോസ്

News

ലാലേട്ടന്‍ മീശ പിരിക്കുമ്പോലെ ദിലീപ് മീശ പിരിച്ചാല്‍ ആളുകള്‍ ചിരിക്കും; മീശ മാധവനെ കുറിച്ച് ലാല്‍ ജോസ്

ലാലേട്ടന്‍ മീശ പിരിക്കുമ്പോലെ ദിലീപ് മീശ പിരിച്ചാല്‍ ആളുകള്‍ ചിരിക്കും; മീശ മാധവനെ കുറിച്ച് ലാല്‍ ജോസ്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

കേസിലകപ്പെട്ടതോടെ ദിലീപിന് നഷ്ടപ്പെട്ടത് പഴയ സ്വീകാര്യതയാണെന്നാണ് സിനിമാ പ്രേക്ഷകര്‍ പറയുന്നത്. ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളര്‍ച്ച് ഒരു കാലത്ത് സിനിമാ ലോകത്ത് തന്നെ ചര്‍ച്ചയായിരുന്നു. ജയറാം കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നേടിയിരുന്ന സ്വീകാര്യത മികച്ച സിനിമകളിലൂടെ ദിലീപിലേയ്‌ക്കെത്തി.

നായക നിരയില്‍ ദിലീപ് ഒരു സൂപ്പര്‍ സ്റ്റാറോളം വളരുമെന്ന് ആദ്യമായി തെളിയിച്ചത് മീശമാധവന്‍ എന്ന സിനിമയാണ്. ഇന്നും കള്ളന്‍ മാധവനും ചേക്കിലെ നാട്ടുകാര്‍ക്കും ആരാധകരേറെയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ സിനിമ പുറത്തിറങ്ങുന്നത് 2002 ലാണ്. അന്നും ഇന്നും ഈ സിനിമ ഐക്കണിക് ബോക്‌സ് ഓഫീസ് ഹിറ്റായി നിലനില്‍ക്കുന്നു.

മുമ്പൊരിക്കല്‍ ലാല്‍ ജോസ് സിനിമയില്‍ ദിലീപിനെ നായകനാക്കിയതിനെക്കുറിച്ച് സംസാരിച്ചിരുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലായിരുന്നു ഇത്. ‘ആ സമയത്ത് ലാലേട്ടന്റെ ആറാം തമ്പുരാന്‍, നരസിംഹം പോലെ മീശ പിരിച്ചിട്ടുള്ള സിനിമകള്‍ വന്ന് കൊണ്ടിരിക്കുന്ന സമയമാണ്. ഞാനും രജ്ഞനും എങ്ങനെയായിരിക്കും ഇയാളുടെ അപ്പിയറന്‍സ് എന്നാലോചിച്ചു.

എല്ലാ കള്ളന്‍മാര്‍ക്കും കൊമ്പന്‍ മീശയുണ്ടാവും. ദിലീപ് മീശ പിരിച്ചാല്‍ ആളുകള്‍ ചിരിക്കും. നെക്സ്റ്റ് ഡോര്‍ ബോയ് ഇമേജാണ് അവന്. എനിക്ക് പെട്ടെന്നത് സ്‌െ്രെടക്ക് ചെയ്തു. ആള്‍ക്കാര്‍ ചിരിക്കുന്നെങ്കില്‍ നല്ലതല്ലേ’. അതുവരെ ദിലീര് മീശപിരിച്ച് അഭിനയിച്ചിട്ടില്ല. നാടന്‍ പയ്യന്‍ എന്ന രീതിയിലാണ് എല്ലാം. അങ്ങനെയെങ്കില്‍ ദിലീപിനെക്കാെണ്ട് മീശ പിരിപ്പിക്കണം എന്ന് പറഞ്ഞു.

അങ്ങനെയെങ്കില്‍ അതിനൊരു കാരണം വേണം. അങ്ങനെ ആലോചിച്ചപ്പോഴാണ് ആരെങ്കിലും പ്രകോപിപ്പിച്ചാല്‍ ഇവന്‍ ആളുടെ മുഖത്ത് നോക്കി മീശ പിരിക്കും. അങ്ങനെ മീശ പിരിച്ചാല്‍ ഇവന്‍ അന്ന് രാത്രി അവരുടെ വീട്ടില്‍ കയറുമെന്നത് നാട്ടിന്‍ പുറത്ത് പരസ്യമായ രഹസ്യമാണ്. അങ്ങനെ ചെയ്യാമെന്ന് രഞ്ജനും പറഞ്ഞു.

കള്ളന്‍ മാധവന്‍ എന്നായിരുന്നു അത് വരെ സിനിമയ്ക്ക് കണ്ട പേര്. മീശ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ എന്തുകൊണ്ട് മീശമാധവന്‍ എന്നാക്കിക്കൂടെന്ന് കരുതി. ഞാന്‍ ദിലീപിനെ കാണാന്‍ ആലുവ പോയി. ഇങ്ങനെയൊരു കഥയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് പറഞ്ഞു. ബാബു ജനാര്‍ദ്ദനന്‍ മീശമാധവന്‍ റഫായി വരച്ചിരുന്ന കാരിക്കേച്ചറുമായാണ് ദിലീപിനടുത്ത് പോയത്.

കണ്ടയുടനെ ദിലീപ് ചിരിച്ചു. ഇതില്‍ നിന്ന് നിനക്ക് എന്താണ് മനസ്സിലാവുന്നതെന്ന് ചോദിച്ചു. ഇയാള്‍ കള്ളാനാണോയെന്ന് ദിലീപ്. അങ്ങനെ കഥ പറഞ്ഞു. ദിലീപിന് കഥ ഭയങ്കരമായി ഇഷ്ടമായി, എന്നും ലാല്‍ ജോസ് പറഞ്ഞു. ദിലീപിന്റെയും ലാല്‍ ജോസിന്റെയും കരിയറിലെ വമ്പന്‍ ഹിറ്റായി ഈ സിനിമ മാറി. നായികയായ കാവ്യ മാധവനും സിനിമയുടെ വിജയം ഗുണം ചെയ്തു.

സിനിമയിലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ജ്യോതിര്‍മയി, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സുകുമാരി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയില്‍ അണിനിരന്നു. എല്ലാവരുടെയും മികച്ച പ്രകടനമായിരുന്നു സിനിമയില്‍ കണ്ടത്. പിന്നീട് ദിലീപ് ലാല്‍ ജോസ് കൂട്ട് കെട്ട് സിനിമാ ലോകത്തെ പ്രമുഖ സാന്നിധ്യമായി. വിവാദങ്ങളിലും ദിലീപിന് ലാല്‍ ജോസ് പിന്തുണയറിയിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ലാല്‍ ജോസ്.

ഇരുവരും കരിയറിന്റെ തുടക്ക കാലത്തേ അടുത്ത സുഹൃത്തുക്കളാണ്. ഇതിന് മുമ്പും ദിലീപിനെ കുറിച്ച് ലാല്‍ ജോസ് പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുമ്പൊരിക്കല്‍ ചന്ദ്രനുദിക്കുന്ന ദിക്കിന്റെ സെറ്റില്‍ നടന്ന രസകരമായൊരു സംഭവം ലാല്‍ ജോസ് പങ്കുവെച്ചിരുന്നു. ആ കാലത്ത് കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ രംഗത്ത് വരികയും വലിയ താരമാവുകയും ചെയ്തു. കുഞ്ചാക്കോ ബോബന്‍ ഉദയ കുടുംബത്തില്‍ നിന്നും വരുന്ന സുന്ദരനായ യുവാവ്.

ആദ്യ സിനിമ സൂപ്പര്‍ ഹിറ്റ്. ആ കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെയും യുവതികളുടെയുമൊക്കെ സ്വപ്ന കാമുകന്‍ കുഞ്ചാക്കോ ബോബനായിരുന്നു. കുഞ്ചാക്കോ ബോബന്റെ അതേ പ്രായത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൊണ്ടിരുന്നത് ആ സമയത്ത് ദിലീപാണ്. കുഞ്ചാക്കോ ബോബന്റെ വരവോടെ ദിലീപിന്റെ പ്രഭ അല്‍പ്പം മങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്.

ഒരിക്കല്‍ നിനക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന് കാവ്യാ മാധവനോട് ദിലീപ് ചോദിച്ചു’.’മോഹന്‍ലാല്‍, മമ്മൂട്ടി എന്ന് പറഞ്ഞ് പിന്നെ തന്റെ പേര് പറയുമെന്ന് വിചാരിച്ചാണ് ചോദിക്കുന്നത്. അവള്‍ വളരെ നിഷ്‌കളങ്കമായി പറഞ്ഞു കുഞ്ചാക്കോ ബോബനെന്ന്. ഞങ്ങള്‍ അത് പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു. വല്ല കാര്യമുണ്ടോ ഞാന്‍ ഒരു പുതുമുഖ നായികയുടെ കൂടെ സ്‌ട്രെയ്ന്‍ ചെയ്ത് അഭിനയിക്കുകയാണ് എന്നിട്ട് അവള്‍ക്കിഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന് പറഞ്ഞ് ദിലീപും കളിയാക്കുമായിരുന്നു’വെന്നും ലാല്‍ ജോസ് ഓര്‍ത്തു.

More in News

Trending

Recent

To Top