Actor
പുഷ്പ 2 റിലീസ്; തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; അല്ലു അർജുനെതിരെ കേസെടുക്കും
പുഷ്പ 2 റിലീസ്; തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; അല്ലു അർജുനെതിരെ കേസെടുക്കും
പ്രേക്ഷകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പലയിടത്തും പ്രേക്ഷകർ തിക്കി തിരക്കിയതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ഈ വേളയിൽ പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതും വാർത്തയായിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത്. അല്ലു അർജുൻ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റർ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിക്കുന്നത് അവസാന നിമിഷം മാത്രമാണ് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറയുന്നത്.
രാത്രി 9.30 ഓടെയാണ് അല്ലു അർജുൻ കുടുംബസമേതം തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ എത്തിയ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. തുടർന്ന് താരത്തിന്റെ സെക്യൂരിറ്റി ടീം ഈ ആൾക്കാരെ മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു.
തുടർന്നാണ് പൊലീസിന് ലാത്തിച്ചാർജ് പ്രയോഗിക്കേണ്ടി വന്നത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകൻ ഗുരുതരാവസ്ഥയിലാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശിയപ്പോൾ അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്.
അതേസമയം, ലോകമെമ്പാടും 12,500 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. റിലീസിന് മുൻപേ തന്നെ നിരവധി റെക്കോർഡുകളാണ് പുഷ്പ 2 തകർത്തത്. പ്രീ-റിലീസിലും പ്രീ-ബുക്കിംഗിലും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘
പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം. ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.
