Connect with us

മരക്കാറിന്റെ അത്രയും ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ – അമിതാഭ് ബച്ചന്റെ ചോദ്യത്തിനു പ്രിയദർശന്റെ മറുപടി

Malayalam Articles

മരക്കാറിന്റെ അത്രയും ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ – അമിതാഭ് ബച്ചന്റെ ചോദ്യത്തിനു പ്രിയദർശന്റെ മറുപടി

മരക്കാറിന്റെ അത്രയും ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ – അമിതാഭ് ബച്ചന്റെ ചോദ്യത്തിനു പ്രിയദർശന്റെ മറുപടി

നമ്മൾ ആരാധക്കുന്ന പല നായകന്മാർക്കും സംവിധായകന്മാർക്കും അതിലും വല്യ ആരാധനയുള്ള വ്യക്തിത്വങ്ങളുണ്ട് . സംവിധായകൻ പ്രയദര്ശന് മലയാളികളുടെ അഭിമാനമാണ് . അദ്ദേഹം ആരാധിക്കുന്ന ഒരു വ്യക്തിയാണ് അമിതാഭ് ബച്ചൻ . എന്നാൽ അമിതാഭ് ബച്ചനെ വച്ച് സിനിമ ചെയ്യാൻ പ്രിയദര്ശന് ധൈര്യമില്ലന്നു അദ്ദേഹം തന്നെ പറയുകയാണ്.

ജീവിതത്തില്‍ രണ്ടുപേരെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ചിട്ടുള്ളത്. ഒന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഫാറൂഖ് എഞ്ചിനീയര്‍, മറ്റൊന്ന് അമിതാഭ് ബച്ചന്‍. സിനിമ കാണാന്‍ തുടങ്ങിയ കാലംതൊട്ട് ഹിന്ദി സിനിമകളോട് വല്ലാത്തൊരു ആരാധനയുണ്ടായിരുന്നു, ഹിന്ദി സിനിമകള്‍ കാണാനുള്ള ഒരവസരവും പാഴാക്കാറുമില്ല.

തുടര്‍ച്ചയായ ഹിറ്റുകള്‍. അമിതാഭ് ബച്ചന്‍ ഇന്ത്യയൊട്ടാകെ കള്‍ട്ടായി മാറി. ഒരു സിനിമപോലും നഷ്ടപ്പെടാതിരിക്കാന്‍ അച്ഛന്റെ പോക്കറ്റില്‍ നിന്ന് മോഷ്ടിച്ച കാശുമായി തിയ്യറ്ററുകളിലേക്ക് ഞാന്‍ ഓടിക്കൊണ്ടേയിരുന്നു. ഭ്രാന്തമായ ആവേശമായിരുന്നു ഓരോ ബച്ചന്‍ സിനിമയും. ബച്ചനെ നേരിട്ട് കാണണമെന്ന് അന്ന് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ല. കുറച്ച് ഉയരമുള്ളതിനാല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ അമിതാഭ് ബച്ചന്റെ ഡ്രസ്സിങ് സ്‌റ്റൈല്‍ പിന്തുടരണം എന്ന ചിന്തയാണ് ബെല്‍ബോട്ടം പാന്റ്സ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്. അഭിനവ ബച്ചനാകാനുള്ള ശ്രമങ്ങള്‍ പലരീതിയില്‍ നടത്തിനോക്കി.

1984, എന്റെ തിരക്കഥയിലൊരുങ്ങുന്ന വനിതാ പൊലീസ് എന്ന സിനിമയുടെ ഷൂട്ടിങ് മേരിലാന്‍ഡ് സ്റ്റുഡിയോയില്‍ നടക്കുകയാണ്. സീമച്ചേച്ചിയും സുകുമാരിച്ചേച്ചിയുമൊക്കെ സെറ്റിലുണ്ട്. അമിതാഭ് ബച്ചന്‍ ശബരിമല സന്ദര്‍ശനത്തിനായി കേരളത്തില്‍ ഉണ്ടെന്ന വിവരം ഞങ്ങളറിഞ്ഞിരുന്നു. അദ്ദേഹം ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് തിരിച്ചുപോകുന്നത്. വിമാനം വൈകിയതിനാല്‍ താത്കാലിക വിശ്രമസ്ഥലം എന്ന നിലയില്‍ അദ്ദേഹത്തെ മേരിലാന്‍ഡ് സ്റ്റുഡിയോയിലെ കോട്ടേജിലേക്കെത്തിച്ചു.

ഭീം സിങ്ങിന്റെ ഭാര്യ എന്ന നിലയില്‍ സുകുമാരിച്ചേച്ചിയെയും ഐ.വി. ശശിയുടെ ഭാര്യ എന്ന നിലയില്‍ സീമച്ചേച്ചിയെയും അമിതാഭ് ബച്ചന് പരിചയമുണ്ട്. അതിനാല്‍ത്തന്നെ അവര്‍ക്ക് രണ്ടുപേര്‍ക്കും അമിതാഭ് ബച്ചനെ കണ്ട് ഫോട്ടോ എടുക്കാന്‍ അനുമതി കിട്ടി. അദ്ദേഹം റൂമില്‍നിന്ന് പുറത്തുവന്ന് ഫോട്ടോ എടുക്കുന്നത് ഞാന്‍ ദൂരെ മാറിനിന്ന് കണ്ടു. നേരിട്ടുള്ള ആദ്യ അമിതാഭ് ബച്ചന്‍ ദര്‍ശനം അതായിരുന്നു.

ഒരു ദശാബ്ദം കടന്നുപോയി. ഞാന്‍ ഹിന്ദിസിനിമ സംവിധാനംചെയ്തുതുടങ്ങി. രണ്ടാമത്തെ ഹിന്ദി സിനിമയായ ഗര്‍ദിഷ് പൂര്‍ത്തിയായപ്പോള്‍ ബോളിവുഡിലെ പ്രമുഖര്‍ക്കായി പ്രിവ്യൂ ഷോ ഒരുക്കി. കിരീടത്തിന്റെ റീമേക്കായിരുന്നു ഗര്‍ദിഷ്. നിര്‍മാതാവായ മോഹന്‍ ചേട്ടന് (ഗുഡ്നൈറ്റ് മോഹന്‍) അമിതാഭ് ബച്ചനുമായി അടുത്ത ബന്ധം ഉള്ളതിനാല്‍ അദ്ദേഹത്തെയും പ്രിവ്യൂ കാണാന്‍ ക്ഷണിച്ചു. അമിതാഭ് ബച്ചന്‍ അഭിനയത്തിന് ഇടവേള നല്‍കി വീട്ടിലിരിക്കുന്ന സമയമാണത്. അദ്ദേഹം തിയേറ്ററിലെത്തി, സിനിമ കാണുന്നതിനിടെ ഞാന്‍ പലവട്ടം നോക്കിയെങ്കിലും പരിചയമില്ലാത്തതിനാല്‍ എന്നെ അദ്ദേഹം ശ്രദ്ധിച്ചില്ല.

സിനിമ കണ്ടുകഴിഞ്ഞശേഷം മോഹന്‍ചേട്ടനോട് അമിതാഭ് ബച്ചന്‍ ചോദിച്ചു, ”ആരാ ഇതിന്റെ സംവിധായകന്‍?” മോഹന്‍ചേട്ടന്‍ എന്നെ വിളിച്ചു. ബച്ചനെ അഭിമുഖീകരിക്കേണ്ട പേടിമൂലം ഞാന്‍ അല്പം മാറിനില്‍ക്കുകയായിരുന്നു. മോഹന്‍ചേട്ടന്‍ എന്നെ ബച്ചന് പരിചയപ്പെടുത്തി. പരിചയപ്പെട്ട ഉടന്‍ വന്നു ചോദ്യം ”ഡോണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മഹാലക്ഷ്മി ധോബിഘാട്ടില്‍നിന്ന് രണ്ട് സീന്‍ ഷൂട്ട് ചെയ്യാന്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. എങ്ങനെയാണ് നിങ്ങള്‍ പൂര്‍ണമായും ഈ സിനിമ ധോബിഘാട്ടില്‍വെച്ച് ചിത്രീകരിച്ചത്?” ”സാര്‍, മഹാലക്ഷ്മി ധോബിഘാട്ടില്‍ ഒറ്റ ഷോട്ട് മാത്രമേ ചിത്രീകരിച്ചുള്ളൂ, ബാക്കിയെല്ലാം സെറ്റിട്ടതാണ്” ഞാന്‍ മറുപടി നല്‍കി. ”പ്രിയന്‍, എനിക്ക് സിനിമ അറിഞ്ഞുകൂടാ എന്നാണോ വിചാരം, അതെങ്ങനെ സാധ്യമാകും?” അദ്ദേഹം വിട്ടില്ല. ”ശരിക്കും സെറ്റാണ് സാര്‍, സാബു സിറിള്‍ എന്ന പുതിയ കലാസംവിധായകനാണ് സെറ്റിന് പിന്നില്‍.” ഞാന്‍ പറഞ്ഞവസാനിപ്പിച്ചു. ”സാബു സിറിള്‍ അല്ലേ” അദ്ദേഹം ചിരിച്ചുകൊണ്ട് തിരിച്ചുപോയി.

ഏറെനാളുകള്‍ കഴിഞ്ഞു. മേജര്‍ സാബ് എന്ന സിനിമ വന്നപ്പോള്‍ ടിനു ആനന്ദ് എന്നോട് പറഞ്ഞു ”സാബു സിറിള്‍ എന്നൊരു പയ്യന്‍ ദക്ഷിണേന്ത്യയിലുണ്ട്. അവനെക്കൊണ്ട് ഇതിന്റെ സെറ്റ് ചെയ്യിക്കണം എന്ന്.” അമിതാഭ് ബച്ചനാണ് ടിനു ആനന്ദിനോട് സാബുവിന്റെ കാര്യം പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കേട്ട ആ പേര് അത്ര കൃത്യമായി ബച്ചന്‍ ഓര്‍ത്തുവെച്ചു എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.

അമിതാഭ്ബച്ചന്‍ പൊതുചടങ്ങിനായി കേരളത്തിലേക്ക് ആദ്യമായി വരുന്നത് കൊച്ചിയില്‍ നടന്ന അമ്മയുടെ ഷോയ്ക്കാണ്. ഷോ തുടങ്ങുമ്പോള്‍ അദ്ദേഹത്തെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ജോഷിയേട്ടനായിരുന്നു. സമയമായപ്പോള്‍ ജോഷിയേട്ടന്‍ എന്നോട് പറഞ്ഞു ‘പ്രിയാ, നിനക്ക് അമിതാഭ് ബച്ചനെ പരിചയമുണ്ടല്ലോ, നീ എന്റെ കാറെടുത്ത് പോയി അദ്ദേഹത്തെ കൂട്ടിവരണം.’ ഞാനങ്ങനെ ജോഷിയേട്ടന്റെ കാറെടുത്ത് താജിലേക്ക് പോയി അദ്ദേഹത്തെ കാറില്‍ കയറ്റി. ബോംബെ ടു ഗോവയുടെ സംവിധായകന്‍ രാമനാഥനും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. ഗര്‍ദിഷിന്റെ സമയത്ത് എന്നെ കണ്ടത് ബച്ചന്‍ മറന്നിരുന്നു. കാര്‍യാത്രയ്ക്കിടെ രാമനാഥന്‍ ബച്ചനോട് പറഞ്ഞു ‘പ്രിയനേ മനസ്സിലായില്ലേ.’ അദ്ദേഹം ഒന്നും പറഞ്ഞില്ല. ‘ഗര്‍ദിഷ് സംവിധാനം ചെയ്ത പ്രിയന്‍.’ രാമനാഥന്‍ തുടര്‍ന്നു. അത് കേട്ട ഉടന്‍ ബച്ചന്‍ എന്റെ തോളില്‍ കൈവച്ച് ചോദിച്ചു. ‘പ്രിയന്‍, എന്തിനാണ് താങ്കള്‍ എന്നെ ഡ്രൈവ് ചെയ്യുന്നത്.’ ഇത് എനിക്ക് കിട്ടിയ വലിയ അംഗീകാരമാണെന്ന് ഞാന്‍ മറുപടി നല്‍കി.

സ്ഥലത്ത് എത്തിയപ്പോള്‍ വേദിക്ക് പിന്നിലെ വാനിറ്റിവാനില്‍ മധുസാറുണ്ടായിരുന്നു. ‘അമിത് ജീ, വര്‍ഷങ്ങള്‍ക്കുമുമ്പ് കൂടെ അഭിനയിച്ച ഒരാളെ കാണിച്ചുതരട്ടെ’ ഞാന്‍ ചോദിച്ചു. വാനിറ്റി വാന്‍ തുറന്ന് അദ്ദേഹത്തെ ഉള്ളിലേക്ക് കയറ്റി. ബച്ചന്റെ ആദ്യ സിനിമയായ സാത്ത് ഹിന്ദുസ്ഥാനിയില്‍ മധുസാറും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മധുസാറെ കണ്ട ഉടന്‍ അദ്ദേഹം കെട്ടിപ്പിടിച്ചു. ‘ഐ സ്റ്റില്‍ റിമമ്പര്‍ യൂ മധു.’

കാലാപാനി എന്ന സിനിമ അമിതാഭ് ബച്ചന്‍ നിര്‍മാണ കമ്പനിയായ എബിസിഎല്‍ ആണ് ഹിന്ദിയില്‍ വിതരണം ചെയ്തത്. പടത്തിന്റെ ട്രെയ്​ലര്‍ കണ്ട അമിതാഭ് ബച്ചന്‍ എന്നെ വിളിച്ചു, ബ്രില്യന്റ് വര്‍ക്ക് എന്ന് പറഞ്ഞു. അതിനുശേഷം അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ എന്നെ വിളിച്ചു.

എബിസിഎല്ലിന്റെ ഓഫീസിലേക്ക് ഞാനെത്തി. മൂന്ന് ഹിന്ദി സിനിമകള്‍ മാത്രമാണ് അന്ന് ഞാന്‍ ചെയ്തിട്ടുള്ളത്. ജയാ ബച്ചനെയാണ് ഞാന്‍ ആദ്യം കണ്ടത്. ‘പ്രിയദര്‍ശന്‍ വരൂ, ഇരിക്കൂ’ ജയാ ബച്ചന്‍ സന്തോഷത്തോടെ സ്വാഗതമോതി. അവിടെ ഇരിക്കുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുകയാണ്. കാരണം അമിതാഭ് ബച്ചനെ വച്ച് സിനിമ ചെയ്യാനുള്ള ധൈര്യം എനിക്കില്ല. അദ്ദേഹത്തോടുള്ള ആരാധന വളര്‍ന്ന് ഭയമായി ഉള്ളില്‍ കിടക്കുകയാണ്. ‘എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല.’ ജയാജീയോട് ഞാന്‍ പറഞ്ഞു. ‘അതെന്താ പ്രിയന്‍ ഇത്രയും വലിയൊരു അവസരം വന്നിട്ട്?’ ജയാജീ ചോദിച്ചു.

‘അമിതാഭ് ബച്ചന്‍ എന്ന നടന്‍ മനസ്സില്‍ വളരെ അതികായനായി നില്‍ക്കുന്ന ഒരു ഇമേജാണ്. അദ്ദേഹത്തെ സംവിധാനം ചെയ്യാന്‍ എനിക്ക് പറ്റുമെന്ന വിശ്വാസം ഇല്ല. ജയാജീക്ക് എന്റെ സാഹചര്യം മനസ്സിലായി. അവര്‍ ബച്ചനെ വിളിച്ചു. വാതില്‍ തുറന്ന് അദ്ദേഹം എന്റെ മുന്നില്‍ വന്നുനിന്നു. ആദ്യമായി അമിതാഭ് ബച്ചന്‍ മുന്നില്‍ വന്ന് മുഖാമുഖം നില്‍ക്കുകയാണ്.

‘പ്രിയന്‍ എന്നെവെച്ച് പടം ചെയ്യില്ലാല്ലേ?’ അമിത്ജീ ചോദിച്ചു. എന്താ പറയേണ്ടതെന്നറിയാതെ ഞാന്‍ വിയര്‍ത്തു. ‘അത് അങ്ങനെയല്ല അമിത് ജീ, പടം ചെയ്യണമെന്നൊക്കെ എനിക്കും ആഗ്രഹമുണ്ട്.’ ‘ജയാ, പിന്നെന്താ പ്രശ്‌നം. പ്രിയന്‍ പടം ചെയ്യട്ടെ’ ബച്ചന്‍ തുടര്‍ന്നു. ‘അല്ല അങ്ങനെയല്ല എനിക്ക് ചെറിയൊരു പ്രശ്‌നം ഉണ്ട്.’ ‘അപ്പോള്‍ പടം ചെയ്യാന്‍ താത്പര്യമില്ലല്ലേ?.’ ‘എനിക്ക് താത്പര്യമുണ്ട്.’ ‘എന്നാ പ്രിയന്‍ പടം ചെയ്യൂ.’ അദ്ദേഹവും വിട്ടില്ല. ‘അല്ല പടം ചെയ്യൂ എന്നുവെച്ചാല്‍.’ ‘അപ്പോ പടം ചെയ്യാന്‍ താത്പര്യമില്ലല്ലേ.”താത്പര്യമുണ്ട്.’ ‘ജയാ പ്രിയനോട് ഒപ്പ് മേടിക്കൂ. പടം ചെയ്യട്ടെ.’ ‘അല്ല, അമിത് ജീ ഞാന്‍ ജയാജീയോട് കുറച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടുണ്ട്.’ ‘അപ്പോ പ്രിയന്‍ എന്നെ വച്ച് പടം ചെയ്യില്ല.’ ബച്ചന്‍ ഗൗരവഭാവത്തില്‍ സംസാരം തുടരുകയാണ്,എന്റെ ശരീരമാകെ വിയര്‍ത്തൊലിച്ചു.

ജയാ ബച്ചന്‍ അമിതാഭ് ബച്ചനോട് പറഞ്ഞു ‘പാവത്തിനെ ഇങ്ങനെയിട്ട് കഷ്ടപ്പെടുത്തരുത്.’ അപ്പോള്‍ അദ്ദേഹം ചിരിച്ചു. ‘അമിത്ജീ, ജീവിതത്തില്‍ ഞാന്‍ ഏറ്റവും ആരാധിക്കുന്ന മനുഷ്യനാണ്, അങ്ങയെവെച്ച് പടം ചെയ്യാനുള്ള ധൈര്യം എനിക്കില്ല. ആ ധൈര്യം വരുമ്പോള്‍ ഞാന്‍ വരാം.’ പുള്ളി ചിരിച്ചുകൊണ്ട് എന്റെ തോളില്‍തട്ടി. ഓകെ, പ്രിയാ താങ്കളുടെ സത്യസന്ധതയെ ഞാന്‍ ബഹുമാനിക്കുന്നു.

അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദ് രാമോജി ഫിലിംസിറ്റിയില്‍ നടക്കുന്ന സമയം. ഒരുദിവസം വൈകുന്നേരം അമിതാഭ് ബച്ചന്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ലാല്‍ എന്നോട് പറഞ്ഞു. അമിത്ജീയോ, ലാലേ നമുക്കൊന്ന് പോയി കാണാം എന്നായി ഞാന്‍. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തിന്റെ മുറിയുടെ മുന്നിലെത്തി. രാത്രി 10.30-ന്. ബ്ലാക്ക്ക്യാറ്റ്സൊക്കെ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ വന്നകാര്യം അവര്‍ അദ്ദേഹത്തെ അറിയിച്ചു. പെട്ടെന്ന് വാതില്‍ തുറന്നുവന്ന് അദ്ദേഹം അകത്തേക്ക് വിളിച്ചു. അന്ന് മോഹന്‍ലാലിന് പത്മഭൂഷണ്‍ കിട്ടിയ ദിവസമാണ്. മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അവാര്‍ഡ് അനൗണ്‍സ് ചെയ്ത് നിമിഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നോര്‍ക്കണം.

മരക്കാറിന്റെ അത്രയും ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ എന്ന ആശങ്കയാണ് ബച്ചന്‍ പങ്കുവച്ചത്. മലയാള സിനിമ പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തി കുതിക്കുകയാണെന്ന ലാലിന്റെ മറുപടിയില്‍ അദ്ദേഹം സന്തോഷവാനായി.

പിന്നീട് പെപ്സി, പാര്‍ക്കര്‍ അങ്ങനെ വിവിധ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങള്‍ അദ്ദേഹത്തെവെച്ച് ഷൂട്ട് ചെയ്തു. പരസ്യചിത്രങ്ങളുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹം എപ്പോഴും പറയും ”പ്രിയന്‍, ഇനി നമുക്കൊരു സിനിമ ചെയ്യാം”. ”തീര്‍ച്ചയായും അമിത്ജീ, നമ്മള്‍ ചെയ്യും”. ഞാനും ശുഭാപ്തിവിശ്വാസത്തിലായിരുന്നു. കാരണം അപ്പോഴേക്കും അമിതാഭ് ബച്ചനെ ഷൂട്ട് ചെയ്യാനുള്ള ഭയം എന്നില്‍നിന്ന് ഇല്ലാതായിരുന്നു. എന്നാല്‍ ആ സിനിമാ സ്വപ്നം ഇന്നും നടന്നിട്ടില്ല.

priyadarshan about amitabh bachan

More in Malayalam Articles

Trending