Malayalam
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന് കണക്ക് കൂട്ടിയിരുന്നത് 45 കോടിയുടെ നഷ്ടം; നമ്മള്‍ വിചാരിച്ച പോലെ സിനിമ വരണമെന്നില്ലെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന് കണക്ക് കൂട്ടിയിരുന്നത് 45 കോടിയുടെ നഷ്ടം; നമ്മള്‍ വിചാരിച്ച പോലെ സിനിമ വരണമെന്നില്ലെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള
മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. ഇടയ്ക്കിടെ സിനിമയെ കുറിച്ചും അണിയറകാര്യങ്ങളെ കുറിച്ചും അദ്ദേഹം പറയാറുള്ള വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ അതിന്റെ നഷ്ടക്കണക്കും നോക്കുമെന്ന് പറയുകയാണ് സന്തോഷ്. മരക്കാറിലും അത്തരത്തില്‍ കണക്ക് കൂട്ടിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
‘ഒരു സിനിമ എന്നത് പോലെ തന്നെ ആ സിനിമയുടെ നഷ്ടത്തിന്റെ കണക്കും നമ്മള്‍ മനസില്‍ ചിന്തിക്കും. ഇതൊന്നും ദൈവീകം അല്ലല്ലോ. നഷ്ടവും ലാഭവും ഉണ്ടാകാം. നമ്മള്‍ വിചാരിച്ച പോലെ സിനിമ വരണമെന്നും ഇല്ല. ഞാന്‍ എപ്പോഴും കാല്‍ക്കുലേറ്റര്‍ റിസ്‌കെ എടുക്കാറുള്ളൂ. കുഞ്ഞാലി മരിക്കാര്‍ ഞാനും ആന്റണി ചേട്ടനും കൂടി എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കാല്‍ക്കുലേറ്റ് ചെയ്തത് 45 കോടിയുടെ നഷ്ടമാണ്.
സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് ചിന്തിച്ച കാര്യമാണിത്. നഷ്ടം വന്നാല്‍ അതിന്റെ ഭാഗം എടുക്കാന്‍ തയ്യാറാണോന്ന് ആന്റണി ചോദിച്ചിരുന്നു. സമ്മതമാണെന്ന് ഞാനും പറഞ്ഞിരുന്നു. സിനിമയില്‍ നമ്മള്‍ വിട്ടുകൊടുത്താല്‍ എല്ലാം കൈവിട്ട് പോകും. എല്ലാവരെയും പേടിച്ച് നിര്‍മാതാവ് സിനിമ എടുക്കാന്‍ പോയാല്‍, സിനിമ പൊട്ടിപ്പോകും. പിന്നെ സിനിമ നല്ലതാണെങ്കില്‍ വിജയിക്കും. നമ്മളിവിടെ ടെന്‍ഷന്‍ അടിച്ചിട്ട് ഒരുകാര്യവും ഇല്ല’, എന്നാണ് സന്തോഷ് ടി കുരുവിള പറഞ്ഞത്.
2021 ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ റിലീസ് ചെയ്തത്. ആശീര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രത്തിന്റെ സഹനിര്‍മാതാവ് ആയിരുന്നു സന്തോഷ് കുരുവിള. വന്‍ ഹൈപ്പോടെ എത്തിയ മരക്കാറിന് പക്ഷേ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ചിത്രത്തിന് എതിരെ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിംഗ് നടന്നിരുന്നുവെന്ന് അന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
