അംബാനിയുടെ മരുമകളുടെ ചെരുപ്പ് വൈറലായപ്പോൾ… വാങ്ങാൻ പാങ്ങില്ലെങ്കിലും ഇതൊക്കെ കണ്ട് സമാധാനിക്കാം
By
പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹം ആരും മറന്നിട്ടുണ്ടാവില്ല. അത്യാഡംബരത്തോടെ നടന്ന ചടങ്ങില്‍ രാഷ്ട്രീയ വ്യവസായ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് ബാല്യകാല സുഹൃത്തുക്കളായ ആകാശും ശ്ലോകയും പ്രണയത്തിലാകുന്നത്. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത.
വിവാഹം കഴിഞ്ഞാലും ഇരുവരുടെയും വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ശ്ലോകയുടെ ചിത്രങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. മുംബൈയില്‍ നടന്ന യുവരാജ് സിംഗിന്റെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അംബാനി കുടുംബം എത്തിയിരുന്നു. വളരെ സ്റ്റൈലിഷായ വസ്ത്രമാണ് ശ്ലോക അന്ന് ധരിച്ചത്. വെള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും നീല സ്കേര്‍ട്ടുമായിരുന്നു വസ്ത്രം. ഒപ്പം ഡയമണ്ട് കമ്മലും കൂടി ആയപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ശ്ലോകയിലായിരുന്നു.
അന്ന് ശ്ലോക ധരിച്ച ചെരുപ്പാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ വാര്‍ത്ത. സോഫിയ വെബ്സ്റ്റാർസ് ഐകോണിക്ക് ബട്ടർഫ്ളൈ ഹീൽസ് ആണ് ശ്ലോക ധരിച്ചത്. ചെരുപ്പിന്റെ പുറകിലെ ചിത്രശലഭമാണ് ഹൈലൈറ്റ്. ലോകത്ത് ഏറ്റവും കൂടുതല്‍ സെലിബ്രേറ്റികള്‍ ധരിക്കുന്നത് ഈ ഹീല്‍സാണ്. 50,000 രൂപയാണ് ഇതിന്റെ വില.
ഇതിന് മുമ്പ് നിതാ അംബാനിയുടെ കോടികളുടെ വിലയുള്ള ബാഗായിരുന്നു വാർത്തകളിൽ ഇടംപിടിച്ചിരുന്നത്. പ്രമുഖ ബ്രാന്‍ഡായ ഹെർമിസിന്റെ ബിർകിൻ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാൻഡാണ്. ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് എന്ന വിശേഷണവും ബിർകിന്‍ സ്വന്തമാണ്. അധികവും ഹോളിവുഡിലെ താരറാണിമാരാണ് ഇവ സ്വന്തമാക്കാറുള്ളതും.2 കോടി 63 ലക്ഷം രൂപയായിരുന്നു നിതാ അംബാനിയുടെ ബാഗിന്റെ വില.
ഹിമാലയത്തിൽ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല് ഉപയോഗിച്ചാണ് ബാഗ് നിർമിക്കുന്നത്. ഈ തോലിൽ നിറം നൽകുന്നത് സങ്കീർണമായ പ്രവൃത്തി ആയതിനാൽ വർഷത്തിൽ രണ്ട് ബിർകിൻ ബാഗുകളായിരിക്കും കമ്പനി നിർമിക്കുക. അതുകൊണ്ടു തന്നെ ബാഗ് സ്വന്തമാക്കാൻ ചിലപ്പോൾ വർഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതുകൂടാതെ വേറെയും കടമ്പകളുണ്ട്. കമ്പനി മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ പാലിക്കണം. വാങ്ങാൻ വരുന്നവർക്ക് കമ്പനിയുമായുള്ള ബന്ധവും പരിഗണിക്കും. ഓരോ വർഷവും വില കൂടികൊണ്ടിരിക്കുന്ന ബിർക്കിൻ ബാഗിന്റെ ഇപ്പോഴത്തെ വില 3,80,000 ഡോളറാണ്.
അമ്മായിയമ്മയ്ക്ക് പിന്നാലെ മരുമകളും ഫാഷൻ രംഗത്ത് കടന്നതോടെ ഇനിയും ആഡംബരം നിറഞ്ഞ പലതും കാണാമെന്നും, വാങ്ങാൻ പാങ്ങില്ലെങ്കിലും ഇതൊക്കെ കണ്ട് തൃപ്തിയടയാമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണങ്ങൾ.
price of Shloka Mehta’s heels
