Malayalam
ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍
ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍
27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യം കൂടി ചലച്ചിത്ര മേളകള്‍ ഏറ്റെടുക്കുന്നുണ്ട്.
മാനുഷികമായതൊന്നും ഇത്തരം മേളകള്‍ക്ക് അന്യമല്ലെന്നും സങ്കുചിതചിന്തകളുടെ ഭാഗമാക്കി ചലച്ചിത്ര മേളകളെ മാറ്റാനുള്ള ശ്രമം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കാന്‍ ചലച്ചിത്രമേളയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നപ്പോള്‍ ഇറാനിയന്‍ സംവിധായിക മഹ്നാസ് മുഹമ്മദി നല്‍കിയ സന്ദേശം താനൊരു സ്ത്രീയും ചലച്ചിത്ര സംവിധായികയുമായതു കൊണ്ടാണ് അവരുടെ രാജ്യത്ത് ക്രിമിനലായി പരിഗണിക്കപ്പെടുന്നത് എന്നാണ്.
സഞ്ചാര സ്വാതന്ത്യത്തെ വരെ വിലക്കുന്ന തരത്തില്‍ അവരുടെ കലാസൃഷ്ടികള്‍ അധികാരികളെ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വംശമോ ഒരു വിഭാഗമോ മാത്രമാണ് ശ്രേഷ്ഠമെന്നു കരുതുകയും, വംശീയതയില്‍ അധിഷ്ഠിതമായ സര്‍ക്കാരുകള്‍ കെട്ടിപ്പൊക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ അവസ്ഥ കൂടിയാണ് മഹ്നാസിന്റെ അനുഭവത്തിലൂടെ പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് മഹ്നാസ് മുഹമ്മദിക്ക് സമ്മാനിച്ചു. മഹ്നാസിനു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി പുരസ്‌ക്കാരം ഏറ്റുവാങ്ങി. മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി, മന്ത്രി ആന്റണി രാജുവിന് നല്‍കി ഫെസ്റ്റിവല്‍ ബുക്കും മന്ത്രി ജി.ആര്‍. അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കി ഫെസ്റ്റിവല്‍ ബുള്ളറ്റിനും പ്രകാശനം ചെയ്തു.
ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ. വി.കെ. പ്രശാന്ത് കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശിപ്പിച്ചു. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.