Connect with us

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

Movies

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

കേരള രാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ.)യ്ക്ക് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് മേള ഉദ്ഘാടനം ചെയ്യുന്നത്. നടി ഷബാന ആസ്മിയാണ് വിശിഷ്ടാതിഥി. മന്ത്രി സജി ചെറിയാൻ അധ്യക്ഷസ്ഥാനവും വഹിക്കും.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയുണ്ടാകും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസിന്റെ പോർച്ചുഗീസ് സിനിമ ’ഐ ആം സ്റ്റിൽ ഹിയർ’ ആണ് ഉദ്ഘാടനചിത്രമായി പ്രദർശിപ്പിക്കുന്നത്. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹോങ്കോങ്ങിൽനിന്നുള്ള സംവിധായക ആൻ ഹുയിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്.

ഡിസംബർ 20വരെയാണ് മേള. 20-നു നടക്കുന്ന സമാപനച്ചടങ്ങിൽ സംവിധായക പായൽ കപാഡിയയ്‌ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽനിന്നുള്ള 177 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. നാലു മലയാളി വനിതാ സംവിധായകമാരുടെ ആദ്യ ചിത്രങ്ങൾ ഉൾപ്പെടെ സ്ത്രീ സംവിധായകരുടെ 52 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മത്സരവിഭാഗത്തിലെ ഏക മലയാളി സാന്നിധ്യമാകുന്നത് ഇന്ദുലക്ഷ്മിയുടെ ’അപ്പുറം’ എന്ന സിനിമയാണ്.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്സ് മറ്റൊരു ആകർഷണമായിരിക്കും. അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

13000ൽപ്പരം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ഐ എഫ് എഫ് കെയുടെ 29-ാം പതിപ്പിൽ നൂറോളം ചലച്ചിത്ര പ്രവർത്തകർ അതിഥികളായെത്തും. പ്രദർശനം നടക്കുന്ന തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാതെയുമാണ് പ്രവേശനം. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും ക്യൂ നിൽക്കാതെ പ്രവേശനം അനുവദിക്കും.

ഡെലിഗേറ്റുകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഇലക്ട്രിക് ബസുകൾ പ്രദർശന വേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സർവീസ് നടത്തും. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ചർച്ചകൾ എന്നിവയും നടക്കും.

More in Movies

Trending