Malayalam
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ
ഡിസംബർ 13 മുതൽ 20 വരെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പത്രസമ്മേളനത്തിൻ അറിയിച്ചു.
ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. പത്തുലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. നിലവിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളുമാണ് ഇന്ന് ഐ.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഭിജിത്ത് മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഒാഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്. ആര്യൻ ചന്ദ്ര പ്രകാശിന്റെ ആജൂർ (ബാജിക), വിപിൻ രാധാകൃഷ്ണന്റെ അങ്കമ്മാൾ (തമിഴ്), ജയ്ചെങ് സായ് ധോതിയയുടെ ബാഗ്‌ജാൻ (അസമീസ്), ആരണ്യ സഹായിയുടെ ഹ്യൂമൻസ് ഇൻ ദ ലൂപ് (ഹിന്ദി), അഭിലാഷ് ശർമ ഒരുക്കിയ ഇൻ ദ നെയിം ഒാഫ് ഫയർ (മഗഹി), സുഭദ്ര മഹാജൻ ഒരുക്കിയ സെക്കൻഡ് ചാൻസ് (ഹിന്ദി), ഭരത് സിങ് പരിഹാറിൻ്റെ ഭേദിയ ദസാൻ (ഹിന്ദി) എന്നിവയാണ് ‘ഇന്ത്യൻ സിനിമ ഇന്ന്’ വിഭാഗത്തിൽ ഇടം നേടിയത്.
എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 180 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 15 തിയേറ്ററുകളിലായാണ് പ്രദർശനം. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മൽസര വിഭാഗം, മുൻനിര ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ,
മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ 29ാ-മത് ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്‌സിബിഷൻ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.