Tamil
എന്റെ ശക്തിക്ക് കരുത്തു പകരുന്നവൾ, എന്റെ കണ്ണുനീരിലെ സാന്ത്വനം; വേദനയായി വിജയ് ആന്റണിയുടെ ഭാര്യയുടെ കുറിപ്പ്
എന്റെ ശക്തിക്ക് കരുത്തു പകരുന്നവൾ, എന്റെ കണ്ണുനീരിലെ സാന്ത്വനം; വേദനയായി വിജയ് ആന്റണിയുടെ ഭാര്യയുടെ കുറിപ്പ്
നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയുടെ വിയോഗവാർത്ത കേട്ട നടുക്കത്തിലാണ് തമിഴ് സിനിമാലോകവും താരത്തിന്റെ ആരാധകരും. 16 വയസ്സുകാരിയായ മീരയെ ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് റിപ്പോർട്ട്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മീരയുടെ വിയോഗ വാർത്ത ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല വിജയ് ആന്റണിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു മീര പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള വിദ്യാർഥിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്.
മകളുടെ നേട്ടത്തെക്കുറിച്ചുള്ള പോസ്റ്റുകൾ വിജയ്‌യുടെ ഭാര്യ ഫാത്തിമ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. മകളുടെ സ്‌കൂളിലെ നേട്ടം പ്രകീർത്തിച്ചുകൊണ്ടുള്ള ഫാത്തിമയുെട കുറിപ്പ് ആണ് ആരാധകരെ വേദനയിലാഴ്ത്തുന്നത്. ഫാത്തിമ മാർച്ചിൽ പങ്കുവച്ച പോസ്റ്റാണിത്. സ്‌കൂൾ യൂണിഫോമിലുള്ള മീരയുടെ ഫോട്ടോയിൽ സ്‌കൂളിൽ മകൾ ഒരു നാഴികക്കല്ല് കൈവരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘‘’എന്റെ ശക്തിക്ക് കരുത്തു പകരുന്നവൾ, എന്റെ കണ്ണുനീരിലെ സാന്ത്വനം, എന്റെ സമ്മർദവും (വികൃതി സൂപ്പർ ലോഡഡ്) എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി. മീര വിജയ് ആന്റണി, അഭിനന്ദനങ്ങൾ ബേബി.’’– വെള്ള നിറത്തിലുള്ള യൂണിഫോം ധരിച്ച മീരയുടെ ഫോട്ടോ പങ്കിട്ടുകൊണ്ട് ഫാത്തിമ ഇങ്ങനെ എഴുതി.
മരണകാരണം വ്യക്തമല്ലെങ്കിലും മീര മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ തേടിയിരുന്നുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തമിഴ് സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായ സംഗീത സംവിധായകനാണ് വിജയ് ആന്റണി. സംഗീതത്തിലുപരി കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ വിജയ് തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. രണ്ടു പെണ്മക്കളാണ് വിജയ് ആന്റണിക്കുള്ളത്.