News
‘നീ പതിനാറ് വയസുവരെ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു,’ നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ; കുറിപ്പുമായി വിജയ് ആന്റണിയുടെ ഭാര്യ
‘നീ പതിനാറ് വയസുവരെ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു,’ നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ; കുറിപ്പുമായി വിജയ് ആന്റണിയുടെ ഭാര്യ
നിരവധി ആരാധകരുള്ള താരമാണ് വിജയ് ആന്റണി. ജീവിതത്തില്‍ ഒട്ടേറെ വിജയ പരാജയങ്ങള്‍ കണ്ടും അനുഭവിച്ചുമാണ് അദ്ദേഹം ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ ഒരു പ്രധാന ഘടകമായി മാറിയത്. തന്റെ രണ്ട് പെണ്‍മക്കളിലാണ് വിജയ് ആന്റണിയുടെ ജീവശ്വാസം ഉണ്ടായിരുന്നത്. അതില്‍ മൂത്ത മകള്‍ മീര വിജയ് ആന്റണി ഇക്കഴിഞ്ഞ സെപ്തംബര്‍ 19നായിരുന്നു ഈ ലോകം വിട്ടുപോയത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മീര.
പതിനാറ് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിനി എന്തിന് ഇത്തരമൊരു കടുംകൈ ചെയ്തുവെന്നതിന് ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല. പതിവുപോലെ രാത്രി ഉറങ്ങാന്‍ മുറിയിലേക്ക് പോയ മീരയെ പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ആന്റണി ഉടന്‍ തന്നെ മകളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മകളുടെ ചേതനയറ്റ ശരീരം നോക്കി അലറിക്കരയുന്ന വിജയ് ആന്റണിയുടെ മുഖം ആരാധകരുടെ മനസില്‍ നിന്നും പോയിട്ടില്ല. ഇപ്പോഴിതാ മകളുടെ വേര്‍പാട് സംഭവിച്ച് ഒരു മാസത്തോട് അടുക്കാന്‍ പോകുമ്പോള്‍ ആദ്യമായി വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ വിജയ് ആന്റണി മകളുടെ ഓര്‍മകളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്.
മീരയുടെ ഓര്‍മകളില്‍ താന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഫാത്തിമ കുറിച്ചത്. ഒപ്പം മകളുടെ മനോഹരമായ ഒരു ചിത്രവും ഫാത്തിമ പങ്കുവെച്ചു. ‘നീ പതിനാറ് വയസുവരെ മാത്രമെ ജീവിക്കുകയുള്ളൂവെന്ന് എനിക്ക് അറിയില്ലായിരുന്നു.’
‘അത് എനിക്ക് അറിയുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ സൂര്യനെയും ചന്ദ്രനെയും പോലും കാണിക്കാതെ എന്റെ അത്ര അടുത്ത് കാത്തുവെച്ചേനെ. നിന്റെ ഓര്‍മ്മകളിലും ചിന്തകളിലും മുങ്ങി ഞാന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി വാ മോളെ… ലാറയും നിനക്ക് വേണ്ടി കാത്തിരിക്കുന്നു. ലവ് യൂ തങ്കം…’, എന്നാണ് മകള്‍ മീരയെ കുറിച്ച് ഫാത്തിമ കുറിച്ചത്.
ഫാത്തിമയുടെ കുറിപ്പ് വൈറലായതോടെ താരപത്‌നിയെ ആശ്വസിപ്പിച്ച് നിരവധി പേരാണ് എത്തിയത്. അമ്മയുടെ സ്‌നേഹം അഗാധമായ സമുദ്രത്തേക്കാള്‍ ആഴമുള്ളതാണ്. നിങ്ങളുടെ സങ്കടം വിവരിക്കാന്‍ വാക്കുകളില്ല. ഈ വിയോഗം താങ്ങാനുള്ള എല്ലാ ശക്തിയും നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കട്ടെ.
മീര എപ്പോഴും കൂടെയുണ്ടാകും എന്നാണ് ഒരു ആരാധിക കുറിച്ചത്. മീര മരിച്ചപ്പോള്‍ താനും ഒപ്പം മരിച്ചുവെന്നാണ് വിജയ് ആന്റണി അടുത്തിടെ പറഞ്ഞത്. ‘പ്രിയപ്പെട്ടവരേ… എന്റെ മകള്‍ മീര സ്‌നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ഈ ലോകത്തെക്കാള്‍ മികച്ചതും സമാധാനപരവുമായ ഒരു സ്ഥലത്താണ് അവള്‍ ഇപ്പോള്‍.’
‘അവള്‍ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാനും അവളോടൊപ്പം മരിച്ചു. ഞാന്‍ ഇപ്പോള്‍ അവള്‍ക്കായി സമയം ചെലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു’, എന്നാണ് വിജയ് ആന്റണി കുറിച്ചത്. മകള്‍ മരിച്ച് ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ ഇളയമകള്‍ ലാറയ്‌ക്കൊപ്പം വിജയ് ആന്റണി സിനിമാ പ്രമോഷന് എത്തിയത് വാര്‍ത്തയായിരുന്നു.
ദുഖം കടിച്ചമര്‍ത്തി ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ വിജയ് സജീവമായി പങ്കെടുത്തു. ലാറയുടെ കയ്യില്‍ നിന്നും ഒരു മിനിറ്റ് പോലും പിടിവിട്ട് പോയിരുന്നില്ല വിജയ് ആന്റണി. വ്യക്തിപരമായ ദുഖത്തിലും നിര്‍മാതാക്കളെയും പ്രേക്ഷകരെയും മനസില്‍ കണ്ട് പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ മനസ് കാട്ടിയ വിജയിയെ ആരാധകര്‍ അടക്കം നിരവധിപേര്‍ അഭിനന്ദിച്ചു. ലോകത്തില്‍ മറ്റൊരു വിജയ് ആന്റണി ഉണ്ടാവില്ല. താങ്കള്‍ ഏവര്‍ക്കും പ്രചോദനമാണ് എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്.
സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മീരയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീരയുടെ റൂമില്‍ പൊലീസ് ഫോറന്‍സിക് പരിശോധനയും നടത്തി. കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികില്‍സ തേടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഈ രോഗാവസ്ഥ കാരണമായിരിക്കാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. അടുത്ത് തന്നെ വിജയ് ആന്റണിയുടെയും ഭാര്യയുടെയും മൊഴി പൊലീസ് എടുത്തേക്കും. മീരയുടെ ക്ലാസിലെ കുട്ടികളുടെ അടക്കം മൊഴിയും പൊലീസ് രേഖപ്പെടുത്തിയേക്കും. കുട്ടിക്കാലത്ത് വിജയ് ആന്റണിയുടെ പിതാവും ആത്മഹത്യ ചെയ്തിരുന്നു. അന്ന് താന്‍ അനുഭവിച്ച വേദന വലുതായതുകൊണ്ട് തന്നെ ആത്മഹത്യയ്‌ക്കെതിരെ എപ്പോഴും സംസാരിച്ചിരുന്നു വിജയ് ആന്റണി.