News
ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ ആരാണ് പാണ്ഡവര്‍? ദ്രൗപതി മുര്‍മുവിന് എതിരെ വിവാദ പരാമർശം; സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പരാതി
ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ ആരാണ് പാണ്ഡവര്‍? ദ്രൗപതി മുര്‍മുവിന് എതിരെ വിവാദ പരാമർശം; സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പരാതി
സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പരാതി. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന് എതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ തെലങ്കാന ബി ജെ പി നേതാവ് ഗുഡൂര്‍ നാരായണ റെഡ്ഡിയാണ് പരാതി നല്‍കിയത്. സംവിധായകന്‍റെ പരാമര്‍ശത്തില്‍ ബിജെപി പ്രവര്‍ത്തകരായ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് അദ്ദേഹം പറയുന്നു.
എഎന്‍ഐയോടാണ് ഗുഡൂര്‍ നാരായണ റെഡ്ഡിയുടെ പ്രതികരണം.’ദ്രൗപതി രാഷ്ട്രപതിയാണെങ്കില്‍ ആരാണ് പാണ്ഡവര്‍. ഏറ്റവും പ്രധാനമായി ആരാണ് കൗരവര്‍’ എന്നായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. ഇത് പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളോടുള്ള അനാദരവാണെന്ന് ഗുഡൂര്‍ നാരായണ റെഡ്ഡി പറയുന്നു. ദ്രൗപതിയെ പ്രസിഡന്റ് എന്ന് വിളിച്ചാണ് ട്വീറ്റ്. ദ്രൗപതിയെയും പാണ്ഡവരെയും കൗരവരെയും മാത്രം പരാമര്‍ശിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വീറ്റ് വിവാദമായതോടെ രാംഗോപാല്‍ വര്‍മ്മ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ‘ഇത് തീര്‍ത്തും തമാശ രൂപേണ പറഞ്ഞതാണ്, മറ്റൊരു തരത്തിലും ഉദ്ദേശിച്ചല്ല. മഹാഭാരതത്തിലെ ദ്രൗപതിയാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം, പക്ഷേ പേര് വളരെ അപൂര്‍വമായതിനാല്‍ ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഞാന്‍ ഓര്‍ത്തു, ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല’ എന്ന് അദ്ദേഹം പറഞ്ഞു.
ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാണ് ദ്രൗപതി മുര്‍മു. ഇന്നലെ ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യത്ത് ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ ഗോത്ര വിഭാഗ വനിതയാണ് ദ്രൗപതി മുര്‍മു. 11997 ലാണ് ഇവര്‍ രാഷ്ട്രീയ പ്രവേശം നടത്തുന്നത്. ആ വര്‍ഷം റായ് രംഗപൂരിലെ ജില്ലാ ബോര്‍ഡിലെ കൗണ്‍സിലറായി ദ്രൗപതി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയില്‍ നിന്നും രണ്ട് തവണ ഇവര്‍ എംഎല്‍എയായിരുന്നു. ബിജെപി-ബിജെഡി സംയുക്ത സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. 2015 മെയ് 18 നാണ് ജാര്‍ഖണ്ഡിലെ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്
