general
പ്രതിമയ്ക്ക് മുരളിയുമായി യാതൊരു രൂപസാദൃശ്യവുമില്ല; ശില്പി കൈപറ്റിയ മുഴുവന്‍ തുകയും എഴുതിത്തളളി സര്‍ക്കാര്‍
പ്രതിമയ്ക്ക് മുരളിയുമായി യാതൊരു രൂപസാദൃശ്യവുമില്ല; ശില്പി കൈപറ്റിയ മുഴുവന്‍ തുകയും എഴുതിത്തളളി സര്‍ക്കാര്‍
നടനും സംഗീത നാടക അക്കാദമി ചെയര്മാന് കൂടിയായ നടന് മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമ നിര്‍മ്മിക്കുന്നതില്‍ പിഴവു വരുത്തിയ ശില്പിക്കു നല്കിയ തുക എഴുതിത്തളളി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തളളിയത്. സംഗീത നാടക അക്കാദമിയില്‍ സ്ഥാപിച്ച പ്രതിമയ്ക്ക് മുരളിയുമായി രൂപസാദൃശ്യമില്ലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
രൂപസാദൃശ്യമില്ലാത്ത പ്രതിമ നിര്‍മ്മിച്ചതിനാല്‍ ശില്‍പിയുമായുളള കരാര്‍ റദ്ദാക്കാനും ശില്പി മുന്‍കൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പ്രതിമയ്ക്ക് രൂപംമാറ്റം വരുത്താന്‍ പലതവണ ശില്പിക്ക് അവസരം നല്‍കിയെങ്കിലും പരാജയപ്പെട്ടു.
തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ അക്കാദമി ആവശ്യപ്പെട്ടു. ഇതിനു മുമ്പെ മുഴുവന്‍ തുകയും ശില്പി കൈപറ്റിയിരുന്നു. പിന്നീട് പ്രതിമ നിര്‍മ്മാണത്തിന് അനുവദിച്ചതിലും കൂടുതല്‍ തുക ചെലവായെന്നും മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ തിരിച്ചടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ശില്പി അഭ്യാര്‍ത്ഥിച്ചിരുന്നു.
ഇതിനെതുടര്‍ന്ന് ജൂലൈയില്‍ ചേര്‍ന്ന അക്കാദമി നിര്‍വാഹക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സര്‍ക്കാരിനു കൈമാറുകയുമായിരുന്നു. മുഴുവന്‍ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളി. നഷ്ടം അക്കാദമി വഹിക്കണമെന്നാണു വ്യവസ്ഥ.
