Actor
നടന്‍ മുരളിയുടേതുള്‍പ്പെടെ ആരുടെയും പ്രതിമ ഇനി നിര്‍മ്മിക്കില്ല; നിലപാടെടുത്ത് കേരള സംഗീതനാടക അക്കാദമി
നടന്‍ മുരളിയുടേതുള്‍പ്പെടെ ആരുടെയും പ്രതിമ ഇനി നിര്‍മ്മിക്കില്ല; നിലപാടെടുത്ത് കേരള സംഗീതനാടക അക്കാദമി
നടന്‍ മുരളിയുടേതുള്‍പ്പെടെ മുന്‍ അധ്യക്ഷന്മാരുടെ പ്രതിമ നിര്‍മിക്കേണ്ടെന്ന നിലപാടില്‍ കേരള സംഗീതനാടക അക്കാദമി. പ്രതിമ സ്ഥാപിച്ചുതുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. എല്ലാവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നേക്കാം. അതംഗീകരിച്ചാല്‍ കെ.ടി. മുഹമ്മദ്, കാവാലം നാരായണപ്പണിക്കര്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍, പി. ഭാസ്‌കരന്‍, തിക്കോടിയന്‍ തുടങ്ങി കെ.പി.എ.സി. ലളിതവരെയുള്ള ഒട്ടേറെ മുന്‍കാലസാരഥികള്‍ പ്രതിമകളായി തൃശ്ശൂരിലെ അക്കാദമിവളപ്പില്‍ നിറയും.
അതുവേണ്ടെന്നാണ് അക്കാദമിയുടെ നിലപാട്. മുരളിയുടെ വെങ്കലപ്രതിമാനിര്‍മാണവും പുനഃപരിശോധിക്കില്ല. നടന്‍ മുരളിയുടെ വെങ്കലപ്രതിമനിര്‍മാണം വിവാദമായതാണ് അക്കാദമിയെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇപ്പോള്‍ത്തന്നെ മുരളിയുടെ രണ്ട് കരിങ്കല്‍പ്രതിമ അക്കാദമി വളപ്പിലുണ്ട്.
ആദ്യശില്പത്തിനുതന്നെ മുരളിയുമായി രൂപസാമ്യമില്ലാത്തതിനാല്‍ അതേ ശില്പിയെക്കൊണ്ടുതന്നെ രണ്ടാമതൊന്നുകൂടി നിര്‍മിക്കുകയായിരുന്നു. അതിനും മുരളിയുമായി രൂപസാമ്യമുണ്ടായില്ല. തുടര്‍ന്നാണ് അര്‍ധകായ വെങ്കലപ്രതിമയുണ്ടാക്കാന്‍ വില്‍സണ്‍ പൂക്കായിക്ക് കരാര്‍ നല്‍കിയത്.
എന്നാല്‍, പ്രതിമയുടെ പ്രാഥമികരൂപത്തിനും നിലവിലുള്ള പ്രതിമകളുടെ അതേ പോരായ്മ കണ്ടതിനാല്‍ നിര്‍മാണം നിര്‍ത്തിവെപ്പിച്ച്, കൈപ്പറ്റിയ പണം തിരിച്ചടയ്ക്കാന്‍ ശില്പിയോട് അക്കാദമി ആവശ്യപ്പെട്ടു. പിന്നീട് തുക സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. പ്രതിമ പൂര്‍ത്തിയാക്കാന്‍ അക്കാദമി അവസരമൊരുക്കുന്നില്ലെന്ന ശില്പിയുടെ പരാതി അക്കാദമി തള്ളി. സര്‍ക്കാരും ഇതിനോട് യോജിക്കാനാണ് സാധ്യത.