സന്തോഷത്തിലാണെങ്കിൽ നൃത്തം ചെയ്യാൻ തോന്നും ; വിവാഹ സാരിയിൽ നൃത്തം ചെയ്ത് മിയ
സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തിയ താരോദയം ആയിരുന്നു മിയ ജോർജ്. പിന്നീട് സിനിമയിൽ ശക്തമായ നിരവധി വേഷങ്ങളിലൂടെ മിയ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം അനശ്വരം ആക്കുകയായിരുന്നു ചെയ്തത്.. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും മിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ മാറി നിൽക്കുന്ന നടിമാരിൽ നിന്ന് വളരെ വ്യത്യസ്തയാണ് മിയ. മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു താരം. ഇപ്പോഴിത മിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബ്രൈഡൽ ലുക്കിലാണ് വീഡിയോയിൽ താരത്തെ കാണാനാവുക. വിവാഹ സാരിയിൽ നൃത്തം ചെയ്യുകയാണ് താരം.
നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് നൃത്തം ചെയ്യാൻ തോന്നുമെന്നാണ് മിയ വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഒരു സാരിയെപ്പോഴും നിങ്ങളെ വേറിട്ടു നിർത്തുന്നുവെന്നും മിയ മറ്റൊരു വീഡിയോ പങ്കുവച്ച് കുറിച്ചിട്ടുണ്ട്. കൈയിൽ നിറയെ കുപ്പിവളകൾ ഇട്ട് മനോഹരമായി നൃത്തം ചെയ്യുകയാണ് മലയാളികളുടെ പ്രിയ നടി. ലുക്ക് നന്നായിട്ടുണ്ടെന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. മിയയുടെ സഹോദരി ജിനി ഡിസൈൻ ചെയ്ത സാരിയാണ് താരം ധരിച്ചിരിക്കുന്നത് എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഇതിനു മുൻപും തന്റെ സാരി ലുക്ക് ഫോട്ടോഷൂട്ടുകൾ മിയ പങ്കുവച്ചിട്ടുണ്ട്.
സാരി ഉടുക്കുന്നത് ഒരു നാടൻ പെൺകുട്ടിയുടെ ലുക്ക് നൽകുമെന്നാണ് ഒരിക്കൽ മിയ കുറിച്ചത്. താൻ നൃത്തം ചെയ്യുന്ന വീഡിയോ ഇതിനു മുൻപും മിയ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഇപ്പോൾ തമിഴിലും മിയ വളരെ സജീവമാണ്. വിക്രം നായകനായെത്തിയ കോബ്രയാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തൃഷ നായികയായെത്തുന്ന ദ് റോഡ് ആണ് മിയയുടെ പുതിയ ചിത്രം. മകൻ ലൂക്കായ്ക്കും ഭർത്താവിനുപ്പൊമുള്ള യാത്രാ വിശേഷങ്ങളും മിയ പങ്കുവയ്ക്കാറുണ്ട്. മിനി സ്ക്രീൻ രംഗത്തു നിന്നാണ് മിയ സിനിമയിലെത്തുന്നത്. അൽഫോൻസാമ്മ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മിയ തന്റെ അഭിനയജീവിതം തുടങ്ങുന്നത്.
2010 ൽ പുറത്തിറങ്ങിയ ഒരു സ്മോൾ ഫാമിലിയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. 2012 ലെ മിസ് കേരള ഫിറ്റ്നസ് മത്സരത്തിൽ വിജയിയായിരുന്നു താരം. 2020 ലെ ലോക്ക്ഡൗൺ കാലത്തായിരുന്നു മിയയുടെ വിവാഹം. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിവാഹ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയവും മോഡലിംഗും കൂടാതെ ഡാൻസ് റിയാലിറ്റി ഷോകളിലും ജഡ്ജായി മിയ എത്തിയിരുന്നു. ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ട് പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് മിയ ഒരിക്കൽ പറഞ്ഞിരുന്നു. പ്രണയവിലാസം എന്ന മലയാള ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.