ഉറക്കെ ചിരിച്ചാല്‍ ആളുകള്‍ എന്ത് കരുതുമെന്ന് ഓർത്ത് ഭയന്നു; ചീരുവിന്റെ മരണശേഷമുണ്ടായതിനെ പറ്റി മേഘ്ന
അന്യഭാഷാ നടിയാണെങ്കിലും മേഘ്ന രാജ് മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. ‘യക്ഷിയും ഞാനും’, ‘ബ്യൂട്ടിഫുൾ’ ചത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധ നേടുകയുണ്ടായി. ശേഷം നടൻ ചിരഞ്ജീവി സർജയെ വിവാഹം ചെയ്തു. വളരെ പെട്ടെന്നായിരുന്നു ചിരഞ്ജീവിയുടെ മരണം. അന്ന് ഗർഭിണിയായിരുന്ന മേഘ്നയ്ക്ക് പിറന്ന മകനെയും മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തു
2020 ജൂണ്‍ 7 ന് ഒട്ടും നിനച്ചിരിക്കാതെ മരണം ചിരഞ്ജീവിയേയും കൊണ്ടു പോവുകയായിരുന്നു. 39 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ചീരുവിന്. തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ആ സമയത്ത് ഇരുവരും. ചിരഞ്ജീവിയുടെ മൃതദേഹത്തിന് അരികില്‍ സര്‍വ്വവും നഷ്ടപ്പെട്ടവളെ പോലെയിരിക്കുന്ന മേഘ്നയുടെ ചിത്രം ആരും മറക്കില്ല.
ചീരുവിന്റെ മരണ ശേഷം ജീവിതം മുന്നോട്ട് നയിക്കുക എന്നത് മേഘ്നയെ സംബന്ധിച്ച് സംഘര്‍ഷഭരിതമായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തിന്റെ വേദനിയ്ക്കിടയിലും തന്നില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്നത് പോലെ പെരുമാറുക എന്നത് വലിയ പ്രയാസമായിരുന്നുവെന്നാണ് മേഘ്ന പറയുന്നത്. ഇപ്പോഴിതാ ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തില്‍ ചീരുവിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മേഘ്ന മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ ഇങ്ങനെ
”ഞാന്‍ എങ്ങനെയായിരിക്കണം ആ ഘട്ടത്തെ മറി കടക്കേണ്ടത് എന്നതില്‍ മുന്‍ധാരണയുമായി എന്നെ സമീപിച്ചവരുണ്ടായിരുന്നു. അവര്‍ ആഗ്രഹിക്കുന്നത് പോലെ ഞാന്‍ പെരുമാറണമായിരുന്നു. പക്ഷെ അതങ്ങനെ നടക്കില്ല. മറ്റുള്ളവര്‍ക്ക് ശരിയെന്ന് തോന്നുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കില്ല. ജെനറ്റിക്കലി ഞാന്‍ അങ്ങനെയാണ്. എനിക്ക് എന്റേതായ രീതിയുണ്ട്. എന്റെ ഭര്‍ത്താവിന്റെ സഹോദരന് അവന്റേതായ രീതിയുമുണ്ട്” എന്നാണ് മേഘ്ന പറയുന്നത്.
തനിക്ക് എല്ലാവരും കാണെ പൊട്ടിച്ചിരിക്കാന്‍ ഭയമായിരുന്നുവെന്നാണ് മേഘ്ന പറയുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷവും താന്‍ സന്തുഷ്ടയാണെന്ന് ആളുകള്‍ കരുതുമെന്നായിരുന്നു തന്റെ ഭയമെന്നും മേഘ്ന പറയുന്നു. ചിലരുടെ കമന്റുകളും മേഘ്ന ഓര്‍ക്കുന്നുണ്ട്.”കുടുംബത്തിലെ മറ്റാരേയും അത്ര ബാധിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്ന് പറഞ്ഞവരുണ്ട്. അവര്‍ എങ്ങനെ പെരുമാറണമെന്നത് നിങ്ങളുടെ ചിന്തയ്ക്ക് ചേരുന്നതായിരിക്കില്ലെന്നും അതിനാല്‍ നിങ്ങള്‍ക്കത് ഒരിക്കലും മനസിലാകില്ലെന്നും ഞാന്‍ പറയും. എനിക്ക് പൊട്ടിച്ചിരിക്കാന്‍ തോന്നിയിട്ടും പിടിച്ചു നിര്‍ത്തിയിട്ടുണ്ട്.
ഉറക്കെ ചിരിച്ചാല്‍ ആളുകള്‍ എന്ത് കരുതുമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഓ ഇത്രയേയുള്ളുവോ? തീര്‍ന്നോ? എന്ന് ആളുകള്‍ ചോദിക്കും. നിനക്കിപ്പോള്‍ സമാധാനം ആണല്ലോ എന്ന് ചോദിക്കും. ചിന്തിക്കാന്‍ പറ്റുന്നുണ്ടോ, അതെത്ര ഭയപ്പെടുത്തുന്നതാണെന്ന്” എന്നാണ് മേഘ്ന പറയുന്നത്. അതേസമയം ചിലര്‍ തന്നോട് അനുതാപം കാണിക്കേണ്ടതില്ലെന്നും തനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടെന്നും പറഞ്ഞുവെന്നും മേഘ്ന ഓര്‍ക്കുന്നുണ്ട്. എന്നാല്‍ താനും വികാരങ്ങളുള്ള, മനുഷ്യ ബന്ധങ്ങളെ മാനിക്കുന്ന വ്യക്തിയാണെന്നാണ് മേഘ്ന പറയുന്നത്.
”അവള്‍ക്ക് ജീവിതത്തില്‍ എല്ലാമുണ്ട്, പിന്നെന്തിനാണ് അവളോട് സഹതാപം കാണിക്കുന്നതെന്ന് ചോദിച്ചവരുണ്ട്. എനിക്ക് നല്ലൊരു കുടുംബമുണ്ടെന്നത് നല്ലകാര്യമാണ്. എനിക്ക് നല്ല ജീവിതമുണ്ട്. പക്ഷെ അതിനര്‍ത്ഥം ഞാന്‍ മനുഷ്യനല്ല എന്നല്ല. എന്റെ ബന്ധങ്ങള്‍ വ്യാജമാണെന്നല്ല. എനിക്ക് വേദനിക്കില്ല എന്നല്ല. ആളുകള്‍ക്കെങ്ങനെയാണ് ഇങ്ങനൊക്കെ പറയാന്‍ സാധിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല” എന്നാണ് മേഘ്ന പറയുന്നത്. താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചും മേഘ്ന സംസാരിക്കുന്നുണ്ട്.”
ഞാന്‍ വണ്ണം കുറച്ചപ്പോള്‍ അവര്‍ക്ക് ഇഷ്ടമായില്ല. നീയെന്തിനാണ് വണ്ണം കുറച്ചതെന്നാണ് ചോദിച്ചത്. ഞാന്‍ ചബ്ബിയാണെന്ന് അവര്‍ അംഗീകരിച്ചിരുന്നു. നായികയാകാന്‍ പറ്റിയ ആളാണെന്നും സുന്ദരിയാണെന്നും അവര്‍ ധരിച്ചിരുന്നു. പക്ഷെ അരക്കെട്ട് ചെറുതായിരിക്കണമെന്ന പൊതുബോധം എന്റെ ഉള്ളിലുണ്ടായിരുന്നു. മുഖം വൃത്താകൃതിയിലായിരിക്കരുതെന്നായിരുന്നു കരുതിയിരുന്നത്. അതിനാല്‍ വണ്ണം കുറച്ചപ്പോള്‍ ആരാധകര്‍ക്ക് നിരാശയായി ” എന്നാണ് മേഘ്ന പറയുന്നത്.
കന്നഡ സിനിമയിലെ താരമായ മേഘ്ന മലയാളികള്‍ക്കും സുപരിചിതയാണ്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. പിന്നീട് നിരവധി മലയാളം സിനിമകളിലും അഭിനയിച്ചു. മേഘ്നയുടെ ഭർത്താവിന്റെ മരണം മലയാളികളേയും ഏറെ വേദനിപ്പിച്ചതായിരുന്നു.
