തിയറ്ററിൽ കുതിച്ചുയർന്ന് ‘കൽക്കി 2898 എഡി’; എല്ലാത്തിനുമുള്ള മറുപടിയുമായി പ്രഭാസ്; ആദ്യദിനം തന്നെ 180 കോടി!!
By
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്താണ് ബിഗ് ബജറ്റിൽ കൽക്കി നിർമിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ഈ സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യൻ മിത്തോളജിയും പുരാണങ്ങളും ഒരുപോലെ ഉൾക്കൊണ്ട് ഭാവികാലത്തിന്‍റെ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഡ്രാമയാണ് ഈ ചിത്രം.
ഇന്ത്യയില്‍ നിന്ന് മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ആഗോള വരുമാനം ആദ്യദിനം തന്നെ 180 കോടി കവിഞ്ഞുവെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍കി തെലുഗ്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളില്‍ പ്രദര്‍ശിപ്പിക്കുന്നു.
ആന്ധ്രയില്‍ നിന്നും തെലുങ്കാനയില്‍ നിന്നും 64 കോടിയിലേറെ വരുമാനം നേടി. പ്രീബുക്കിങ് ആരംഭിച്ചപ്പോള്‍ വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുപോയത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡ് കല്‍കി തകര്‍ത്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ‘കൽക്കി 2898 എഡി’ പറയുന്നത്. അതിജീവനത്തിനായി പോരാടുന്നവരുടെ നഗരമായിട്ടാണ് കാശിയെ ചിത്രീകരിച്ചിരിക്കുന്നത്.
ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയത്തിന് ശേഷം ബോക്‌സ് ഓഫീസില്‍ തുടരെ പരാജയം ഏറ്റുവാങ്ങിയതിന്റെ പേരില്‍ പ്രഭാസ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സാഹോ, ആദിപുരുഷ്, രാധേശ്യാം തുടങ്ങിയ ചിത്രങ്ങളുടെ പരാജയമായതോടെ പ്രഭാസിന്റെ താരമ്യൂലമിടിയുകയും പിന്നീട് പ്രശാന്ത് നീലിന്റെ സലാറിലൂടെയാണ് അദ്ദേഹം തിരിച്ചുവന്നത്. എന്നാൽ കല്‍ക്കിയുടെ ഗംഭീര വിജയത്തിലൂടെ പ്രഭാസ് നഷ്ടപ്പെട്ടുപോയ തന്റെ താരമൂല്യം പിടിച്ചെടുത്തിരിക്കുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം.
മഹാഭാരത യുദ്ധം നടന്ന് ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് ഭാവനാത്മകമായി നാഗ് അശ്വിന്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ആവിഷ്‌കരിച്ചിരിക്കുന്നത്.
അശ്വത്ഥാമാവാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം. പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ശോഭന, അന്ന ബെൻ എന്നിവരും ഈ സിനിമയിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു.
നായിക കഥാപാത്രമായ ‘സുമതി’യെയാണ് ദീപിക പദുക്കോൺ കൈകാര്യം ചെയ്യുന്നത്. ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനും ‘യാസ്‌കിൻ’ ആയി കമൽഹാസനും എത്തുന്നു. ‘ഭൈരവ’ എന്നാണ് പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ‘റോക്‌സി’യായി ദിഷ പടാനിയും വേഷമിടുന്നു.