News
സിനിമാ കോൺക്ലേവ് മാറ്റിയേക്കും; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ!
സിനിമാ കോൺക്ലേവ് മാറ്റിയേക്കും; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ!
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിശ്ചയിച്ച സിനിമാ കോൺക്ലേവ് മാറ്റിയേക്കുമെന്ന് വിവരം. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഗോവൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനാലാണ് കേൺക്ലേവ് മാറ്റിയതെന്നാണ് വിവരം. നവംബർ 20 മുതൽ 28 വരെയാണ് ഫിലിം ഫെസ്റ്റിവൽ.
അതേസമയം, കേരളീയം, ഐഎഫ്എഫ്കെ എന്നിവ ഡിസംബറിൽ നടക്കുന്നതിനാൽ കോൺക്ലേവ് ജനുവരിയിലേയ്ക്ക് മാറ്റുമെന്നും വിവരമുണ്ട്. സിനിമാനയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കോൺക്ലേവ് നടത്താൻ ലക്ഷ്യമിടുന്നത്.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങളും സർക്കാർ കേസെടുക്കാൻ മടിക്കുന്നുവെന്ന ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച കോൺക്ലേവിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു.
ചർച്ചകളിൽനിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ എല്ലാവരുമായും ചർച്ച നടത്തും. സമഗ്ര സിനിമാ നയം രൂപവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീസൗഹൃദ തൊഴിലിടമായി സിനിമ മാറണമെന്നും പ്രേംകുമാർ പറഞ്ഞിരുന്നു.