Malayalam
‘ഇന്നലെയാണ് എന്റെ ഓപറേഷന് കഴിഞ്ഞത്, സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ഷൂസ് ഇടാന്‍ പറ്റുന്നില്ല, ബ്ലീഡിംഗ് വരും’ എന്നിട്ടും ജോലിയോടുള്ള ആത്മാര്‍ത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം സെറ്റില്‍ ഓടിയെത്തി; തുറന്ന് പറഞ്ഞ് ഷാജി കൈലാസ്
‘ഇന്നലെയാണ് എന്റെ ഓപറേഷന് കഴിഞ്ഞത്, സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ഷൂസ് ഇടാന്‍ പറ്റുന്നില്ല, ബ്ലീഡിംഗ് വരും’ എന്നിട്ടും ജോലിയോടുള്ള ആത്മാര്‍ത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം സെറ്റില്‍ ഓടിയെത്തി; തുറന്ന് പറഞ്ഞ് ഷാജി കൈലാസ്
സിനിമാ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടന് റിസബാവയുടെ മരണം എത്തിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റി എങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
നാടക നടനായിരുന്ന റിസബാവ ഇന്നസെന്റ് നായകനായി 1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ പ്രശസ്തനായി. സിനിമയിലും സീരിയലിലും ഒട്ടേറെ വേഷങ്ങളില്‍ അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കര്‍മയോഗി എന്ന ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്ക് ശബ്ദം നല്കിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
എന്നാല്‍ ഇപ്പോഴിതാ റിസ ബാവ ഓര്‍മ്മയാകുമ്പോള്‍ താന്‍ സംവിധാനം ചെയ്ത അവസാന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കാനെത്തിയതിന്റെ ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് സംവിധായകന് ഷാജി കൈലാസ്. ‘ഷാജി, ഇന്നലെയാണ് എന്റെ ഓപറേഷന് കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ഷൂസ് ഇടാന്‍ പറ്റുന്നില്ല, ബ്ലീഡിംഗ് വരും.’ അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയായിരുന്നു അതെന്ന് ഷാജി കൈലാസ് പറയുന്നു.
അദ്ദേഹത്തിന് വേണ്ടി താന്‍ ആ ഷോട്ട് മാറ്റി, മുക്കാല്‍ ഭാഗം മാത്രം കാണിക്കുന്ന രീതിയില്‍ ഷോട്ട് ചിത്രീകരിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രത്തില്‍ പൊലീസ് ഓഫീസറായിട്ടായികരുന്നു റിസബാവയുടെ വേഷം. ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസമായിരുന്നു ചിത്രീകരണം. എന്നിട്ടും ജോലിയോടുള്ള ആത്മാര്‍ത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം റിസ ബാവ സെറ്റില്‍ ഓടിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഷാജി കൈലാസിന്റെ ഡോ. പശുപതി എന്ന സിനിമയിലൂടെയായിരുന്നു റിസബാവയുടെ സിനിമാ അരങ്ങേറ്റം. ആദ്യം സായ് കുമാറിനെയായിരുന്നു കഥാപാത്രത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ ഷെഡ്യൂളുകള്‍ തമ്മില്‍ ക്ലാഷ് വന്നതിനാല്‍ സായ് കുമാര്‍ പിന്മാറി പകരം റിസ ബാവയെ നിര്‍ദേശിക്കുകയായിരുന്നു. സ്വാതി തിരുനാള്‍ എന്ന നാടകത്തില്‍ അഭിനയിക്കുകയായിരുന്നു അപ്പോള്‍ റിസ ബാവ. ആലപ്പുഴയിലെ ഒരു ഉള്‍നാട്ടിലായിരുന്നു നാടകം.
സായ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രഞ്ജി പണിക്കര്‍ ഉടന്‍ തന്നെ കാറെടുത്ത് അവിടെ പോയി റിസ ബാവയെ കൂട്ടി. കണ്ടമാത്രയില്‍ തന്നെ റിസ ബാവയെ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു. റിസ ബാവയ്ക്കെപ്പോഴും എല്ലാവരോടും സ്നേഹമായിരുന്നുവെന്ന് ഷാജി കൈലാസ് ഓര്‍ക്കുന്നു. പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലന്‍ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാന്‍ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നടന് റിസബാവയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സംവിധായകന് സിദ്ദിഖ് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ദിഖിന്റെ ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ മലയാള സിനിമയില്‍ ശ്രദ്ധേയനാകുന്നത്. റിസബാവയുടെ വിയോഗം തന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും അദ്ദേഹം നമ്മെ വിട്ടുപോയെന്ന് വിശ്വസിക്കാവുന്നില്ലെന്നുമാണ് സിദ്ദിഖ് പ്രതികരിച്ചത്. ഒപ്പം ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം റിസബാവയില്‍ എത്തിയതിനെ കുറിച്ചും സിദ്ദിഖ് പറഞ്ഞു.
”ജോണ്‍ ഹൊനായ് എന്നയാള്‍ക്കായി പുതുമുഖത്തെ തപ്പിക്കൊണ്ടിരിക്കുമ്പോള്‍ ആണ് റിസബാവയെ പരിചയപ്പെടുന്നത്. റിസയെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കിഷ്ടമായി. സുമുഖനാണ്. സുന്ദരനാണ്. പശുപതിയില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സോഫ്റ്റായുള്ള നെഗറ്റീവ് ക്യാരക്ടറായിരുന്നു ചിത്രത്തില്‍ റിസയ്ക്ക് ചെയ്യാനുണ്ടായിരുന്നത്. ഒരു ഹീറോയെപ്പോലെ പെരുമാറുകയും സുന്ദരമായി ചിരിക്കുകയും വളരെ സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഒരു നെഗറ്റീവ് ക്യാരക്ടറാണ്. റിസബാവയ്ക്ക് അത് വളരെ ഭംഗിയായി ചെയ്യാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മുടി കളര്‍ ചെയ്ത് കണ്ണടയൊക്കെ ഫിറ്റ് ചെയ്ത് ഒരു നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രമാക്കി മാറ്റിയെടുത്തു. നമ്മള് വിചാരിച്ചതിലും അപ്പുറത്തേക്ക് റിസ ആ കഥാപാത്രത്തെ കൊണ്ടെത്തിച്ചു.
സിനിമയില്‍ ഏറ്റവും അധികം ആളുകള്‍ സംസാരിച്ചതും ജോണ്‍ ഹൊനായ് എന്ന വില്ലനെ കുറിച്ചായിരുന്നു. മാത്രമല്ല അങ്ങനെയൊരു വില്ലന്‍ മുന്‍പ് മലയാള സിനിമയില്‍ ഉണ്ടായിരുന്നില്ല. സുന്ദരനായ സൗമ്യനായ നായകനേക്കാള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന വില്ലന്‍. റിസ അത് ഗംഭീരമാക്കി. അവിടെ നിന്നായിരുന്നു റിസ സിനിമാ ജീവിതം തുടങ്ങിയത്. നിരവധി കഥാപാത്രങ്ങള്‍ വേറേയും അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി.
ഇന്നും ജോണ്‍ ഹൊനായ് എന്ന കഥാപാത്രം അഞ്ഞൂറാനെപ്പോലെയും മാന്നാര്‍ മത്തായിയെപ്പോലെയും ഓര്‍ക്കുന്ന കഥാപാത്രമായി മാറിയത് റിസയുടെ അഭിനയ മികവൊന്നുകൊണ്ടുമാത്രമാണ്. മലയാള സിനിമയുടെ മാത്രമല്ല വ്യക്തിപരമായി എന്റെ കൂടി നഷ്ടമാണ് റിസയുടെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു,” എന്നുമാണ് സിദ്ദിഖ് പറഞ്ഞത്.
