Malayalam
തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി; അശ്വിന് മറുപടിയുമായി മോഹന്‍ലാല്‍
തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി; അശ്വിന് മറുപടിയുമായി മോഹന്‍ലാല്‍
മോഹന്‍ലാല്‍ നായകനായ ദൃശ്യം 2വിന് മികച്ച പ്രതികരണമാണ് ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ രവിചന്ദ്രന്‍ അശ്വിന് ദൃശ്യം 2 കണ്ട് തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ മോഹന്‍ലാല്‍ അശ്വിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഈ തിരക്കുകള്‍ക്കിടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതില്‍ നന്ദി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തന്റെ ട്വിറ്ററില്‍ അശ്വിന്റെ ട്വീറ്റിന് മറുപടിയായാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ജോര്‍ജുകുട്ടി ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ട് താന്‍ ഉറക്കെ ചിരിച്ചു പോയെന്നും ദൃശ്യം 2 ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണണമെന്നും താരം ആവശ്യപെട്ടിരുന്നു. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, സംവിധായകന് അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.
