Malayalam
‘ആ ഗാനം ഞങ്ങള്‍ വീണ്ടും ഒരുക്കുന്നു… മറ്റൊരു ലോകത്ത് നിന്ന് ഉമയ്ക്ക് കേള്‍ക്കുവാനായി…’; ഭാര്യയ്ക്കായി ഗാനം ഒരുക്കി മനു രമേശ്
‘ആ ഗാനം ഞങ്ങള്‍ വീണ്ടും ഒരുക്കുന്നു… മറ്റൊരു ലോകത്ത് നിന്ന് ഉമയ്ക്ക് കേള്‍ക്കുവാനായി…’; ഭാര്യയ്ക്കായി ഗാനം ഒരുക്കി മനു രമേശ്
അകാലത്തില്‍ വിടപറഞ്ഞ ഭാര്യ ഉമയ്ക്ക് വേണ്ടി ഗാനം ഒരുക്കിയിരിക്കുകയാണ് സംഗീത സംവിധായകന് മനു രമേശ്. സുഹൃത്തായ വിധു പ്രതാപിനൊപ്പമാണ് മനു ഭാര്യയ്ക്ക് വേണ്ടി ഗാനമൊരുക്കിയത്.
വിധു പ്രതാപ് ആണ് പാട്ടിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. മുനും വിധു പ്രതാപുമായി ദീര്‍ഘ നാളത്തെ സൗഹൃദമാണുള്ളത്.
ഈ ഗാനം കോളജ് പഠനകാലത്ത് തങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരുക്കിയതാണെന്നും അത് ഉമയ്ക്ക് വളരെയധികം ഇഷ്ടമായിരുന്നു എന്നും വിധു പറയുന്നു.
‘എന്റെ കോളജ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത് ഇവന്റെ വീട്ടില്‍ ആയിരുന്നു. ഒരുപക്ഷെ എന്റെ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത മ്യൂസിക് ഡയറക്ടറും മനു രമേശന് തന്നെയായിരിക്കും.
കോളജ് കാലത്ത് ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഒരു ഗാനം മനുവിന്റെ ഭാര്യ ‘ഉമ’ യ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ആ ഗാനം ഞങ്ങള്‍ വീണ്ടും ഒരുക്കുന്നു… മറ്റൊരു ലോകത്ത് നിന്ന് ഉമയ്ക്ക് കേള്‍ക്കുവാനായി…’, എന്ന് വിധു പ്രതാപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 17ന് ആയിരുന്നു ഉമ ദേവി മരിച്ചത്. ശക്തമായ തലവേദനയെ തുടര്‍ന്ന് പുലര്‍ച്ചെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യെ മരണം സംഭവിക്കുകയായിരുന്നു.
അധ്യാപികയായിരുന്ന ഉമയ്ക്ക് ഈയടുത്ത കാലത്താണ് ഡോക്ടറേറ്റ് കിട്ടിയത്. പക്ഷേ അംഗീകാരം ഏറ്റു വാങ്ങുന്നതിനു മുന്‍പ് ഉമ വിടപറഞ്ഞിരുന്നു.
ഏറെ നാളത്തെ കഠിനാധ്വാനത്തിനു ശേഷം ഉമ ഡോക്ടറേറ്റ് നേടിയിട്ടും അത് സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടാതെ പോയതിനെക്കുറിച്ച് മനു രമേശ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു.
