Malayalam
തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്ക്, നടന് റഹ്മാന് ആശുപത്രിയില്‍
തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്ക്, നടന് റഹ്മാന് ആശുപത്രിയില്‍
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് റഹ്മാന്. നടനായും സഹനടനായും മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയ താരം റഹ്മാന് സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. പത്മരാജന് സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടന് സിനിമയില്‍ എത്തിയത് ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ്. തെലുങ്ക് ഭാഷകളിലും റഹ്മാന് അഭിനയിച്ചിരുന്നു. നായകനായി മാത്രമല്ല ഉപനായകനായും നടന് തിളങ്ങിയിരുന്നു. ഇന്നും സിനിമയില്‍ സജീവമാണ് നടന്.
ഇപ്പോഴിതാ റഹ്മാന് ഷൂട്ടിങ്ങിനിടയില്‍ പരിക്ക് പറ്റി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഗണ്‍പതിന്റെ ചിത്രീകരണ വേളയിലാണ് പരിക്ക് പറ്റിയത്. ഷൂട്ടിനിടയില്‍ ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് കാന്‍ മീഡിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. റഹ്മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമിതാബ് ബച്ചനൊപ്പമാണ് റഹ്മാന് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച ഗണ്‍പതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ മുംബൈയിലാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് മുംബൈയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിവരം. സ്റ്റുഡിയോ ഫ്ളോറിനുള്ളില്‍ തീര്‍ത്ത ബോംക്സിംഗ് റിംഗിനുള്ളിലാണ് ചിത്രീകരണം. റഹ്മാന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് കൂടിയാണ് ഇത്. പ്രധാന അഭിനേതാക്കള്‍ക്കൊപ്പം മുന്നൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്.
വികാസ് ബഹലാണ് ‘ഗണ്‍പത്’ സിനിമയുടെ സംവിധായകന്. ടൈഗര്‍ ഷ്റോഫ് കൃതി സനോന്‍, ഗൗഹര്‍ ഖാന് എന്നിവര്‍ക്കൊപ്പം അതിഥിതാരമായാണ് അമിതാഭ് ബച്ചന് എത്തുന്നത്. റഹ്മാന്റെ പിതാവായാണ് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് ‘ഗണ്‍പത്’. 2075ല്‍ നടക്കുന്ന സംഭവമായാണ് കാണിക്കുന്നത്. ഗ്രീന്‍മാറ്റിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചെയ്തിരിക്കുന്നത്. ലണ്ടനിലെ സ്റ്റുഡിയോ ഫ്ലോറുകളും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു റഹ്മാന്റെ മകള്‍ റുഷ്ദയുടെ വിവാഹം. തെന്നിന്ത്യന്‍ സിനിമ ലോകത്തെ മുന്‍നിര താരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റഹ്മാന്റെ മകള്‍ക്ക് ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിനെ കുറിച്ച് നടന് കുറിച്ച വാക്കുകളാണ്. വിവാഹം കഴിഞ്ഞ് എല്ലാവരും മടങ്ങുന്ന സമയം വരെ മൂത്ത ചേട്ടനെ പോലെ മോഹന്‍ലാല്‍ തന്റെ കൂടെ നിന്നുവെന്നാണ് പറയുന്നത്. ഇതുപോലെ വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാര്‍ക്കാണ് കഴിയുകയെന്നാണ് റഹ്മാന് ചോദിക്കുന്നത്. നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലേട്ടന്… എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ”ജീവിതത്തില്‍ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവര്‍ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂര്‍വ നിമിഷങ്ങള്‍.കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം.ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകള്‍ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതല്‍ ഒരുപാട്…ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവര്‍ക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘര്‍ഷങ്ങള്‍ വരെ.
കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം…അവിടേക്കാണ് ലാലേട്ടന് വന്നത്. ലാലേട്ടനൊപ്പം സുചിത്രയും … എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് …. ആര്‍ടിപിസിആര്‍ പരിശോധന നടത്തി…ഞങ്ങളെത്തും മുന്‍പ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…പ്രിയപ്പെട്ട ലാലേട്ടാ… സുചി…നിങ്ങളുടെ സാന്നിധ്യം പകര്‍ന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങള്‍ക്കെന്ന് പറയാതിരിക്കാനാവില്ല.
ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാര്‍ക്കാണ് ഇതുപോലെ കഴിയുക?സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല.പക്ഷേ… ഞങ്ങള്‍ക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി…ഒരായിരം നന്ദി”… റഹ്മാന് കുറിച്ച്. മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. ഇത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
