അവര്‍ കൈവിട്ട കളിയാണ് നടത്തുന്നത് ; ദുല്‍ഖര്‍ സല്‍മാനെ ഇല്ലാതാക്കുക, അയാളുടെ സിനിമകള്‍ നിരോധിക്കുക എന്ന നിലപാടിനെ എതിര്‍ക്കും; പിന്തുണച്ച് വിതരണക്കാരുടെ സംഘടന!
ദുല്‍ഖര്‍ സല്മാന് അടക്കമുള്ള താരങ്ങളെ വിലക്കാനും ഫാന്‍സ് ഷോ നിരോധിക്കാനമുള്ള ഫിയോക്കിന്റെ തീരുമാനത്തിനെതിരെ വിതരണക്കാരുടെ സംഘടന രംഗത്ത്. താരങ്ങളെ വിലക്കുന്ന നടപടിക്കെതിരെ ശക്തമായി എതിര്‍ക്കുമെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍ അറിയിച്ചു. താരങ്ങളുടെ ഫാന്‍സ് ഷോയിലൂടെ തീയേറ്ററുകള്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. എന്തിനാണ് അതിനെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരു പ്രമുഖ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തീയേറ്ററില്‍ കളക്ഷന്‍ നേടുന്ന ഏത് പ്രവണയതും നമ്മള് സ്വാഗതം ചെയ്യണം. അത് ഫാന്‍സ് ഷോ ആണെങ്കിലും. ഫാന്‍സ് വന്നാല്‍ ഹൗസ്ഫുള് കളക്ഷനല്ലേ ലഭിക്കുന്നത്. അതിന്റെ ഒരു വിഹിതം ലഭിക്കുന്നത് തീയേറ്റര്‍ ഉടമകള്‍ക്കല്ലേ. അതിന് എന്തിനാണ് എതിര്‍ക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ ഇല്ലാതാക്കുക, അയാളുടെ സിനിമകള്‍ നിരോധിക്കുക എന്ന നിലപാടിനെ ഞങ്ങള്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏത് സിനിമ സംഘടനയുടെ തലപ്പത്തും സിനിമയോടുള്ള ആഗ്രഹം കൊണ്ടുവന്നവര്‍ ആകണം. ഇത് രാഷ്ട്രീയമല്ല. ദുല്‍ഖര്‍ സല്‍മാന്റെ ഒരു പടം അല്ലെങ്കില്‍ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമ ഇറങ്ങുമ്പോള്‍ അതില്‍ വരുന്ന നഷ്ടം തിയേറ്റര്‍ ഉടമകള്‍ നികത്തുമോ? വന്‍ പ്രതീക്ഷയില്‍ വരുന്ന പല സിനിമകളും പരാജയം നേരിടേണ്ടി വരാറുണ്ട്. ഒടിടിയുമില്ല പടവും നഷ്ടം വന്നു എന്ന അവസ്ഥയില്‍ ആ നഷ്ടം തിയേറ്റര്‍ ഉടമകള്‍ നികത്തുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
സിനിമകളെ വിലക്കും എന്ന് പറയുന്ന ഒരു സംഘടനയ്ക്കും ചിത്രങ്ങള്‍ നല്‍കില്ല. ഒടിടി എന്നത് തീയേറ്ററുകള്‍ക്ക് ഒരിക്കലും ഭീഷണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ട് സീരിയലുകള്‍ വന്ന സമയത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മാറ്റങ്ങള്‍ കാലത്തിന് അനുസരിച്ച് വേണം. ഒടിടി തീയേറ്ററുകള്‍ക്ക് ഭീഷണിയാകില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹൃദയം എന്ന സിനിമ. ഒടിടിയില്‍ റിലീസ് ചെയ്തതിന് ശേഷവും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. സിനിമ ഒടിടിയില്‍ വന്നു എന്ന് പറഞ്ഞ് സിനിമ വിലക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ പ്രശ്നങ്ങള്‍ക്ക് സംയുക്തമായി പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഫിയോക് സംഘടന രൂപീകരിച്ചത്. എന്നാല്‍ സംഘടന ഏകാധിപത്യത്തിലേക്ക് പോയി. നമ്മള് നല്ല ഒരു ഉദ്ദേശവുമായാണ് ഫിയോക്ക് എന്ന സംഘടന തുടങ്ങിയത്. സംയുക്തമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഇന്‍ഡസ്ട്രിയുമായുള്ള തീരുമാനം എടുക്കാവൂ എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുറെ അംഗങ്ങള്‍ ഉണ്ടെന്നുള്ള ധൈര്യത്തില്‍ അവര്‍ കൈവിട്ട കളിയാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്റണി പെരുമ്പാവൂരിനെയോ ദിലീപിനെയോ ഒന്നും ഇത് ബാധിക്കാന്‍ പോകുന്നില്ല. ഫെഡറേഷനിലും ഒരുപാട് അംഗങ്ങള്‍ ഉണ്ട്. അവരാരും ഫിയോക്കില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല. ഫെഡറേഷന് തിരിച്ചുവന്നപ്പോള്‍ അത് ഇന്‍ഡസ്ട്രിയ്ക്ക് ഗുണം ചെയ്യുമെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും വിശ്വസിക്കുന്നത്. ഫെഡറേഷനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ദുല്‍ഖര്‍ സല്മാന് വിലക്ക് ഏര്‍പ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഫിയോക് നടപടിയുമായി രംഗത്ത് വന്നത്. നേരത്തെ മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ടും വലിയ വിവാദമുണ്ടായിരുന്നതാണ്. ആ സമയത്ത് ദുല്‍ഖറിന്റെ കുറുപ്പ് തിയറ്ററുകള്‍ക്ക് നല്‍കിയിരുന്നു. കൊച്ചിയില്‍ വെച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്സിക്യൂട്ട് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ദുല്‍ഖറിന്റെ സിനിമകളെ വിലക്കാനുളള തീരുമാനമെടുത്തത്.
ABOUT DULQUER SALMAN
