Malayalam
മാസത്തില്‍ അഞ്ച് ദിവസമൊക്കെയാണ് ഞങ്ങള്‍ക്ക് ഒന്നിച്ച് കിട്ടുക, കക്ഷിക്കാണ് ആകെ ബോറടിക്കുക, പിന്നെ വിദേശത്തൊന്നും അല്ലല്ലോ എന്നതാണ് ഏക ആശ്വാസം!
മാസത്തില്‍ അഞ്ച് ദിവസമൊക്കെയാണ് ഞങ്ങള്‍ക്ക് ഒന്നിച്ച് കിട്ടുക, കക്ഷിക്കാണ് ആകെ ബോറടിക്കുക, പിന്നെ വിദേശത്തൊന്നും അല്ലല്ലോ എന്നതാണ് ഏക ആശ്വാസം!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിന്‍ മോഹനും ഭാര്യ വരദയും. നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരങ്ങള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. വിവാഹശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തത് എന്താണെന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി വരദയിപ്പോള്‍.
രണ്ട് പേരും ഒരേ മേഖലയില്‍ നിന്നുള്ളവര്‍ ആയത് കൊണ്ട് ഒത്തിരി ഗുണം ഉണ്ടായിട്ടുണ്ടെന്നാണ് വരദ പറയുന്നത്. അതേ സമയം തിരക്കുകള്‍ക്കിടയില്‍ പരസ്പരമുള്ള കൂടി കാഴ്ചകള്‍ കുറയുന്നതാണ് പ്രധാന പ്രശ്‌നം. മാസത്തില്‍ അഞ്ച് ദിവസമൊക്കെ ആയിരിക്കും ഒരുമിച്ച് ഉണ്ടാവുക എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വരദ പറയുന്നു.
വരദയുടെ വാക്കുകളിലേക്ക്…
രണ്ട് പേരും ഒരേ മേഖലയില്‍ നിന്നുള്ളവര്‍ ആയത് കൊണ്ട് പരസ്പരം മനസിലാക്കാന്‍ കുറച്ചൂടെ എളുപ്പമാണ്. വൈകിയുള്ള ഷൂട്ട്, യാത്രകള്‍, വീട് മാറി നില്‍ക്കേണ്ടി വരുന്നതുമൊക്കെ അവര്‍ക്ക് മനസിലാകും. പിന്നെ കണ്ടുമുട്ടലുകള്‍ കുറവാകും. കാരണം എന്റെ ഷെഡ്യൂള്‍ കഴിയുമ്പോഴായിരിക്കും ജിഷിന്റേത് തുടങ്ങുക. അങ്ങനെ വരുമ്പോള്‍ അധികം ഒന്നിച്ചുണ്ടാകില്ല. ജിഷിന്‍ ഇപ്പോള്‍ കൈരളിയില്‍ ഒരു ഷോ ചെയ്യുന്നുണ്ട്. സൂര്യയില്‍ വര്‍ണപ്പകിട്ട് എന്നൊരു സീരിയലും ചെയ്തു. പിന്നെ പുതിയൊരു പ്രോജക്ട് കൂടി വരുന്നുണ്ട്.
മാസത്തില്‍ അഞ്ച് ദിവസമൊക്കെയാണ് ഞങ്ങള്‍ക്ക് ഒന്നിച്ച് കിട്ടുക. പിന്നെ വിദേശത്തൊന്നും അല്ലല്ലോ എന്നതാണ് ആശ്വാസം. കക്ഷിക്കാണ് ആകെ ബോറടിക്കുക. ഞാന്‍ ഷൂട്ടിന് പോകുമ്പോള്‍ മോനെ നോക്കാന്‍ പുള്ളിയ്ക്ക് ഒറ്റയ്ക്ക് പറ്റില്ല. അപ്പോഴെന്റെ വീട്ടിലാണ് താമസിക്കുക. പിന്നെ രണ്ട് വീട്ടിലും മാറി മാറിയാണ് ജിഷിന്‍ നില്‍ക്കുക. സീരിയലുകള്‍ ഒരുമിച്ച് അഭിനയിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരുമിച്ച് ഷോ കള്‍ ചെയ്യും. അതാകുമ്പോള്‍ ചെറിയ പ്രോഗ്രാംസ് ആയിരിക്കുമല്ലോ.
സീരിയല്‍ വര്‍ഷങ്ങള്‍ നീണ്ട് പോകുന്ന പരിപാടിയല്ലേ. അതുകൊണ്ട് തന്നെ രണ്ട് പേരും കൂടെ ഒരുമിച്ച് വേണ്ടെന്നാണ് തീരുമാനം. അതാകുമ്പോള്‍ പ്രേക്ഷകര്‍ക്കും ബോറടിക്കില്ല. പരസ്പര ബഹുമാനത്തോടെ ഇടപെടുന്ന രണ്ട് ആര്‍ട്ടിസ്റ്റുകളാണ് ഞങ്ങള്‍. വീട്ടില്‍ മാത്രമേ ഭാര്യാഭര്‍തൃ ബന്ധമുള്ളു. ഷോ യിലൊക്കെ വരുമ്പോള്‍ ജിഷിന്‍ എവിടെയാണെന്ന് ഒക്കെ ചോദിക്കുന്നവരുണ്ട്. ഞാനും പുള്ളിയും ആര്‍ട്ടിസ്റ്റാണ്. ഇവിടെ ആ ബന്ധമേ ഉള്ളുവെന്ന് പറയും. രണ്ട് പേരും ആര്‍ട്ടിസ്റ്റുകള്‍ ആയത് കൊണ്ട് പരസ്പരം വിലയിരുത്തലൊക്കെ ഉണ്ടായിട്ടുണ്ട്.
ഒരാളിന്റെ പെര്‍ഫോമന്‍സ് കണ്ട് ഇഷ്ടപ്പെട്ടാല്‍ മറ്റേയാള്‍ അഭിനന്ദിക്കാറുണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് കളിയാക്കാറുമുണ്ട്. വളരെ സത്യസന്ധമായ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവെക്കാം. ഞാന്‍ ചെയ്തത് ശരിയായില്ലെങ്കിലോ മേക്കപ്പ് പ്രശ്‌നമാണെങ്കിലോ തുറന്ന് പറയാന്‍ ജിഷിന് ഒരു മടിയുമില്ല. അപ്പോള്‍ അടുത്ത എപ്പിസോഡ് വരുമ്പോള്‍ ഞാനത് ശ്രദ്ധിക്കും. തിരിച്ചും അങ്ങനെ തന്നെയാണ്.
സിനിമയില്‍ നിന്ന് സീരിയലിലേക്ക് വന്ന ആളാണ് ഞാന്‍. രണ്ടും എനിക്കിഷ്ടപ്പെട്ട മേഖലകള്‍ തന്നെയാണ്. അവസാനം ചെയ്ത സിനിമ അല്‍ മല്ലുവാണ്. സിനിമയില്‍ നിന്ന് പുതിയ ഓഫറുകളൊക്കെ വന്നെങ്കിലും ഒന്നും നടന്നില്ല. അപ്പോഴെക്കും ആദ്യത്തെ ലോക്ഡൗണ്‍ വന്നു. കൊവിഡ് പ്രതിസന്ധിയില്‍ എന്താണ് ഇനി എന്നൊന്നും പറയാന്‍ പറ്റില്ല. ഒരുപാട് വലിയ സ്വപ്‌നങ്ങളൊന്നുമുള്ള ആളല്ല ഞാന്‍. കാമറയോടുള്ള ഇഷ്ടം കൊണ്ട് ഈ ഫീല്‍ഡില്‍ തന്നെ നില്‍ക്കണമെന്നാണ് ആഗ്രഹം.
അത് സിനിമ ആയാലും സീരിയല്‍ ആയാലും എനിക്ക് പ്രശ്‌നമില്ല. നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാനും മടിയില്ല. പക്ഷേ ഒരു വേഷം ചെയ്യുമ്പോള്‍ നൂറ് ശതമാനം ആത്മാര്‍ഥതയോടെ ചെയ്യും. ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ടത് അമലയും പ്രണയത്തിലെ ലക്ഷ്മിയും ആണ്. അമല ദുഃഖപുത്രി ആണെങ്കില്‍ ലക്ഷ്മി മോഡേണ്‍ ആയിട്ടുള്ള കുസൃതിയും കുറുമ്പുമൊക്കെയുള്ള കുട്ടിയാണ്. ഇന്നും എന്നും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന രണ്ട് വേഷങ്ങള്‍ ഇത് തന്നെ ആയിരിക്കും.
