Malayalam
കുഞ്ചാക്കോ ബോബൻ, നയൻതാര കോമ്പോ; പ്രേക്ഷകർ സ്വീകരിച്ചു; ഇത് കാണേണ്ട സിനിമ തന്നെ!!
കുഞ്ചാക്കോ ബോബൻ, നയൻതാര കോമ്പോ; പ്രേക്ഷകർ സ്വീകരിച്ചു; ഇത് കാണേണ്ട സിനിമ തന്നെ!!
ആകാംക്ഷയും ദുരൂഹതയും നിറച്ച് കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച നിഴൽ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്
വർഷങ്ങളായി സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. എന്നാൽ ആ കാത്തിരിപ്പ് വെറുതെയായില്ല. ഇരുവരും ഒന്നിച്ചുള്ള കോമ്പോ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു.
ത്രില്ലർ സ്വഭാവമുള്ള നിരവധി ചിത്രങ്ങൾ അഭിനയിച്ച് ആരാധകരെ കീഴ്പ്പെടുത്തിയ കുഞ്ചാക്കോ ബോബൻ നയൻതാരയ്ക്ക് ഒപ്പം എത്തിയപ്പോൾ സിനിമയുടെ ലെവൽ മാറിയെന്നാണ് ആരാധകർ ഒന്നടംഗം അഭിപ്രായപ്പെടുന്നത്.
റിലീസിന് മുന്നോടിയായി ചിത്രത്തിലെ ‘ഇന്നലെ മെല്ലെനെ’ എന്ന ഗാനം ഇന്നലെ രാത്രി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ആദ്യ ഗാനത്തെയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള എന്ന കഥാപാത്രമായിട്ടാണ് നയൻസ് എത്തുന്നത്.
നിഗൂഢതകള്‍ നിറഞ്ഞ കഥ, ത്രില്ലർ സ്വഭാവമുള്ള ആഖ്യാനം, നായികാ കഥാപാത്രം എന്ന സാമാന്യ പ്രയോഗത്തിനും അപ്പുറം ശക്തമായ സ്ത്രീ കഥാപാത്രവും ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്.
ഹോളിവുഡ് സിനിമകൾ പരീക്ഷിച്ചു കഴിഞ്ഞ ഒരു തീമായി പറയാമെങ്കിലും മലയാളത്തിൽ ഒരുപക്ഷേ ആദ്യമായാണ് ‘നിഴലി’ലെ പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. നിധി എന്ന കുട്ടി പറയുന്ന ഒരു കഥയിൽ നിന്നും, അവനെ ചുറ്റി നിൽക്കുന്ന നിഗൂഢമായ ഒന്ന് ജോണ്‍ ബേബി എന്ന ജുഡീഷ്യൽ മജിസ്ട്രേറ്റിലേക്ക് (കുഞ്ചാക്കോ ബോബന്‍) എത്തുകയും, അയാൾ തന്‍റെ ജിജ്ഞാസ കൊണ്ടാകണം അതിന്മേൽ ഒരന്വേഷണം നടത്തുകയും ചെയ്യുന്നു. ഷർമിള (നയന്‍താര) ആദ്യം തന്‍റെ കുട്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുകയും പിന്നീട് ജോണ്‍ ബേബിയോട് സഹകരിക്കുകയും ചെയ്യുന്നു. ഒരു മുങ്ങി മരണത്തിന്റെ സാധ്യതകളിലേക്കാണ് നിധിയുടെ കഥ വിരൽ ചൂണ്ടുന്നത്. സാഹചര്യങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ആ അന്വേഷണം ത്രില്ലിംഗ് ആയ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അംഗീകാരങ്ങളും നേടിയ എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. എസ് സഞ്ജീവാണ് നിഴലിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക്.ഡി.മേനോന്‍. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
