Malayalam
‘വിശ്വസിക്കാം ഈ നിഴലിനെ’!, നിഗൂഢതകളുടെ മറ നീക്കി കുഞ്ചാക്കോ ബോബന്‍
‘വിശ്വസിക്കാം ഈ നിഴലിനെ’!, നിഗൂഢതകളുടെ മറ നീക്കി കുഞ്ചാക്കോ ബോബന്‍
കോവിഡില്‍ പെട്ട് തകര്‍ന്നുകൊണ്ടിരുന്ന സിനിമാ വ്യവസായത്തിന് സഹായം പോലെയാണ് അടുത്ത കാലത്തായി തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. ശേഷം ഒരു പിടി നല്ല ചിത്രങ്ങള്‍ റിലീസിനെത്തിയെങ്കിലും മലയാളികള്‍ സ്ഥിരം കണ്ടു മറന്ന ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ നിഴല്‍ എത്ത ചിത്രം.
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ചാക്കോച്ചനും ഒന്നിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ പ്രേക്ഷകരും ആരാധകരും ആകാംക്ഷയിലായിരുന്നു. പ്രതീക്ഷിച്ചതിലും മനോഹരമായി കാണികളെ പിടിച്ചിരുത്താന്‍ നിഴലിനായി എന്ന് നിസ്സംശയം പറയാന്‍ കഴിയും.
ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നിധി എന്ന കുട്ടി പറയുന്ന ഒരു കഥയില്‍ നിന്നും, അവനെ ചുറ്റി നില്‍ക്കുന്ന നിഗൂഢമായ ഒന്ന് ജോണ്‍ ബേബി എന്ന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിലേക്ക് എത്തുകയും, അയാള്‍ അതിന്മേല്‍ ഒരു അന്വേഷണം നടത്തുകയും ചെയ്യുന്നു.
ഷര്‍മിള ആയി എത്തുന്ന നയന്‍താര ആദ്യം തന്റെ കുട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും പിന്നീട് ജോണ്‍ ബേബിയോട് സഹകരിക്കുകയും ചെയ്യുന്നു.
സാഹചര്യങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ആ അന്വേഷണം ത്രില്ലിംഗ് ആയ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥയില്‍ കുട്ടി പറയുന്ന സൂചനയ്ക്ക് അനുസരിച്ച് പുറപ്പെട്ടു പോകുന്ന ജോണ്‍ അതിലെ യാഥാര്‍ഥ്യങ്ങളുമായി കൂട്ടിമുട്ടുന്നുണ്ട്.
തിയേറ്ററില്‍ ഇരിക്കുന്ന കാഴ്ചക്കാരനെ അലോസരപ്പെടുത്താതെ ത്രില്ലടിപ്പിച്ചും ആവശ്യത്തിന് സസ്‌പെന്‍സ് കലര്‍ത്തിയും ചിത്രത്തെ ഒരു എക്‌സ്ട്രീം ലെവലിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.
മലയാളത്തില്‍ ഒരുപക്ഷേ ആദ്യമായാണ് ഒരു ഹോളിവുഡ് ടച്ചുളള പ്രമേയം ‘നിഴലി’ലൂടെ അവതരിപ്പിക്കപ്പെടുന്നത്. കഥാപാത്രത്തിന് അനുയോജ്യമായ ഗൗരവ സ്വഭാവം നല്‍കാന്‍ നയന്‍താര ശ്രമിക്കുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ തന്റെ മജിസ്ട്രേറ്റ് വേഷം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു എന്നത് ശ്രദ്ധേയം.
ചാക്കോച്ചനും നയന്‍താരയും മാത്രമല്ല, ചിത്രത്തില്‍ അണി നിരന്ന എല്ലാവരും തന്നെ വളരെ മനോഹരമായാണ് അവരുടെ ഭാഗം ഭംഗിയാക്കിയത്. മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരെ എടുത്തു പറയേണ്ടിയിരിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എസ് സജീവാണ് ‘നിഴലി’ന്റെ തിരക്കഥ. പ്രേക്ഷകനെ ഒരു വിധത്തിലും വിരസമാക്കാതെ അവസാനത്തെ സീന്‍ വരെ പിടിച്ചിരുത്താന്‍ പോന്ന തരത്തിലുള്ള തിരക്കഥ ഭംഗിയാക്കാന്‍ സംവിധായകനായ അപ്പു ഭട്ടതിരിയ്ക്കും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല,
ഒട്ടേറെ മികച്ച സിനിമകളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നൊരു പ്രത്യേകത കൂടി നിഴലിനുണ്ട്. മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ വ്യക്തി കൂടിയാണ് അപ്പു ഭട്ടതിരി.
പിന്നെ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എടുത്തു പറയേണ്ടതാണ്. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുവാന്‍ പശ്ചാത്തല സംഗീതത്തിനുള്ള പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. അത് ഇവിടെയും വളരെ ഭംഗിയായി സംഗീതം നിര്‍വഹിച്ചിട്ടുണ്ട്.