News
ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ട കേസും ആറ് ആഴ്ചയോളം നീണ്ടു നിന്ന കോടതി വിചാരണയും സിനിമയാകുന്നു; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ട കേസും ആറ് ആഴ്ചയോളം നീണ്ടു നിന്ന കോടതി വിചാരണയും സിനിമയാകുന്നു; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും മാനനഷ്ട കേസും വിധിയും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും കേസും ആറ് ആഴ്ചയോളം നീണ്ടു നിന്ന കോടതി വിചാരണയും സിനിമയാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘ഹോട്ട് ടേക്ക്: ദി ഡെപ്പ്/ഹേര്‍ഡ് ട്രയല്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
സിനിമ യൂട്യൂബിലൂടെ മാത്രമായിരിക്കും സ്ട്രീം ചെയ്യുക. സെപ്റ്റംബര്‍ 30ന് പ്രദര്‍ശനം ആരംഭിക്കും. നടന്‍ മാര്‍ക് ഹാപ്കയാണ് ജോണി ഡെപ്പായി എത്തുക. മേഗന്‍ ഡേവിസ് ഹേഡിന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. ഡെപ്പിന്റെ അഭിഭാഷകയായ കാമില്‍ വാസ്‌ക്വസിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് മെലിസ മാര്‍ട്ടിയാണ്. ഹേഡിന്റെ അഭിഭാഷയായ എലെയ്ന്‍ ബ്രഡ്‌ഹോഫ്റ്റായി നടി മേരി കോരിഗും എത്തും.
ജൂണ്‍ ആദ്യവാരമായിരുന്നു ഹേഡിന് എതിരെയുള്ള മാനനഷ്ട കേസില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്നാണ് വിധി. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്പരിഹാരം നല്‍കണം. ആറ് ആഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേര്‍ഡ് കുറ്റക്കാരിയെന്നാണ് കണ്ടെത്തല്‍.
യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയായിരുന്നു വിധി പറഞ്ഞത്. 2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായി ഡെപ്പ് പറഞ്ഞു.
ഡെപ്പിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഭാര്യയുടെ ആ പരാമര്‍ശത്തോടെ ‘പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍’ സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.