സുരാജിന്റെ കഥാപാത്രം പെരുമാറുന്നതിന് സമാനമായി താനും ഒരു കാലത്ത് പെരുമാറിയിരുന്നു; പുരുഷ മേധാവിത്വം കാണിക്കാന്‍ ശ്രമിച്ചിരുന്നു
ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്കാണ് വഴി തെളിയിച്ചത്. ചില വിമര്‍ശനങ്ങൾ സിനിമയ്ക്കെതിരെ ഉയര്‍ന്നിരുന്നുവെങ്കിലും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്.
ഇപ്പോഴിതാ സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പെരുമാറുന്നതിന് സമാനമായി താനും ഒരു കാലത്ത് പെരുമാറിയിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന് ജിയോ ബേബി.
പഴയ ഞാന്‍ തന്നെയാണ് സുരാജിന്റെ കഥാപാത്രമെന്ന് ജിയോ ബേബി വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘ഒരു പരിധി വരെ പഴയ ഞാന്‍ തന്നെയാണ് സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂട് ചെയ്ത ഭര്‍ത്താവിന്റെ കഥാപാത്രം. ചെയ്ത തെറ്റിനെ മറച്ചുപിടിച്ചു കൊണ്ട് എന്റെ ഭാര്യയെ കൊണ്ട് ഞാന്‍ സോറി പറയിപ്പിച്ചിട്ടുണ്ട്. എന്നിലെ പുരുഷ മേധാവിത്വം കാണിക്കാന്‍ ശ്രമിച്ചിട്ടുള്ള ആളാണ് ഞാന്‍. അതില്‍ നിന്നും തിരിച്ചറിവുകളുണ്ടായി മാറ്റങ്ങള്‍ സംഭവിച്ചപ്പോഴാണ് അതെന്തൊരു മോശം കാലമായിരുന്നു എന്ന് മനസ്സിലാകുന്നത്’, ജിയോ പറഞ്ഞു.
