Malayalam
സിനിമ വ്യവസായത്തെ തന്നെ ബാധിക്കുന്ന ക്യാന്‍സറാണിത്, നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്; തുറന്നടിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍
സിനിമ വ്യവസായത്തെ തന്നെ ബാധിക്കുന്ന ക്യാന്‍സറാണിത്, നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്; തുറന്നടിച്ച് നിര്‍മാതാവ് സുരേഷ് കുമാര്‍
നടനായും നിര്‍മാതാവായും മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് സുരേഷ് കുമാര്‍. ഇപ്പോഴിതാ പൈറസി സിനിമയെ അപ്പാടെ നശിപ്പിക്കുമെന്നും ഇതിനെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്നും പറയുകയാണ് അദ്ദേഹം. സിനിമ വ്യവസായത്തെ തന്നെ ബാധിക്കുന്ന ക്യാന്സറാണിതെന്നും വ്യാജപതിപ്പുകള്‍ കാരണം, തിയേറ്ററില്‍ മാത്രം വിശ്വസിച്ച് ഒരു പടം ഇറക്കാന്‍ ഇന്നു സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെക്കാലം വിഡിയോ പൈറസി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി അവ പുതിയ രൂപത്തില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് വഴി എത്തിക്കഴിഞ്ഞിരിക്കുന്നു. പണ്ട് വ്യാജ സിഡി പിടിക്കാനായി കേരളം മുഴുവന്‍ ഞങ്ങളൊരുപാട് തവണ യാത്ര ചെയിതിട്ടുണ്ട്. ഇന്നിപ്പോള്‍ അതിനും സ്കോപ്പില്ല. ഇത് ഇന്‍ഡസ്ട്രിയെ മുഴുവനും നശിപ്പിക്കുകയാണ് ചെയ്യുന്നത്.
താല്‍ക്കാലിക ആഹ്ലാദത്തിനു വേണ്ടി കുറച്ച്പേര് ചെയ്യുന്ന പല കാര്യങ്ങളും ഒരു വ്യവസായത്തെ അടിമുടി നശിപ്പിക്കുകയാണ്. അവര്‍ക്കത് മറ്റുള്ളവരുടെ മുമ്പില്‍ ആളാവാന്‍ വേണ്ടിയുള്ള ഒരു നിസ്സാരകാര്യം മാത്രം ആയിരിക്കും. എന്നാല്‍ ഒരു പ്രൊഡ്യൂസര്‍ക്ക് അല്ലെങ്കില്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ക്ക് എത്ര വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല.
അത് തടയാന്‍ ശ്രമങ്ങള്‍ നടത്തേണ്ടത് ഗവണ്മെന്റ് ആണ്. അല്ലെങ്കില്‍ ഗവണ്‍മെന്റിനുമത് റവന്യൂ ഇനത്തില്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് എനിക്ക് പറയാനുള്ളത്. അവര്‍ തീര്‍ച്ചയായും അതിനു പരിഹാരവും കാണണം. പിന്നെ ഇത്തരക്കാരോട് പറയാനുള്ളത് ദയവായി ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത് എന്നു മാത്രമാണ്. പിന്നെ 5 ജി പോലെയുള്ള ടെക്നോളജി വരുമ്പോള്‍ ഇവയെല്ലാം മാറും എന്ന് പ്രതീക്ഷയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
