Malayalam
ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ, അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ല; സുരേഷ് കുമാർ
ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ, അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ല; സുരേഷ് കുമാർ
കഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമയിലെ നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വാർത്തയായിരുന്നു. ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തിൽ സുരേഷ്‌കുമാർ പറഞ്ഞത് സിനിമയ്ക്കുള്ളൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാൻ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്ന് ആന്റണി ചോദിച്ചിരുന്നു.
തീയറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കേണ്ടതുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു.
ഒരു സംഘടനയിലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയിൽ തനിക്ക് ഒരു തീരുമാനം ഒറ്റയ്ക്ക് എടുക്കാൻ സാധിക്കില്ലെന്ന് പറയുകയാണ് ജി സുരേഷ് കുമാർ. കുറേ നാളായി ഇക്കാര്യം സംഘടനയിൽ ചർച്ച ചെയ്യുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനമെടുത്ത ശേഷം ഫെഫ്ക അടക്കമുളളവരുമായും ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച എറണാകുളത്ത് യോഗം ചേർന്നിരുന്നു. അതിന്റെ മിനുട്‌സും ഉണ്ട്.
അല്ലാതെ താനൊരു മണ്ടനൊന്നും അല്ലെന്നും സുരേഷ് കുമാർ തുറന്നടിച്ചു. കുറേ കാലമായി സിനിമ തുടങ്ങിയിട്ട്. ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ. അതുകൊണ്ട് അങ്ങനെയൊരു മണ്ടത്തരം താൻ കാണിക്കില്ല. തമാശ കളിക്കാനല്ല സിനിമയിലിരിക്കുന്നത്.
46 വർഷമായി സിനിമയിൽ ഉണ്ട്. ആന്റണിയെ താൻ കാണാൻ തുടങ്ങിയിട്ടും കുറേ വർഷങ്ങളായി. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം തൊട്ടേ അറിയാവുന്ന ആളാണ് ആന്റണി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ വിളിച്ച് പറയുകയോ ചെയ്യുന്ന ആളല്ല താൻ. ആന്റോ ജോസഫ് മെയ് വരെ ലീവെടുത്തിരിക്കുകയാണ്. വൈസ് പ്രസിഡണ്ട് എന്ന നിലയ്ക്കാണ് ആ യോഗത്തിൽ അധ്യക്ഷനായത്.
ആന്റണി ഒരു യോഗത്തിനും വരാറില്ല. അതാണ് ഇക്കാര്യങ്ങളൊന്നും അറിയാത്തത്. എംപുരാൻ ബജറ്റുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത് അതുമായി ഉത്തരവാദിത്തപ്പെട്ട ആളുകൾ തന്നോട് പറഞ്ഞതാണ്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. തന്നോട് പറഞ്ഞ കാര്യം പറഞ്ഞില്ലെന്നാണ് അവരിപ്പോൾ പറയുന്നത്. അതിന്റെ അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ല.
സിനിമാ സമരം സംഘടനയെടുത്ത തീരുമാനമാണ്. അതിൽ നിന്ന് പിന്മാറില്ല. 100 കോടി ക്ലബ്ബെന്ന് ചുമ്മാ പറയുന്ന പരിപാടി എല്ലാവരും നിർത്തണം. അത് ആന്റണിയ്ക്കും ബാധകമാണ്. ചുമ്മാ അങ്ങനെ പറഞ്ഞാൽ പോരല്ലോ. അതിനുള്ള തെളിവ് കാണിക്കൂ എന്നും സുരേഷ് കുമാർ പറഞ്ഞു.
സിനിമാ മേഖല ജൂൺ 1 മുതൽ നിശ്ചലമാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിർമ്മാതാവ് ജി സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. വിവിധ സിനിമാ സംഘടനകൾ ചേർന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിൻറെ പ്രഖ്യാപനം.
