Malayalam
ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞത് ഇവൻ ഈ കൊച്ചിനെയും വിളിച്ച് കൊണ്ട് വരുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ്; മേനകയുമായുള്ള പ്രണയത്തെ കുറിച്ച് സുരേഷ് കുമാർ
ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞത് ഇവൻ ഈ കൊച്ചിനെയും വിളിച്ച് കൊണ്ട് വരുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ്; മേനകയുമായുള്ള പ്രണയത്തെ കുറിച്ച് സുരേഷ് കുമാർ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ വാദങ്ങൾക്കെതിരെയും പരസ്യമായി രംഗത്ത് വന്നതോടെ സുരേഷ് കുമാറിനെതിരെ പലരും രംഗത്തെത്തിയിരുന്നു. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.
പിന്നാലെ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് കൊണ്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനുമെല്ലാം എത്തിയതോടെ സിനിമാലോകത്തിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുകയായിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ശങ്കറും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന സെറ്റിൽ ശങ്കറിനെ കാണാൻ പോകുമ്പോഴാണ് മേനകയെ കാണുന്നത്. പരിചയപ്പെട്ടു. അന്ന് മേനക ഇഷ്ടം പോലെ സിനിമകൾ ചെയ്യുന്നുണ്ട്. എങ്ങനെ നീ മറക്കും എന്ന പടത്തിന് വന്നപ്പോൾ സുകുമാരി ചേച്ചി എന്നെ പരിചയപ്പെടുത്തി. അന്നും ശങ്കറിനെ കാണാനാണ് അവിടെ പോകുന്നത്. ദേവദാരു പൂത്തു എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോഴാണ് സുകുമാരി ചേച്ചി പരിചയപ്പെടുത്തുന്നത്.
പിന്നീട് പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയിൽ അഭിനയിച്ചു. അങ്ങനെ പ്രണയത്തിലേക്ക് മാറി. എന്റെ അച്ഛന് എതിർപ്പില്ലായിരുന്നു. ഈ ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ അമ്മയോട് പറഞ്ഞത് ഇവൻ ഈ കൊച്ചിനെയും വിളിച്ച് കൊണ്ട് വരുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ്. വിവാഹ ശേഷം മേനക അഭിനയം നിർത്തി. അന്നത് ട്രെൻഡായിരുന്നു. സിനിമയിൽ അഭിനയിക്കേണ്ട എന്നൊന്നും എനിക്കില്ലായിരുന്നു.
അവളുടെ താൽപര്യമായിരുന്നു. അതുകൊണ്ടുള്ള ഗുണം രണ്ട് കുട്ടികളെയും നന്നായി വളർത്താൻ പറ്റി എന്നതാണ്. ഇപ്പോൾ ആരെങ്കിലും വിളിച്ചാൽ ചിലപ്പോൾ മേനക അഭിനയിക്കും. അല്ലെങ്കിൽ അഭിനയിക്കില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. മകൾ കീർത്തി സുരേഷിന് ചെറുപ്പത്തിലേ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നു. കുബേരനിൽ ബാലതാരമായി കീർത്തി അഭിനയിച്ചിട്ടുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. 1987 ഒക്ടോബർ 27 നാണ് സുരേഷ് കുമാറും മേനകയും വിവാഹിതരാകുന്നത്.
അതേസമയം, സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനമെന്ന് സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ വൈസ് പ്രസിഡന്റാണ് സുരേഷ് കുമാർ. ജൂൺ ഒന്ന് മുതലാണ് സിനിമാ സമരം. ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ. അതുകൊണ്ട് അങ്ങനെയൊരു മണ്ടത്തരം താൻ കാണിക്കില്ല. തമാശ കളിക്കാനല്ല സിനിമയിലിരിക്കുന്നത്.
46 വർഷമായി സിനിമയിൽ ഉണ്ട്. ആന്റണിയെ താൻ കാണാൻ തുടങ്ങിയിട്ടും കുറേ വർഷങ്ങളായി. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം തൊട്ടേ അറിയാവുന്ന ആളാണ് ആന്റണി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ വിളിച്ച് പറയുകയോ ചെയ്യുന്ന ആളല്ല താൻ. ആന്റോ ജോസഫ് മെയ് വരെ ലീവെടുത്തിരിക്കുകയാണ്. വൈസ് പ്രസിഡണ്ട് എന്ന നിലയ്ക്കാണ് ആ യോഗത്തിൽ അധ്യക്ഷനായത്.
ആന്റണി ഒരു യോഗത്തിനും വരാറില്ല. അതാണ് ഇക്കാര്യങ്ങളൊന്നും അറിയാത്തത്. എംപുരാൻ ബജറ്റുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത് അതുമായി ഉത്തരവാദിത്തപ്പെട്ട ആളുകൾ തന്നോട് പറഞ്ഞതാണ്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. തന്നോട് പറഞ്ഞ കാര്യം പറഞ്ഞില്ലെന്നാണ് അവരിപ്പോൾ പറയുന്നത്. അതിന്റെ അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ലെന്നാണ് സുരേഷ് കുമാർ ആന്റണി പെരുമ്പാവൂരിന് മറുപടിയായി പറഞ്ഞത്.
