Malayalam
നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം; സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ
നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം; സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ
കഴിഞ്‍ കുറച്ച് ദിവസങ്ങളായി മലയാള സിനിമാ താരങ്ങളും നിർമാതാക്കളും തമ്മിലുള്ള പോര് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ് കോടി ക്ലബ്ബുകൾ നിർമാതാക്കളുടെ നുണക്കഥകളുമാണെന്ന സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച് പറഞ്ഞതും, അഭിനേതാക്കൾ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നതിനെ എതിർത്തതും, ഒരു സിനിമയും നൂറ് കോടി ക്ലബ്ബിൽ എത്തിയിട്ടില്ല എന്നുമൊക്കെ പറഞ്ഞ് പലരുടെയും വിദ്വേഷങ്ങൾക്ക് വഴിയൊരുക്കി.
ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് കൊണ്ട് പൃഥ്വിരാജും ഉണ്ണിമുകുന്ദനുമെല്ലാം എത്തിയതോടെ സിനിമാലോകത്തിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുകയായിരുന്നു. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായെത്തി.
എന്നാൽ ഇപ്പോഴിതാ സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ചിരിക്കുകയാണ് സാക്ഷാൽ മോഹൻലാൽ. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചുകൊണ്ട് മോഹൻലാലിന്റെ പ്രതികരണം. 56 വർഷം പഴക്കമുള്ള മോഹൻലാൽ – സുരേഷ് കുമാർ സൗഹൃദത്തിന് വിള്ളൽ വീണോ എന്നാണ് പലരും ചോദിക്കുന്നത്.
പ്രിയദർശൻ – മോഹൻലാൽ – സുരേഷ് കുമാർ എന്നത് മലയാളത്തിലെ ഹിറ്റ് സംവിധായകൻ – നായകൻ – നിർമാതാവ് കൂട്ടുകെട്ടാണ്. അത് മാത്രമല്ല ഇവരുടെ സൗഹൃദം. താൻ ഒരു നടനാകാനുള്ള കാരണം സുരേഷ് കുമാറാണ് എന്ന് മോഹൻലാൽ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. 1996 ൽ ഗവൺമെന്റ് മോഡൽ സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ ഇരുവരും സുഹൃത്തുക്കളാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി മോഹൻലാൽ അഭിനയിച്ചത് ദ കമ്പ്യൂട്ടർ ബോയ് എന്ന നാടകത്തിൽ അഭിനയിക്കുന്നത്.
നാടകത്തിൽ ഒരു വൃദ്ധനായിട്ടുള്ള കഥാപാത്രമായി ആണ് മോഹൻലാൽ എത്തിയത്. പിന്നാലെ ലാലിന് ബെസ്റ്റ് ആക്ടർ അവാർഡും കിട്ടി. അന്ന് താൻ അനുകരിച്ചത് സുരേഷ് കുമാറിന്റെ അപ്പൂപ്പനെയായിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. അത് മാത്രമല്ല, അഭിനയത്തോട് ഒട്ടും താത്പര്യമില്ലാതിരുന്ന മോഹൻലാലിന്റെ ബയോഡാറ്റ നവോദയിലേക്ക് അയച്ചുകൊടുത്തതും സുരേഷ് കുമാർ ആയിരുന്നു. അഞ്ചാം ക്ലാസിൽ തുടങ്ങിയ സൗഹൃദത്തിൽ 56 വർഷങ്ങൾ പിന്നിടുമ്പോഴാണ് ഇപ്പോഴൊരു അസ്വാരസ്യം പരസ്യമായി ഉണ്ടാകുന്നത്. ഇപ്പോൾ ഇങ്ങനെ പരസ്യമായി പ്രതികരിക്കാൻ മാത്രം ഇവർക്കിടയിൽ എന്ത് സംഭവിച്ചുവെന്നാണ് പലരും ചോദിക്കുന്നത്.
ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ. അതുകൊണ്ട് അങ്ങനെയൊരു മണ്ടത്തരം താൻ കാണിക്കില്ല. തമാശ കളിക്കാനല്ല സിനിമയിലിരിക്കുന്നത്. 46 വർഷമായി സിനിമയിൽ ഉണ്ട്. ആന്റണിയെ താൻ കാണാൻ തുടങ്ങിയിട്ടും കുറേ വർഷങ്ങളായി. മോഹൻലാലിന്റെ അടുത്ത് വരുന്ന സമയം തൊട്ടേ അറിയാവുന്ന ആളാണ് ആന്റണി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ വിളിച്ച് പറയുകയോ ചെയ്യുന്ന ആളല്ല താൻ. ആന്റോ ജോസഫ് മെയ് വരെ ലീവെടുത്തിരിക്കുകയാണ്. വൈസ് പ്രസിഡണ്ട് എന്ന നിലയ്ക്കാണ് ആ യോഗത്തിൽ അധ്യക്ഷനായത്.
ആന്റണി ഒരു യോഗത്തിനും വരാറില്ല. അതാണ് ഇക്കാര്യങ്ങളൊന്നും അറിയാത്തത്. എംപുരാൻ ബജറ്റുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത് അതുമായി ഉത്തരവാദിത്തപ്പെട്ട ആളുകൾ തന്നോട് പറഞ്ഞതാണ്. പറഞ്ഞത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. തന്നോട് പറഞ്ഞ കാര്യം പറഞ്ഞില്ലെന്നാണ് അവരിപ്പോൾ പറയുന്നത്. അതിന്റെ അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ലെന്നാണ് സുരേഷ് കുമാർ ആന്റണി പെരുമ്പാവൂരിന് മറുപടിയായി പറഞ്ഞത്.
